ജനുവരിയിലും ഒരാൾ ആമസോൺ കാട്ടിൽപെട്ടു! പുഴുക്കളെ തിന്ന് മൂത്രം കുടിച്ച് 31 ദിവസം
Mail This Article
ആമസോൺ കാടുകളിൽ വിമാനാപകടത്തെത്തുടർന്ന് അകപ്പെട്ടു പോയ 4 കുഞ്ഞുങ്ങളെ കൊളംബിയൻ സേന രക്ഷപ്പെടുത്തിയത് സമീപകാലത്തെ ഏറ്റവും ശ്രദ്ധേയമായ രാജ്യാന്തര വാർത്തകളിലൊന്നാണ്. 40 ദിവസങ്ങളാണ് ഈ കുരുന്നുകൾ ആമസോണിലെ ദുർഘടമായ പ്രകൃതിയെയും നിരവധി ഹിംസ്രജന്തുക്കളെയും അതിജീവിച്ച് കഴിച്ചുകൂട്ടിയത്. ഈ വർഷം മാർച്ച് തുടക്കത്തിലും സമാനമായ ഒരു രക്ഷപ്പെടൽ ആമസോണിൽ നടന്നിരുന്നു.
ലോകത്തിലെ ഏറ്റവും വലിയ കാടാണ് ആമസോൺ മഴക്കാടുകൾ. തെക്കേ അമേരിക്കൻ വൻകരയിൽ ബ്രസീൽ ഉൾപ്പെടെ രാജ്യങ്ങളിലായി പടർന്നു കിടക്കുന്ന ഈ കാട്ടുപ്രദേശത്ത് 31 ദിനങ്ങൾ മരണത്തെ മുന്നിൽ കണ്ടാണ് ആ വ്യക്തി ജീവിച്ചത്. വടക്കൻ ബൊളീവിയയിൽ വേട്ടയാടാനായി പോയ 30 വയസ്സുള്ള ജൊനാഥൻ അക്കോസ്റ്റയാണ് സിനിമകളെ വെല്ലുന്ന അനുഭവങ്ങളിലൂടെ കടന്നുപോയത്.
ഈ വർഷം ജനുവരി അവസാനവാരമാണ് കൂട്ടുകാർക്കൊപ്പം വടക്കൻ ബൊളീവിയയിലേക്കു പോയ അക്കോസ്റ്റ കൂട്ടംതെറ്റി ഒറ്റപ്പെട്ടത്. ബൊളീവിയ സ്വദേശികൂടിയാണ് അക്കോസ്റ്റ. ഇടതൂർന്ന ആമസോൺ മഴക്കാടിൽ മറ്റു മനുഷ്യരെ കാണാതെ വഴിയും ദിക്കുമറിയാതെ അക്കോസ്റ്റയ്ക്ക് 30 ദിനങ്ങളിലേറെ കഴിയേണ്ടിവന്നു. പുഴുക്കളും കാട്ടുപഴവും മറ്റു കീടങ്ങളുമായിരുന്നു അക്കോസ്റ്റയുടെ ആഹാരം.
ദാഹമകറ്റാൻ യാതൊരു മാർഗവും അക്കോസ്റ്റയ്ക്ക് ഇല്ലായിരുന്നു. മഴ പെയ്യാനായി അക്കോസ്റ്റ പ്രാർഥിച്ചിരുന്നു. ഒടുവിൽ ആ പ്രാർഥന ഫലിച്ചു. പെയ്ത മഴവെള്ളം തന്റെ റബർബൂട്ടിൽ ശേഖരിച്ച് അദ്ദേഹം കുടിച്ചു. എന്നാൽ താമസിയാതെ മാനം തെളിഞ്ഞു മഴപോയി. വെള്ളം കിട്ടാതെയായി. ഒടുവിൽ മറ്റു മാർഗമില്ലാതെ സ്വന്തം മൂത്രം കുടിക്കേണ്ടി വന്നു. പുള്ളിപ്പുലികളുൾപ്പെടെ വന്യജീവികളെ അദ്ദേഹം അഭിമുഖീകരിച്ചു.
പിന്നീട് ആമസോണിലെത്തിയ ഒരു തിരച്ചിൽ സംഘത്തെ 300 മീറ്റർ അകലെ നിന്ന് അക്കോസ്റ്റ കണ്ടെത്തി. സഹായം ചോദിച്ചുകൊണ്ട് അവർക്കരികിലേക്ക് അദ്ദേഹം കുതിച്ചു. അങ്ങനെയാണ് ആമസോണിൽ നിന്ന് അക്കോസ്റ്റ മോചിതനായത്. ഒരു മാസത്തെ കാട്ടുജീവിതം അക്കോസ്റ്റയുടെ ശരീരഭാരത്തിൽ നിന്നു 17 കിലോ കുറച്ചു. ശരീരത്തിൽ നിർജലീകരണം കാരണം പ്രശ്നങ്ങളുമുണ്ടായിരുന്നു. ഇപ്പോൾ ചികിത്സ കഴിഞ്ഞ് പൂർവ ആരോഗ്യത്തിൽ തിരിച്ചെത്തിയ അക്കോസ്റ്റ ഇനിയൊരിക്കലും വേട്ടയ്ക്കു പോകില്ലെന്ന് തീരുമാനമെടുത്തിട്ടുണ്ട്.
English Summary: Amazon jungle: Man survives 31 days by eating worms