കപ്പപ്പൊടി അന്ന് കേരളത്തിന്റെ പട്ടിണിയകറ്റി; ഇന്ന് ആ കുട്ടികളുടെ അതിജീവനാഹാരം: ആമസോൺ എങ്ങനെ ‘അമ്മ’സോണായി?
Mail This Article
ആമസോൺ എങ്ങനെ അമ്മസോണായി എന്ന ചോദ്യത്തിന് ഉത്തരം തേടലാണിത്. അമ്മസോണായി കാട് എന്ന തലക്കെട്ടിലാണ് മലയാള മനോരമ ആമസോണിലെ രക്ഷാദൗത്യം അവതരിപ്പിച്ചത്. കാട് ആ നാലു കുട്ടികൾക്കും 40 ദിവസം അമ്മയെപോലെ കരുതൽ ഒരുക്കി. ഒരു അരിക്കൊമ്പനും അവരെ കുത്തിമറിച്ചില്ല. പല്ലുകൊഴിഞ്ഞ ഒരു വയസ്സൻ കടുവയും അവരുടെ കഴുത്തിൽ ഉളിപ്പല്ലിറക്കിയില്ല. ആ കുട്ടികളും ശാന്തരായിരുന്നു. കാടിനെ നന്നായി അറിയുന്നവർ.
തീവ്രവെളിച്ചത്തിന്റെയും കഠോരശബ്ദത്തിന്റെയും പുറംലോകത്തു നിന്ന് അവർ ശാശ്വത രാത്രികളുടെ മനോഹാരിത കണ്ടറിഞ്ഞു. ശാന്തമൗനങ്ങളുടെ കാട് അവരുടെ ആധികൾക്കു മീതേ ഇളംകാറ്റായി. നക്ഷത്രങ്ങൾ അവർക്കു ദിശാബോധമേകി. കാറ്റിന്റെ ചിറകിലേറിയെത്തിയ പക്ഷികളും പുലരികളിലെ നിഴലുകളും അവർക്കു വഴികാട്ടി. വെളിച്ചത്തിന്റെ പരലുകളായി മിന്നാമിന്നികൾ അവർക്കു ചുറ്റും വട്ടമിട്ടുപറന്നിരിക്കാം.
മനുഷ്യസ്നേഹത്തിന്റെ മാതൃതുല്യമായ ഉറവകളെല്ലാം വറ്റിപ്പോകുന്ന കാലം. കാരുണ്യത്തിന്റെ മഴക്കാടുകളെല്ലാം മഴുവേറ്റു കത്തുന്ന പകലുകളും ഉഷ്ണരാത്രികളും. ഇതിനിടയിലും ലോകത്തിന്റെ ഹരിതതലക്കെട്ടായി ആമസോൺ എന്ന അമ്മസോൺ. അഥവാ അമേയ്സിങ് സോൺ.
ലോക ഉച്ചകോടികൾക്കൊന്നും സാധിക്കാതെ പോയ പാരിസ്ഥിതിക മനപരിവർത്തനത്തിലേക്ക് വേരോടിക്കാൻ അമ്മസോൺ എന്ന ഈ തലക്കെട്ടിനു കഴിഞ്ഞു. തലച്ചോറിലിത്തിരി കാടും മനസ്സിലിത്തിരി കവിതയുമൊക്കെ കൊണ്ടുനടക്കുന്ന പത്രാധിന്മാരുടെ എണ്ണം കുറഞ്ഞെങ്കിലും വംശനാശമില്ലെന്നു തെളിയിച്ച വാർത്താ അവതരണം.
കവചം പോലെ നിൽക്കും പ്രകൃതിയുടെ ആത്മാവ്
ദുരന്തങ്ങളെ വെല്ലുവിളികളോ നേരിടുമ്പോൾ പ്രകൃതി മാതാവ് കാവൽ നിൽക്കുമെന്ന ഗോത്ര സങ്കൽപ്പമാണ് ആദിവാസി സമൂഹങ്ങളെ മുന്നോട്ടു നയിക്കുന്നത്. അത് പശ്ചിമഘട്ടത്തിലായാലും ആമസോണിലായാലും മണ്ണിന്റെ മക്കൾ അങ്ങനെയാണ്. പേഗൻ വിശ്വാസമെന്നെല്ലാം പറഞ്ഞ് നമ്മൾ ഇതിനെ തള്ളിപ്പറഞ്ഞാലും ബ്രസീലിലും ഈ മാതൃസങ്കൽപ്പ വിശ്വാസം കുട്ടികളുടെ ജീവൻ നിലനിർത്താൻ സഹായകമായി. അമ്മസോൺ എന്ന് ആമസോണിനെ വിളിക്കാനുള്ള കാരണമിതാണ്. ഹിമാലയം കയറുന്ന ഷേർപ്പമാരും ഇതേ അനുഭവം പങ്കുവയ്ക്കുന്നതായി കേട്ടിട്ടുണ്ട്.
ആമസോണിലെ അതിജീവനം പ്രാക്തന ഗോത്ര കരുത്ത്
ആമസോണിലെ നാലു കുട്ടികൾ അവിടുത്തെ ആദിമ– പ്രാക്തന ഗോത്ര വർഗത്തിൽപെട്ടവരായിരുന്നു എന്നതാണ് അവരുടെ പ്രധാന അനുകൂല ഘടകം. തകർന്ന വിമാനത്തിലുണ്ടായിരുന്ന ഭക്ഷ്യപൊടികളും ഇടയ്ക്കിടെ മിന്നിമറഞ്ഞ തിരച്ചിൽ വിമാനങ്ങളിൽ നിന്നു താഴേക്കിട്ട് പൊട്ടിച്ചിതറിയ ഭക്ഷണപ്പൊതികളും അവരെ സഹായിച്ചു. കാട്ടിലെ പഴങ്ങളും വേരുകളും വെള്ളവുമെല്ലാം ഇതിനൊപ്പം ജീവൻരക്ഷാ നാളികളായി പ്രവർത്തിച്ചു.
ഏതൊക്കെ ഇലകളും കായ്കളും വേരുകളും വിത്തുകളുമാണ് ഭക്ഷ്യയോഗ്യമെന്ന തിരിച്ചറിവായിരുന്നു ഇതിൽ പ്രധാനം. ആമസോണുമായി ബന്ധപ്പെട്ട് പൂർവികരിൽ നിന്നു നൂറ്റാണ്ടുകളായി പകർന്നു ലഭിച്ച അറിവാണ് അവരെ അതിനു യോഗ്യരാക്കിയത്. കൊളംബിയൻ സംഘത്തോടൊപ്പം തിരച്ചിലിൽ പങ്കാളികളായ ആദിവാസി ഗോത്രക്കാരുടെ കാടറിവും കുട്ടികളെ കണ്ടെത്തുന്നതിൽ ഏറെ സഹായകമായതായി എഎഫ്പി വാർത്താ ഏജൻസിയുടെ റിപ്പോർട്ടിൽ പറയുന്നു.
അമ്മയുടെ ഉദരം മുതലേ ലഭിക്കുന്ന പ്രകൃതി ബന്ധവും അറിവുമാണ് ഈ രക്ഷപ്പെടലിനു പിന്നിലെ യാഥാർഥ്യമെന്ന് നാഷനൽ ഓർഗനൈസേഷൻ ഓഫ് ഇൻഡിജിനസ് പീപ്പിൾസ് ഓഫ് കൊളംബിയ എന്ന സംഘടന അഭിപ്രായപ്പെടുന്നു. കാടിനെ നന്നായി അറിയാവുന്നതിനാൽ കുട്ടികൾ പുറത്തുവരുമെന്നു തന്നെ ബന്ധുജനങ്ങൾക്ക് ഉറപ്പുണ്ടായിരുന്നു. പ്രകൃതി മാതാവായ കാടിന്റെ സുരക്ഷിതത്വത്തിൽ കാട് അവർക്ക് അമ്മസോൺ തന്നെയായി മാറിയത് അങ്ങനെയാണ്. കാടിന്റെ മക്കൾ എന്നാണ് അവരുടെ മുത്തച്ഛൻ കുട്ടികളെ വിശേഷിപ്പിക്കുന്നത്.
സൈന്യത്തിനും വഴികാട്ടിയ ഇൻഡിജിനസ് ട്രാക്കേഴ്സ്
തിരച്ചിൽ സംഘത്തിലും സൈന്യവും ആദിവാസികളായ 20 സന്നദ്ധ സേവകരും കൈകോർത്താണ് മുന്നോട്ടു നീങ്ങിയത്. ഇൻഡിജിനസ് ട്രാക്കേഴ്സ് എന്നാണ് ഇവരെ സൈന്യം വിശേഷിപ്പിച്ചത്. ഭാവിയിലെ സൈനീക രക്ഷാ നടപടികളിലും ഈ ആദിവാസി അറിവ് പ്രയോജനപ്പെടുത്തണമെന്ന പക്ഷക്കാരനാണ് പ്രസിഡന്റ് ഗുസ്താവോ പെട്രോ.
കപ്പപ്പൊടി: അന്ന് കേരളത്തിന്റെ പട്ടിണിയകറ്റി; ഇന്ന് ആമസോൺ കുട്ടികളുടെ അതിജീവനാഹാരം
തകർന്നു വീണ വിമാനത്തിലുണ്ടായിരുന്ന യൂക്കാ പൊടി തിന്നാണ് 1 മുതൽ 14 വരെ വയസ്സുള്ള കുട്ടികൾ അതിജീവിച്ചതെന്നു റിപ്പോർട്ടുണ്ട്. എന്താണ് യൂക്കാ പൊടി എന്നു ചോദിച്ചാൽ നമ്മുടെ കപ്പ (കസാവാ) പൊടി തന്നെ. ആമസോൺ മേഖലയിലെ ആദിവാസികൾ കഴിക്കുന്ന ഈ കപ്പപ്പൊടി മൂന്നു കിലോയോളം വിമാനത്തിലുണ്ടായിരുന്നു. ഇതു ദിവസവും അൽപ്പാൽപ്പം കഴിച്ച് ഇവർ കഴിഞ്ഞുവെന്നാണ് രക്ഷാപ്രവർത്തകർ പറയുന്നത്. ഒരു വയസ്സുകാരൻ ക്രിസ്റ്റിൻ രക്ഷപ്പെട്ടതാണ് എല്ലാവരെയും അത്ഭുതപ്പെടുത്തുന്നത്. കപ്പപ്പൊടി തീർന്നതോടെ കാട്ടിലെ ചില കായ്കളും വേരുകളും ഫലങ്ങളും മറ്റും തപ്പിപ്പിടിച്ച് കുട്ടികൾ തിന്നാൻതുടങ്ങി. സമീപത്തു തന്നെ വെള്ളവും കിട്ടി. ജീവൻ നിലനിർത്താൻ ഇതു സഹായിച്ചു.
കേരളത്തിൽ ആദ്യമായി കപ്പ എത്തുന്നത് ബ്രസീലിൽ നിന്നാണെന്നാണ് ചരിത്രം പറയുന്നത്. വിശാഖം തിരുന്നാൾ രാമവർമ രാജാവാണ് പട്ടിണിയകറ്റാൻ തിരുവിതാംകൂറിൽ കപ്പ എത്തിച്ചത്. ഏകദേശം 130 വർഷം മുൻപാണിതെന്നതും ചരിത്രം.
അസഹിഷ്ണുത: മനുഷ്യനും വന്യജീവിയും പോരാട്ടത്തിൽ
പരസ്പര വിശ്വാസത്തിന്റെ കഥയാണ് ആമസോണിനെ അമ്മസോണാക്കി മാറ്റിയത്. മനുഷ്യനും പ്രകൃതിയും തമ്മിലുള്ള പ്രാകൃതമായ ബന്ധത്തിന്റെ കഥ. ഒരു ഉറുമ്പുപോലും തന്റെ വളപ്പിനുള്ളിൽ കയറാൻ പാടില്ലെന്നു ശഠിക്കുന്ന നമ്മുടെ തലമുറയ്ക്കു മാതാവാം പ്രകൃതി നൽകിയ പുതിയൊരു സന്ദേശമാണ് ആമസോണിലെ അത്ഭുതം. ആനയോടും കടുവയോടും കരടിയോടും ഒപ്പം അതിജീവനം സാധ്യമാക്കിയതാണ് മുൻതലമുറയുടെ പ്രത്യേകത. എന്നാൽ ഇന്ന് മനുഷ്യൻ കൂടുതൽ ടെറിട്ടോറിയൽ സ്വഭാവം കാട്ടാൻ തുടങ്ങിയതോടെ മനുഷ്യ–വന്യജീവി സംഘർഷം ഒഴിയാബാധയായി മാറിയിരിക്കുന്നു.
ഈ വർഷത്തെ ലോക പരിസ്ഥിതി ദിനത്തേക്കാളേറെ ലോകം ആഘോഷമാക്കിയ ഈ അതിജീവന കഥ വലിയൊരു പാരിസ്ഥിതിക തിരിച്ചറിവിലേക്കുള്ള മടങ്ങിപ്പോക്കായി മാറിയെങ്കിൽ എന്ന് ആഗ്രഹിച്ചു പോകുന്നു.
കേരളത്തിലാണെങ്കിൽ എന്തു സംഭവിക്കുമായിരുന്നു?
ഇനി ഉന്നയിക്കുന്ന ചോദ്യം സാങ്കൽപ്പികമാണ്. കൊളംബിയൻ ആമസോണിൽ നടന്ന അത്ഭുതം നമ്മുടെ വനങ്ങളിലായിരുന്നെങ്കിലോ? ഭക്ഷണവും വെള്ളുമില്ലാതെ കേരളത്തിലെയോ രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിലെയോ വനങ്ങളിൽ അകപ്പെട്ടുപോയാൽ ഒരു സംഘത്തിന് എത്രകാലം കഴിയാനാവും. എന്തായാലും ഇതുപോലെയൊരു സാഹചര്യത്തിനു കേരളത്തിലെ വനങ്ങളിൽ സാധ്യതയില്ലെന്നതു തന്നെയാണ് യാഥാർഥ്യം. മൊബൈലിനു റേഞ്ചില്ലാത്ത വനമേഖലകളാണ് കേരളത്തിലേതെങ്കിലും ചിലയിടങ്ങളിൽ ബിഎസ്എൽഎൽ കിട്ടും. ജനവാസ മേഖലകൾ വ്യാപകമായി. അതിനാൽ ആരു കാട്ടിൽ കുടുങ്ങിയാലും രക്ഷിക്കാനാവും.
ഇനി അഥവാ 40 ദിവസം വനത്തിൽ അകപ്പെട്ടെന്നു കരുതിയാലോ? അത്രയ്ക്കങ്ങു പേടിക്കേണ്ടെന്നാണു വനം–പരിസ്ഥിതി മേഖലയുമായി ബന്ധപ്പെട്ടവരുടെ അഭിപ്രായം.
വേനലിലും വറ്റാത്ത കാട്ടുചോലകളാൽ സമൃദ്ധമാണ് നമ്മുടെ കാടുകൾ. ധാരാളം കിഴങ്ങുകളും മറ്റും ചുട്ടുകഴിക്കാം. പക്ഷെ ഇവയിൽ കഴിക്കാവുന്നതേതെന്ന് അറിയാവുന്നത് ആദിവാസികൾക്കു മാത്രം. ഫലവൃക്ഷങ്ങളുണ്ടെങ്കിലും അവയുടെയെല്ലാം തലപ്പുകൾ (കാനോപ്പി) അങ്ങ് ആകാശത്താണ്. പറിച്ചെടുത്തു തിന്നാനാവില്ല.
കാട്ടിൽ അകപ്പെട്ടാൽ വേണ്ടത് അൽപ്പം പുക
കാട്ടിൽ അകപ്പെട്ടു പോയാൽ നമ്മെ തിരഞ്ഞ് വ്യോമസേനയോ മറ്റോ വരുന്നെന്നു കരുതുക. അൽപ്പം ചപ്പും ചവറും കൂട്ടിയിട്ട് തീയിട്ടാൽ ഉയരുന്ന പുക തിരച്ചിൽ സേനയ്ക്ക് സൂചനയാകും. ഇത് രക്ഷാ ദൗത്യത്തിനു സഹായമാകും. അതുപോലെ രാവിലത്തെ സൂര്യപ്രകാശം കിഴക്കു ദിശയിൽ നിന്നാവും വരിക. കാട്ടിൽ വഴിതെറ്റിയാൽ ഈ നിഴൽ നോക്കി മുന്നോട്ടു പോവുക. നിഴൽ മാഞ്ഞാൽ പിന്നെ സഞ്ചാരം അവസാനിപ്പിക്കണം. അല്ലെങ്കിൽ ദിക്ക് തെറ്റും. തേക്കടി പെരിയാർ കടുവാ സങ്കേതത്തിലെ ഉൾവനങ്ങൾ ദിശ തെറ്റിക്കുന്ന തരത്തിലുള്ള നിബിഡ വനമാണ്. കേരളത്തിലെ ഏതു വനത്തിൽ നിന്നും രണ്ടോ മൂന്നോ ദിവസം കൊണ്ട് പുറത്തു കടക്കാം. തേക്കടിയിൽ നിന്നു കാട്ടിലേക്കു കയറുന്ന സംഘം വഴി തെറ്റിയാൽ ചിലപ്പോൾ തമിഴ്നാട്ടിലാവും ചെന്നിറങ്ങുക.
കാട് എന്നാൽ ജൈവ ജനികത വൈവിധ്യ കലവറ
ഇന്ന് നാട്ടിൽ താമസിക്കുന്ന ഒരാളെ സംബന്ധിച്ച് കാട്ടിലെ അതിജീവനം അസാധ്യകാര്യമാണ്. മരം കയറാൻ അറിയാവുന്നവരും നീന്തൽ അറിയാവുന്നവരും കുറവ്. പാറയും മലയും കയറാൻ സ്കൗട്ടിലും മറ്റും പരിശീലനം നൽകുന്നതു തന്നെ ഏതെങ്കിലുമൊരു സാഹചര്യത്തിൽ കാട്ടിൽ അകപ്പെട്ടാൽ രക്ഷപ്പെടാനാണ്. കാടിനോടു ചേർന്ന റിസോർട്ടുകളിൽ എല്ലാ സുഖസൗകര്യങ്ങളോടെയും താമസിച്ച് കാലിൽ മണ്ണു പറ്റാതെയും പുഴു കടിക്കാതെയും കഴിയുന്നതിനപ്പുറമെത്തുന്നില്ല ആധുനിക തലമുറയുടെ പാരിസ്ഥിതിക അവബോധം. കാട് എന്നാൽ കടുവയും ആനയും മാനും കുരങ്ങും ലക്ഷോപലക്ഷം വർഷം മുൻപ് പൊട്ടിമുളച്ച ചെറുതും വലുതുമായ സസ്യങ്ങളും മണ്ണും ജലവും സൂക്ഷ്മജീവികളുമെല്ലാം ചേരുന്ന ജൈവ ഉദ്യാനവും ജൈവ കലവറയുമാണെന്ന തിരിച്ചറിവില്ലാതെ പോകുന്നതാണ് ഇന്നത്തെ പ്രതിസന്ധി. ഭാവിയിലെ ഒരു മഹാമാരിക്കുള്ള പരിഹാര ഔഷധം ഈ കാട്ടിലെ ആദിമവും വന്യവുമായി ഒരു ചെടിയുടെ കോശങ്ങളിലായിരിക്കാം ഉള്ളത്.
പഠിക്കാം നക്ഷത്രങ്ങളെ നോക്കി ദിശയറിയാൻ
രാത്രിയിൽ ദിക്കറിയണമെങ്കിൽ നന്നായി നക്ഷത്ര നിരീക്ഷണം പരിശീലിക്കണം. ആകാശം മേഘാവൃതമായാൽ ഈ വിദ്യയും ഫലിക്കാതെ പോകും. പിന്നെ കാറ്റിന്റെയും ഒഴുക്കിന്റെയും അരുവികളുടെയും ദിശനോക്കി പുറം ലോകം തേടുക മാത്രമാണ് പോംവഴി. ഇതിനെല്ലാം കാടുമായുള്ള ആഴമായ ബന്ധവും കാടറിവും അനിവാര്യം. ഇതു കുറവായതിനാൽ കേരളത്തിലെയോ കർണാടകത്തിലെയോ വനത്തിൽ അകപ്പെട്ടാൽ പുറത്തേക്കു വരാൻ സമയമെടുക്കും.
ചാണകം മെഴുകിയ വീട്ടിലെ തറയിൽ വെറുതെ കിടന്നിട്ടുള്ളവർ ഇല്ലേയില്ല. ഓലപ്പുരയുടെ ദ്രവിച്ച വിടവുകളിലൂടെ വിരുന്നു വരുന്ന ചുവന്ന കുഞ്ഞട്ടയും പഴുതാരയുമൊക്കെ എന്തൊരു ദുരന്തങ്ങളെന്നു കരുതുന്ന നമുക്ക് ഒരു പാമ്പിനെ കണ്ടാൽ എന്തു ചെയ്യണമെന്ന് അറിയില്ല. കാടിന് ഗന്ധവും നിശബ്ദതയിൽ ഒളിപ്പിച്ച രഹസ്യങ്ങളുമുണ്ട്. ഇതു തിരിച്ചറിയാൻ വേണ്ടതു പരിശീലനവും കാടറിവും.
ചുരമിറങ്ങാത്ത രഹസ്യങ്ങൾ ഏറെ
ഈ അതിജീവന രഹസ്യം നന്നായി അറിയാവുന്നവരാണ് നമ്മുടെ ആദിവാസി പ്രാചീന ഗോത്ര വർഗങ്ങൾ. വയനാട്ടിലെയും മൂഴിയാറിലെയും നിലമ്പൂരിലെയും വനങ്ങളിലെ പല ആദിവാസി സമൂഹങ്ങളും ഇന്ന് നാട്ടിലെ റേഷനും മറ്റ് ഭക്ഷണവും കഴിച്ചാണ് ജീവിക്കുന്നതെങ്കിലും വിരലിൽ എണ്ണാവുന്ന ചില ഗോത്രവംശജർ ഇന്നും തേനും തിനയും കാട്ടുകിഴങ്ങുകളും തിന്ന് ജീവിക്കുന്നു എന്നത് നമ്മെ അത്ഭുതപ്പെടുത്തിയേക്കാം. കാട്ടാനയും കടുവയും രാജവെമ്പാലയുമായെല്ലാം വഴിയും ഇടവും പങ്കുവയ്ക്കുന്ന ഇവരെ ഈ ജീവികൾ ഒന്നും ആക്രമിച്ചതായി കേൾക്കുന്നില്ല. കാട്ടിൽ എല്ലാറ്റിനും അതിരും നിയമങ്ങളും പരസ്പര ബഹുമാനവുമുണ്ട്. അസഹിഷ്ണുതയോടെ അതിവേഗം നീങ്ങുന്ന നമുക്ക് കാട്ടിലെ ഈ അലിഖിത അതിജീവന ധാരണകളെപ്പറ്റി അറിവില്ല. നമുക്ക് അതെല്ലാം അന്ധവിശ്വാസങ്ങളോ കാടൻ പരിപാടികളോ മാത്രം. ഇതിനു പിന്നിലെ ശാസ്ത്രം അന്വേഷിച്ച് കാനഡയിലെ സർവകലാശാലയിൽ നിന്ന് വയനാട്ടിലെത്തി പഠനം നടത്തിയ മലയാളി വനിതയുടെ ഗവേഷണ പഠനം ഓരോ മലയാളിയും മനസ്സിരുത്തി വായിക്കണം. നമ്മുടെ പഴയ തലമുറയ്ക്കും ഈ അവബോധമുണ്ടായിരുന്നു. ആധുനിക സമൂഹത്തിന് ഇതു വല്ലാതെ നഷ്ടപ്പെട്ടു.
ചേനയും ചേമ്പും നെല്ലും കണ്ടാൽ തിരിച്ചറിയാത്തവർ
ഇവിടെ സ്ഥിതി എന്താണ്? ചേനയും ചേമ്പും ഇലകൊണ്ട് തിരിച്ചറിയാൻ പോലുമറിയാത്ത തലമുറ നമുക്കിടയിൽ വളരുന്നു. നെല്ല് കണ്ടിട്ടില്ലാത്തവർ, പാൽ തരുന്ന പശുവിനെ ഒരിക്കൽ പോലും കണ്ടിട്ടില്ലാത്തവർ, കിണറ്റിൽ നിന്നോ അരുവിയിൽ നിന്നോ ഒരിക്കലും വെള്ളം എടുത്തിട്ടില്ലാത്തവർ എന്നിങ്ങനെ പോകുന്നു നമ്മുടെ പുതിയ അവസ്ഥ. കൂണുകൾ തന്നെ പലതരമുണ്ട്. തലേ ദിവസത്തെ ഇടിമിന്നലും മഴയും കഴിഞ്ഞ് രാവിലെ തൊടിയിലോ പുരയിടത്തിലോ തലപൊക്കി നിൽക്കുന്ന അരീക്കൂണോ വലിയ കൂണോ ഭക്ഷ്യയോഗ്യമാണോ അല്ലയോ എന്ന തിരിച്ചറിവ് പോയ തലമുറയ്ക്ക് ഉണ്ടായിരുന്നു. അഥവാ എന്തെങ്കിലും പ്രശ്നം ഉണ്ടെങ്കിൽ തന്നെ ചട്ടിയിൽ കിടന്നു തിളയ്ക്കുന്ന സയമത്ത് അൽപ്പം പച്ചമഞ്ഞളോ മഞ്ഞൾപ്പൊടിയോ വിതറിയാൽ അധികം പേടിക്കേണ്ട എന്നതും അവരുടെ കൈവെള്ളയിലെ അറിവായിരുന്നു.
കാടിന്റെ അതിർത്തി പ്രദേശത്ത് പ്ലാവു വച്ചാൽ വന്യജീവികൾ വരുമെന്ന് അറിയാവുന്ന തലമുറയായിരുന്നു അന്നത്തേത്.
കക്കി വനത്തിലെ വിമാനത്തിരച്ചിൽ
1983 കാലത്താണെന്നാണ് ഓർമ. മൂഴിയാർ ജലവൈദ്യുത പദ്ധതിയുടെ ഭാഗമായ കക്കി വനത്തിൽ തകർന്നു വീണ പരിശീലന വിമാനം കണ്ടെത്താൻ രണ്ടാഴ്ച്ചത്തെ തിരച്ചിൽ വേണ്ടിവന്നു. ഒടുവിൽ ചോരകക്കി വനമേഖലയിലാണ് ഇത് കണ്ടെത്തിയത്. ഓരോ ദിവസവും റാന്നിയിലെ ബേസ് ക്യാംപിൽ നിന്ന് പുറപ്പെടുന്ന തിരച്ചിൽ സംഘം വൈകുന്നേരത്തോടെ തിരികെയെത്തുകയായിരുന്നു എന്നാണ് അന്നു വായിച്ചതെന്നാണ് ഓർമ. ഇന്നും ആ വിമാനത്തിന്റെ അവശിഷ്ടങ്ങൾ അവിടെയെവിടെയോ ചിതറി കിടക്കുന്നുണ്ടാകാം. മറയൂരിലും പാലക്കാട്ടും ഒക്കെ ഇത്തരം വിമാന അവശിഷ്ടങ്ങൾ ഉണ്ടെന്നും പറയപ്പെടുന്നു.
ഭ്രാന്തം ഈ ഏകാന്തത
ഏകരായിരിക്കാൻ മനുഷ്യന് കഴിയില്ല. അതിനാണ് പണ്ട് ഏദൻ തോട്ടത്തിൽ വച്ച് ആദമിനു കൂട്ടായി ഹവ്വയെ നൽകിയതെന്നാണ് മതവിശ്വാസം. എന്നാൽ ഇന്നോ? മൊബൈലോ സാമൂഹിക മാധ്യമങ്ങളോ ഇല്ലാതെ ഒരു നിമിഷം പോലും ഇരിക്കാൻ പറ്റാത്ത മനുഷ്യന് 40 ദിവസം കാട്ടിൽ ഏകാന്തമായി കഴിയാനാവുമോ? ക്രിസ്തു മരുഭൂമിയിൽ 40 ദിവസമാണ് ഉപവസിച്ചത്. പക്ഷെ ആധുനികരായ നമ്മളെ ഏകാന്തത ഭ്രാന്തുപിടിപ്പിക്കുന്ന സ്ഥിതിയാണ്.
ഈ ഏകാന്തത തേടിയാണ് ഋഷീശ്വരന്മാർ വനാന്തരങ്ങളും ഗുഹാമുഖങ്ങളും ഹിമാലയം പോലെയുള്ള മഹാപർവതങ്ങളുടെയും ഉള്ളറിയാൻ പോയത്. രമണ മഹർഷിയുടെ ഏകാന്തവിദ്യാലയമായിരുന്നു തിരുവണ്ണാമല. അസീസിയിലെ ഫ്രാൻസിസും ഇത്തരത്തിൽ ഏകാന്തതയെ തേടിയവരാണ്. പക്ഷെ കാടിനെ അറിയുന്നവരും യഥാർഥമായി അറിയാനാഗ്രഹിക്കുന്നവരും കുറവാണ്. എസ് യുവികളിൽ കാടിനുള്ളിലേക്ക് എവിടെവരെ പോകാമെന്നാണ് നമ്മുടെ അന്വേഷണം.
English Summary: Jungle know-how, connect with nature helped kids survive 40-day Amazon ordeal