ADVERTISEMENT

മണ്ണിൽ നനവുകണ്ടാൽ കണ്ണിൽ പൊന്നു മിന്നുന്നവരാണ് പൂഞ്ഞാറുകാർ. ഒരു വിത്തുമതി അവർക്കൊരു വനം തീർക്കാ‍ൻ. പൂഞ്ഞാറിന്റെ പച്ചപ്പുനിറഞ്ഞ ‘ഭൂമിക’യിലൂടെ ഒരു യാത്ര...

‘‘ആ വിത്ത് നീ എന്തു ചെയ്തു..?

ഏതു വിത്ത്?

രക്തനക്ഷത്രം പോലെ 

കടുംചെമപ്പായ ആ വിത്ത്...

ഓ, അതോ..

അതെ. അതെന്തു ചെയ്തു?

തിടുക്കപ്പെട്ട് അന്വേഷിക്കുന്നതെന്തിന്?

ചവിട്ടിയരച്ചു കള‍ഞ്ഞോ എന്നറിയാൻ..

കള‍ഞ്ഞെങ്കിലെന്ത്?

ഓ, ഒന്നുമില്ല..നിനക്കത് ആ 

‘വിത്തുകൊട്ട’യിൽ കൊണ്ടുപോയി 

ഇടാമായിരുന്നു!!!

വൈക്കം മുഹമ്മദ് ബഷീറിന്റെ ‘പ്രേമലേഖന’ത്തിന്റെ അരുവിത്തുറ കോളജ് വേർഷൻ ഇങ്ങനെയാണ്! മഴ മൂടിപ്പുതച്ചുറങ്ങിയ ഒരു പുലരിയിൽ സെന്റ് ജോർജസ് കോളജിലെത്തുമ്പോൾ അവിടെ നൂറ്റൊന്നാമത്തെ ‘വിത്തുകൊട്ട’ നടക്കുകയാണ്. കമണ്ഡലു മുതൽ കടുക് വരെ നിരന്നിരിക്കുന്നു. ഇഷ്ടമുള്ളതു കൊണ്ടുവയ്ക്കാം. ഇഷ്ടമുള്ളത് എടുക്കാം. പൂഞ്ഞാറിലും പരിസരങ്ങളിലും ജൈവവൈവിധ്യത്തിന്റെ വിപ്ലവം തീർത്ത ‘ഭൂമിക’ കൂട്ടായ്മയുടെ നേതൃത്വത്തിലുള്ളതാണ് ഈ പരസ്പര വിത്തുവിതരണം. ഈ ആശയത്തിനു വിത്തുവിതച്ച എബി ഇമ്മാനുവലിന്റെ കൂടെയാണ് ഈ പകൽ.

വിത്തിൽ വിരിഞ്ഞ വൻമരം

ഭൂമികയുടെ പൂഞ്ഞാർ തെക്കേക്കരയിലുള്ള ഓഫിസിലേക്കു ചെല്ലുമ്പോൾ ചുമരിൽ വരവേൽക്കുന്നത് മഹാത്മാ ഗാന്ധിയുടെ വാക്യമാണ്. ‘‘സ്വന്തം ദൗത്യത്തിൽ അചഞ്ചലമായ വിശ്വാസമുള്ള ഒരു ചെറിയസംഘം ആളുകൾക്ക് ചരിത്രത്തിന്റെ ഗതിയെ തിരിച്ചുവിടാൻ കഴിയും..’’. ഭൂമിക എന്ന തായ്‌വേരിൽനിന്നു പടർന്ന തണലുകൾ അതിനു സത്യം നിൽക്കുന്നു. നാട്ടുപച്ച നേറ്റീവ് വിൻഡോ, സിറ്റിസൻസ് ക്ലൈമറ്റ് എജ്യുക്കേഷൻ സെന്റർ, പൂഞ്ഞാർ ടൂറിസം പെർസ്പക്ടിവ്... പച്ച പിടിച്ച കുറെ മനുഷ്യർ തീർക്കുന്ന നനവിന്റെയും നിറവിന്റെയും മാതൃകകളുണ്ടിവിടെ.

മലയിഞ്ചിപ്പാറ സെന്റ് ജോസഫ്സ് യുപി സ്കൂളിലെ പൂന്തോട്ടം. (ചിത്രം: റിജോ ജോസഫ് ∙മനോരമ)
മലയിഞ്ചിപ്പാറ സെന്റ് ജോസഫ്സ് യുപി സ്കൂളിലെ പൂന്തോട്ടം. (ചിത്രം: റിജോ ജോസഫ് ∙മനോരമ)

മാങ്കോസ്റ്റിൻ ഇൻസ്റ്റന്റ് ഹിറ്റ്

പൂഞ്ഞാർ ടൗണിലെ നാട്ടുപച്ച നേറ്റീവ് വിൻഡോയിൽ ‘ജാക്അപ്പ്’ കൂട്ടായ്മയുടെ ചക്ക വരട്ടിയുണ്ട്, ‘ബനാന ബഡ്സി’ന്റെ വാഴച്ചുണ്ട് അച്ചാറുണ്ട്, ‘നക്ഷത്ര’യുടെ ഉണ്ണിയപ്പമുണ്ട്. പക്ഷേ ഇന്നത്തെ താരം നോബിച്ചേട്ടന്റെ മാങ്കോസ്റ്റിൻ ആണ്. പർപ്പിൾ നിറത്തിൽ തുടുത്തു നിൽക്കുന്ന പഴത്തിനു കിലോഗ്രാമിനു വില 100 രൂപ മാത്രം. ഊണുകഴിച്ചു തിരിച്ചുവന്നപ്പോൾ കുട്ട കാലി! ഇനി സ്റ്റോക്കുണ്ടോ എന്നറിയാൻ നോബിച്ചേട്ടനെ വിളിക്കുകയാണ് വിൻഡോയുടെ നടത്തിപ്പുകാരൻ രജിത്. അഞ്ച് നേറ്റീവ് വിൻഡോകളാണ് പൂഞ്ഞാറിലും സമീപത്തുമായി ഉള്ളത്. ഭൂമികയുടെ കീഴിലുള്ള കൂട്ടായ്മകളുടെ ഉൽപന്നങ്ങൾ കൂടാതെ കർഷകർ ഫ്രഷായി കൊണ്ടുവരുന്ന എന്തും വിൻഡോയിൽ വിൽപനയ്ക്കു വയ്ക്കാം. വിറ്റുതീർന്നാൽ 90 ശതമാനം ലാഭവും കർഷകനു തന്നെ.

ഗൗരാമി എന്ന ഓമനമീൻ

ഇൻഷുറൻസ് ജോലി ഉപേക്ഷിച്ച് മനു മാനുവൽ നാട്ടിൽ തിരിച്ചെത്തിയത് അത്ര ഗാരന്റിയില്ലാത്ത ഒരു കൃഷിക്കു വിത്തുവിതയ്ക്കാനാണ്. ഗൗരാമി കൃഷി. ‘ഹോം’ എന്ന സിനിമയിലെ കഥാപാത്രങ്ങളിലൊരാളായ അക്വേറിയം ഫിഷ് തന്നെ.ഭക്ഷണത്തിനായും അലങ്കാരമത്സ്യങ്ങളായും വളർത്തുന്ന ഗൗരാമികളെ പൂഞ്ഞാറിൽ ബ്രീഡ് ചെയ്തെടുക്കുന്നവരിൽ ഒരാളാണു മനു. വീടിനോടു ചേർന്നുള്ള കരിമ്പാറക്കെട്ടാണ് പൂഞ്ഞാർ ബ്രാൻഡ് ഗൗരാമികൾ ആദ്യം പിറവിയെടുത്ത സ്ഥലങ്ങളിലൊന്ന്. ആ വെള്ളക്കെട്ടിനു പുറത്തേക്കു തുള്ളിച്ചാടിയ ഗൗരാമികൾ ഇപ്പോൾ പൂഞ്ഞാറിൽ എല്ലായിടത്തുമുണ്ട്. 

കുന്നോന്നിയിൽ‍ അരുണിന്റെ വീട്ടുപറമ്പിലെ ഹോം സ്റ്റേ. മുൻപ് ഇതൊരു ആട്ടിൻകൂടായിരുന്നു. (ചിത്രം: റിജോ ജോസഫ് ∙മനോരമ)
കുന്നോന്നിയിൽ‍ അരുണിന്റെ വീട്ടുപറമ്പിലെ ഹോം സ്റ്റേ. മുൻപ് ഇതൊരു ആട്ടിൻകൂടായിരുന്നു. (ചിത്രം: റിജോ ജോസഫ് ∙മനോരമ)

കുന്നോന്നിയിലുള്ള അരുണിന്റെ ഫാമിൽ ചെന്നപ്പോൾ അവിടെ ഒന്നല്ല, ഒരു നൂറ് ഗൗരാമിക്കുളങ്ങളുണ്ട്. വീടിനോടു ചേർ‌ന്നുള്ള പറമ്പ് വ്യത്യസ്തമായ രീതിയിൽ ഒരു ഫാം ഹൗസാക്കി മാറ്റാനുള്ള തയാറെടുപ്പിലാണ് അരുൺ. അരുണിന്റെ ഭാവനാശേഷി അവിടെക്കണ്ടു. പച്ചപ്പുൽ പതിഞ്ഞ ബാഡ്മിന്റൻ കോർട്ടിനപ്പുറമുള്ള സുന്ദരമായ ഹോം സ്റ്റേ മുൻപൊരു ആട്ടിൻകൂടായിരുന്നു!

കുലുക്കിച്ചെടി; മിടുക്കിച്ചെടി

മനോരമയുടെ ‘നല്ലപാഠം’ പുരസ്കാരം നേടിയിട്ടുള്ള മലയിഞ്ചിപ്പാറ സെന്റ് ജോസഫ്സ് യുപി സ്കൂളിൽ ചെന്നാൽ ഒരു പൂന്തോട്ടത്തിലെത്തിയ പോലെ തോന്നാം. പൂക്കളും പൂമ്പാറ്റകളും കുട്ടികളും ഒരു പോലെ ഉല്ലസിച്ചു പാറിനടക്കുന്നു. കൂട്ടത്തിൽ ഒരു ചെടിക്കു ചുറ്റും പൂമ്പാറ്റകളുടെ മഹാസമ്മേളനം. പുള്ളിവാലൻ മുതൽ മഞ്ഞപ്പാപ്പാത്തി വരെയുണ്ട്. കാരണം എബി വിശദീകരിച്ചു തന്നു: കിലുക്കിച്ചെടിയാണത്. പൂമ്പാറ്റകളെ വശീകരിക്കുന്ന മിടുക്കിച്ചെടി!

പൂഞ്ഞാറിന്റെ ആമസോൺ

ആമസോൺ നദി പോലെ പൂഞ്ഞാറിനെ ചുറ്റിയൊഴുകുന്ന പൂഞ്ഞാർ-എരുമേലി സംസ്ഥാന പാതയ്ക്കു ചേർന്ന് ഒരു ആമസോൺ കാടുമുണ്ട്– വനസ്ഥലി. പാരമ്പര്യസ്വത്തായി ലഭിച്ച ആറേക്കർ ഭൂമിയിൽ പച്ചമരക്കാടു തീർത്തത് എബിയുടെ പേരപ്പൻ പൂണ്ടിക്കുളം ദേവസ്യ സെബാസ്റ്റ്യൻ. ദേവസ്യാച്ചനും ഭാര്യ കുഞ്ഞമ്മയും മക്കളെപ്പോലെ വളർത്തിയ മരങ്ങൾ എബിക്കു ‘കസിൻസ്’ ആണ്. അതിൽ കാഞ്ഞിരവും കരിന്തകരയുമുണ്ട്. ലിച്ചിയും ഞാവലുമുണ്ട്. രുദ്രാക്ഷവും ഏഴിലംപാലയുമുണ്ട്. ‘മക്കളുടെ’ തണലിൽ, കാടിനുനടുവിലുള്ള വീട്ടിലായിരുന്നു ദേവസ്യാച്ചനും കുഞ്ഞമ്മയും താമസം.

വനസ്ഥലി: കാടിനു നടുവിലൊരു വീട്. (ചിത്രം: റിജോ ജോസഫ് ∙മനോരമ)
വനസ്ഥലി: കാടിനു നടുവിലൊരു വീട്. (ചിത്രം: റിജോ ജോസഫ് ∙മനോരമ)

ഇലുമ്പൻ, സൊയമ്പൻ

‘നമുക്കോരോ ഇലുമ്പൻ ജൂസ് കാച്ചിയാലോ..’– എബി ചോദിക്കുന്നു. വണ്ടി നേരെ കുട്ടിയമ്മച്ചേച്ചിയുടെ വീട്ടിലേക്ക്. ചക്കയിൽ നിന്നുള്ള മൂല്യവർധിത ഉൽപന്നങ്ങൾ നിർമിക്കുന്ന ‘ജാക്ക്അപ്പ്’ കൂട്ടായ്മയിലെ പ്രധാന അംഗങ്ങളിലൊരാളാണ് ചേച്ചി. വീടു തന്നെയാണ് ഉൽപാദന കേന്ദ്രം.  അടുക്കളയോടു ചേർന്നു ഡ്രയർ സ്ഥാപിച്ചിട്ടുണ്ട്. ചക്ക മാത്രമല്ല. മാങ്ങയും തേങ്ങയും മുതൽ ഇറച്ചി വരെ ഉണക്കാം.  നല്ല മൊരിഞ്ഞ ചക്കപ്പൊരിയും ഒരു ഗ്ലാസ് ഇലുമ്പൻ ജൂസും കൂടിയായപ്പോൾ പെട്രോൾ അടിച്ച പോലെയായി. ഇനി വണ്ടി തിരിക്കാം..

എബി ഇമ്മാനുവൽ അരുവിത്തുറ കോളജിലെ ‘വിത്തുകുട്ട’യിൽ. (ചിത്രം: റിജോ ജോസഫ് ∙മനോരമ)
എബി ഇമ്മാനുവൽ അരുവിത്തുറ കോളജിലെ ‘വിത്തുകുട്ട’യിൽ. (ചിത്രം: റിജോ ജോസഫ് ∙മനോരമ)

കുട്ടിയമ്മചേച്ചിയുടെ അടുപ്പിൻതിണ്ണയ്ക്കു താഴെ ഒരു കോവയ്ക്കച്ചെടി വേരുപിടിച്ചിട്ടുണ്ട്. ഒറ്റവെട്ടിനു തീരേണ്ട ഒരു പാവം വള്ളി. പക്ഷേ ഒരു ഇഷ്ടിക മാറ്റി അതിനു മേലേക്കു വളരാൻ വഴിയൊരുക്കിയിരിക്കുന്നു. ജീവൻ തിരിച്ചുകിട്ടിയ സന്തോഷത്തിൽ നിറയെ കോവയ്ക്കയുമായി ചിരിച്ചു നിൽക്കുന്നു ചെടി...

എബി ഇമ്മാനുവലിന്റെ നമ്പർ: 9400213141.

Content Highlights: Poonjar, Aruvithura college, Farm

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com