ADVERTISEMENT

ഛത്തീസ്ഗഡിലെ കോർബ ജില്ലയിലെ ട്രാൻസ്പോർട്ട് നഗർ മേഖലയിൽ കണ്ടെത്തിയ അപൂർവയിനം അണ്ണാനെ കാണാൻ വൻ ജനത്തിരക്ക്. പറക്കുന്ന ഇനത്തിൽപ്പെട്ട അണ്ണാനാണ് ട്രാൻസ്പോർട്ട് നഗറിലെ ജനവാസ മേഖലയിൽ എത്തിയത്. ട്രക്ക് ഡ്രൈവർമാരാണ് അപൂർവ ജീവിയെ ആദ്യം കണ്ടെത്തിയത്. 

ട്രക്കുകളിൽ ഒന്നിൽ ഒളിച്ചിരുന്ന അണ്ണാനെ കോർബയിലെത്തിയപ്പോഴാണ് ഇവർ കണ്ടത്. എന്നാൽ ഇത് എന്തുജീവിയാണെന്ന് ഇവർക്ക് തിരിച്ചറിയാനായില്ല. തുടർന്ന് മറ്റുള്ളവരോട് പറഞ്ഞതോടെ സംഭവം ആ പ്രദേശമൊട്ടാകെ അറിഞ്ഞു. ഇതിനിടെ ചിലർ വനം വകുപ്പിന് കീഴിലുള്ള വന്യജീവി സംരക്ഷണ സംഘത്തെയും വിവരം അറിയിച്ചിരുന്നു. ഇതേത്തുടർന്ന് വനംവകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി. ഉദ്യോഗസ്ഥരാണ് ഒടുവിൽ ഈ ജീവി പറക്കുന്ന ഇനത്തിൽപ്പെട്ട അണ്ണാനാണെന്ന് അറിയിച്ചത്.

മരക്കൊമ്പിൽ രക്ഷതേടിയിരുന്ന അണ്ണാനെ ഒടുവിൽ വനംവകുപ്പ് പിടികൂടുകയും ചെയ്തു. വനമേഖലയിൽ കൂടി വരുന്നതിനിടെ അണ്ണാൻ ട്രക്കിൽ കയറിയതാകാമെന്നാണ് നിഗമനം. അണ്ണാന് ആരോഗ്യപ്രശ്നങ്ങൾ ഒന്നുമില്ലെന്ന് തിരിച്ചറിഞ്ഞതിനെ തുടർന്ന് വനമേഖലയിൽ തുറന്നുവിട്ടു. 

ചിത്രം: എഎൻഐ
ചിത്രം: എഎൻഐ

പറക്കുന്ന അണ്ണാനെന്നാണ് വിളിപ്പേരെങ്കിലും ഇവ യഥാർത്ഥത്തിൽ പക്ഷികളെ പോലെ പറക്കുന്നവയല്ല. സാധാരണ അണ്ണാന് ഒരു കൊമ്പിൽ നിന്നും മറ്റൊന്നിലേക്ക് ചാടാൻ മാത്രമാണ് സാധിക്കുന്നതെങ്കിൽ ഇവയ്ക്ക് മുൻകാലുകളും പിൻകാലുകളും തമ്മിൽ ബന്ധിപ്പിക്കുന്ന ചിറകു പോലെയുള്ള രോമം നിറഞ്ഞ ശരീരഭാഗം ഉപയോഗിച്ച് വായുവിലൂടെ തെന്നി നീങ്ങാനാകുന്നു. വലിപ്പവും ഇനവും അനുസരിച്ച് 150 മുതൽ 500 അടി വരെ ദൂരത്തിൽ അവയ്ക്ക് നീങ്ങാനാകും. 

ഇന്ത്യയിൽ കണ്ടുവരുന്ന ഇന്ത്യൻ ജയിന്റ് ഫ്ലയിങ് സ്കുരൽ ഇനത്തിന് ശരാശരി 43 സെന്റിമീറ്റർ നീളമാണുള്ളത്. എന്നാൽ ഇവയുടെ വാലിനു മാത്രം 50 മുതൽ 52 സെന്റിമീറ്റർ വരെ നീളവും ഉണ്ടാവും. ചാര നിറത്തിലോ കറുപ്പ് നിറത്തിലോ ആണ് ഇന്ത്യയിൽ പറക്കുന്ന അണ്ണാനെ കാണാൻ സാധിക്കുന്നത്.

English Summary: Chhattisgarh: People flock to see rare flying squirrel in Korba

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com