ADVERTISEMENT

അറ്റ്ലാന്റിക് സമുദ്രത്തിന്റെ അടിത്തട്ടിൽ ആഡംബര കപ്പലായ ടൈറ്റാനിക്കിന്റെ അവശിഷ്ടങ്ങൾ കാണാനുള്ള യാത്രയ്ക്കിടെ കടലിൽ കാണാതായവർക്കായുള്ള തിരച്ചിൽ തുടരുകയാണ്. ടൈറ്റൻ എന്ന സബ്മെർസിബിളിൽ അഞ്ചുപേരാണ് യാത്ര ചെയ്തത്. 12,500 അടി ആഴത്തിലാണ് പേടകം കാണാതായിരിക്കുന്നത്. ഒരു ദിവസത്തേക്കുള്ള പ്രാണവായു മാത്രമാണ് പേടകത്തിൽ ഇനിയുള്ളത്. കാണാതായവരിൽ ഇന്ത്യയ്ക്കും പ്രിയപ്പെട്ട ഒരാൾ ഉണ്ട്. ഹാമിഷ് ഹാർഡിങ്! നമീബിയയിൽ നിന്ന് ഇന്ത്യയിലേക്ക് ചീറ്റകളെ എത്തിക്കാൻ ബ്രിട്ടിഷ് വ്യവസായിയായ ഹാമിഷിന്റെ സഹകരണവും ഉണ്ടായിരുന്നു.

പതിറ്റാണ്ടുകൾക്ക് ശേഷമാണ് ഇന്ത്യൻ മണ്ണിലേക്ക് ചീറ്റകളെത്തിയത്. ചീറ്റകളെ ഇന്ത്യയിലെത്തിക്കാനുള്ള പദ്ധതിയുടെ തുടക്കമെന്ന നിലയിൽ കഴിഞ്ഞ വർഷം സെപ്റ്റംബറിൽ നമീബിയിൽനിന്ന് എട്ടു ചീറ്റകളെ എത്തിച്ച പദ്ധതിയിലാണ്, ഹാമിഷ് ഹാർഡിങ്ങിന്റെ സഹകരണമുണ്ടായിരുന്നതെന്ന് പിടിഐ റിപ്പോർട്ട് ചെയ്തു. ഈ പദ്ധതിയെക്കുറിച്ച് ഹാർഡിങ് സമൂഹമാധ്യമങ്ങളിലും പങ്കുവച്ചിരുന്നു. ചീറ്റകളെ ഇന്ത്യയിലേക്കു കൊണ്ടുവന്ന വിമാനത്തിന്റെ മുൻപിൽനിന്ന് ഹാമിഷ് ഹാർഡിങ് വിഡിയോയും പങ്കുവച്ചിരുന്നു. ഈ പദ്ധതിയുമായി സഹകരിക്കാൻ സാധിച്ചതിൽ സന്തോഷം രേഖപ്പെടുത്തിക്കൊണ്ടുള്ളതാണ് വിഡിയോ.

കുനോ ദേശീയോദ്യാനത്തിൽ എത്തിച്ച ചീറ്റ (Photo: Twitter/@sri50), ഹാമിഷ് ഹാർഡിങ് ചീറ്റകളെ കൊണ്ടുവരുന്ന വിമാനത്തിനു മുന്നിൽ (Photo: Twitter/@ActionAviation0)
കുനോ ദേശീയോദ്യാനത്തിൽ എത്തിച്ച ചീറ്റ (Photo: Twitter/@sri50), ഹാമിഷ് ഹാർഡിങ് ചീറ്റകളെ കൊണ്ടുവരുന്ന വിമാനത്തിനു മുന്നിൽ (Photo: Twitter/@ActionAviation0)

ഹാമിഷ് അംഗമായ എക്സ്പ്ലോറേഴ്സ് ക്ലബ്ബുമായി ബന്ധപ്പെട്ടാണ് ചീറ്റകളെ ഇന്ത്യയിലെത്തിക്കുന്ന പദ്ധതിയുമായി ഹാമിഷ് ഹാർഡിങ് എത്തിയത്. ആക്‌‍ഷൻ ഏവിയേഷൻ എന്ന വിമാനക്കമ്പനിയുടെ ഉടമയായ അൻപത്തെട്ടുകാരനായ ഹാർഡിങ്, ബഹിരാകാശ യാത്ര നടത്തിയും പ്രശസ്തനാണ്. അദ്ദേഹത്തിന്റെ പേരിൽ മൂന്ന് ഗിന്നസ് റെക്കോർഡുകളുമുണ്ട്.

കഴിഞ്ഞ വർഷം സെപ്റ്റംബറിലാണ് ആദ്യ ഘട്ടമായി നമീബിയയിൽനിന്ന് എട്ട് ചീറ്റകളെ ഇന്ത്യയിലെത്തിച്ചത്. 5 പെണ്ണും 3 ആണും ഉൾപ്പെടെ 8 ചീറ്റകളാണ് ആദ്യം എത്തിയത്. ബോയിങ് 747 വിമാനത്തിൽ നമീബിയയിൽനിന്ന് ആദ്യം ഗ്വാളിയോറിലേക്കും പിന്നീടു വ്യോമസേനയുടെ ഹെലികോപ്റ്ററിൽ കുനോ പാർക്കിനടുത്ത പാൽപുരിലും എത്തിച്ച ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഇവയെ വനത്തിലേക്ക് തുറന്നുവിട്ടത്.

യുഎസ് ആസ്ഥാനമായ ഓഷൻഗേറ്റ് എക്സ്പഡിഷൻസ് ആണ് യാത്രയുടെ സംഘാടകർ. രണ്ടുകോടി രൂപയാണ് ഒരാളിൽ നിന്ന് ഈടാക്കിയത്. എട്ട് ദിവസത്തെ പര്യടനമാണ് പ്ലാൻ ചെയ്തതെങ്കിലും ആദ്യ ദിവസം തന്നെ സമുദ്രപേടകം കാണാതെയാകുകയായിരുന്നു. 1912ലാണ് ടൈറ്റാനിക് കപ്പൽ ദുരന്തം ഉണ്ടായത്. 1958ലാണ് കപ്പലിന്റെ അവശിഷ്ടം കണ്ടെത്തിയത്. അറ്റ്ലാന്റിക് സമുദ്രത്തിനടിയിൽ 3,800 മീറ്റർ താഴ്ചയിലാണ് ടൈറ്റാനിക്കിന്റെ അവശിഷ്ടങ്ങള്‍ ഉള്ളത്. 

English Summary: Hamish Harding, Project Cheetah

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com