ഒളിച്ചുകളിച്ച് ഹനുമാൻ കുരങ്ങ്; നഗരം ചുറ്റൽ തുടരുന്നു, ടിക്കറ്റില്ലാതെ കണ്ട് നാട്ടുകാര്
Mail This Article
തിരുവനന്തപുരം∙ തിരുപ്പതിയിൽ നിന്ന് തിരുവനന്തപുരത്തേക്ക് വന്നിട്ട് 10 ദിവസമായി. ഇതുവരെ മൃഗശാല അധികൃതർക്ക് പിടികൊടുക്കാൻ തയാറാകാതെ നഗരം ചുറ്റുകയാണ് ഹനുമാൻ കുരങ്ങ്. മൃഗശാല പരിസരത്തെ മരങ്ങളിൽ കറങ്ങി നടന്ന് ഇപ്പോൾ പിഎംജിയിലെ മാസ്കറ്റ് ഹോട്ടലില്‍ നിലയുറപ്പിച്ചിരിക്കുകയാണ്. ഹോട്ടലിന് സമീപമുള്ള മരക്കൂട്ടങ്ങളിൽ കഴിയുന്ന കുരങ്ങിനെ കാണാന്‍ നിരവധിപ്പേർ എത്തുന്നുണ്ട്. പുറത്തുചാടിയ ദിവസം മുതൽ നിരവധിപ്പേരാണ് ഹനുമാൻ കുരങ്ങിനെ ‘ഫ്രീ’യായി കാണാൻ എത്തിയത്. ഈ ജനുസ്സിൽ പെട്ട കുരങ്ങുകളെ ഉത്തരേന്ത്യയിലെ മൃഗശാലകളിൽ നിന്ന് പുറത്തു വിടാറുണ്ട്. പിന്നീട് സ്വാഭാവികമായി ഇവ തിരികെ എത്തുകയാണ് പതിവ്.
ബലമായി പിടിക്കാൻ ഉദ്ദേശിക്കുന്നില്ലെന്നാണ് തിരുവനന്തപുരം മൃഗശാല അധികൃതർ പറയുന്നത്. വല വിരിച്ച് പിടിക്കാനോ മയക്കുവെടി വയ്ക്കാനോ തയാറല്ലെന്ന് മൃഗശാല ഡയറക്ടർ അബു ശിവദാസ് അറിയിച്ചു. തുടക്കത്തിൽ കുരങ്ങിന്റെ ആരോഗ്യനിലയിൽ ആശങ്ക നിലനിന്നിരുന്നുവെങ്കിലും ഇപ്പോഴില്ല. മൃഗശാല അധികൃതർ നൽകുന്ന ഭക്ഷണത്തിനു പുറമെ ക്കളും തളിരിലകളുമൊക്കെ കുരങ്ങ് കഴിക്കുന്നുണ്ട്. കുരങ്ങിനെ നിരീക്ഷിക്കാനായി മൃഗശാലയിൽ നിന്നുള്ള സംഘം സമീപത്തു തന്നെയുണ്ട്. കഴിഞ്ഞ ദിവസം 2 അനിമൽ കീപ്പർമാരടങ്ങിയ സംഘം നൂലിൽ ഏത്തപ്പഴം കുരുക്കി മരത്തിന്റെ ശിഖരത്തിലേക്ക് എറിഞ്ഞു കൊടുത്തത് കുരങ്ങ് ഭക്ഷിച്ചിരുന്നു.
തിരുപ്പതി ശ്രീവെങ്കിടേശ്വര സുവോളജിക്കൽ പാർക്കിൽനിന്നു കൊണ്ടുവന്ന ഹനുമാൻ കുരങ്ങുകളിലെ പെൺകുരങ്ങാണിത്. പെൺകുരങ്ങിനൊപ്പം ഒരു ആൺ കുരങ്ങിനെയും സുവോളജിക്കൽ പാർക്കിൽനിന്ന് എത്തിച്ചിരുന്നു. ഇവയെ കൂട്ടിലേക്ക് മാറ്റാൻ തീരുമാനിച്ചിരുന്നതിനിടയിലാണു പെൺകുരങ്ങ് ചാടിപ്പോയത്. ആളുകൾ കാണാൻ എത്തുന്നതും ബഹളവും കുരങ്ങിന് അസ്വസ്ഥത സൃഷ്ടിക്കുമെന്നും ഇതുമൂലം ദൂരദിക്കിലേക്ക് പോകാനിടയുണ്ടെന്നും മുന്നറിയിപ്പുണ്ട്. കുരങ്ങിനെ കാക്കകൾ ആക്രമിക്കാൻ സാധ്യതയുള്ളതിനാൽ സംരക്ഷണത്തിനുള്ള നടപടികളും സ്വീകരിച്ചിട്ടുണ്ട്.
ഏഴ് തരത്തിൽ ഹനുമാൻ കുരങ്ങ്
ചെവികൾക്കും മുഖത്തിനും കറുപ്പുനിറം, നീളത്തിലുള്ള താടിയും മുടിയും, ചാരക്കുപ്പായമണിഞ്ഞതുപോലെ രോമാവൃത ശരീരവുമുള്ള ജീവിയാണ് ഗ്രേ ലംഗൂർ അഥവാ ഹനുമാൻ കുരങ്ങ്. ആൺ കുരങ്ങുകൾക്ക് ഏകദേശം 75 സെന്റി മീറ്ററും പെൺ കുരങ്ങുകൾക്ക് 65 സെന്റി മീറ്റർ നീളവും കാണും. ഏകദേശം 27 മുതൽ 40 ഇഞ്ച് വരെയാണ് വാലിന്റെ നീളം. ശരീരഭാരം 10 മുതൽ 18 കിലോ വരെയാണ്. ഏഴ് തരത്തിലുള്ള ഹനുമാൻ കുരങ്ങുകൾ ഉണ്ട്. നേപ്പാൾ ഗ്രേ, കശ്മീർ ഗ്രേ, തറായ് ഗ്രേ, നോർത്തേൺ പ്ലെയ്ൻസ് ഗ്രേ, ബ്ലാക്ക് ഫൂട്ടഡ് ഗ്രേ, സൗത്തേൺ പ്ലെയ്ൻസ് ഗ്രേ, ടഫഡ് ഗ്രേ എന്നിവയാണ്.
അക്രമസ്വഭാവമുള്ളവർ
ഇന്ത്യ, ബംഗ്ലാദേശ്, ശ്രീലങ്ക. പാക്കിസ്ഥാൻ എന്നിവിടങ്ങളിലാണ് ധാരാളമായി ഹനുമാൻ കുരങ്ങുകളെ കാണാനാകുക. വന്യജീവി നിയമം ഷെഡ്യൂൾ രണ്ട് പാർട്ട് ഒന്നിൽ പെട്ടവയാണ് ഹനുമാൻകുരങ്ങുകൾ. ‘പ്രസ്‌ബൈറ്റിസ് എന്റെല്ലസ്’എന്നാണ് ഇവയുടെ ശാസ്‌ത്രീയ നാമം. ഇവയെ വേട്ടയാടിയാൽ കുറഞ്ഞതു മൂന്നു വർഷം തടവാണ് ശിക്ഷ. കാടുകളിലും ചെറിയ മരങ്ങളിലുമാണ് താമസം. ഒരു മരത്തിൽ നിന്ന് മറ്റൊരു മരത്തിലേക്ക് പെട്ടെന്ന് ചാടി മറിഞ്ഞ് സഞ്ചരിക്കുന്നതിന് ഹനുമാൻ കുരങ്ങുകൾക്കു പ്രത്യേക കഴിവുണ്ട്.
കാണാൻ ഭംഗിയുണ്ടെന്ന് കരുതി അടുത്തുചെന്നാൽ വിവരം അറിയും. വളരെ അക്രമസ്വഭാവമുള്ളവയാണ് ഇവ. മെരുക്കിയെടുക്കാനും കൂട്ടിലടയ്ക്കാനും വളരെ പ്രയാസമാണ്. പലപ്പോഴും കൂട്ടത്തോടെയാണ് ഹനുമാൻ കുരങ്ങുകൾ താമസിക്കുന്നത്.
Content Highlights: Grey Langur, Hanuman Monkey, Thiruvananthapuram Zoo