‘ആ യാത്രയിൽ ഞാനും ഉണ്ടാവേണ്ടതാണ്’; ടൈറ്റാനിക് കാണാനുള്ള അവസരം നിഷേധിച്ചതിനെക്കുറിച്ച് യൂട്യൂബർ
Mail This Article
അറ്റ്ലാന്റിക് സമുദ്രത്തിന്റെ അടിത്തട്ടിൽ കിടക്കുന്ന ടൈറ്റാനിക് കപ്പലിന്റെ അവശിഷ്ടങ്ങൾ കാണാൻ അഞ്ചുപേരുമായി പോയ ടൈറ്റൻ സമുദ്രപേടകം തകർന്ന വാർത്ത വേദനയോടെയാണ് ലോകം കേട്ടത്. പേടകം പൊട്ടിത്തെറിച്ചുവെന്നും ഉള്ളിലുണ്ടായിരുന്ന അഞ്ച് പേരും മരിച്ചുവെന്നുമാണ് യുഎസ് നാവികസേന അറിയിച്ചത്. ഈ യാത്രയിൽ താനും സംഘത്തിനൊപ്പമുണ്ടാകേണ്ടതായിരുന്നുവെന്ന് പ്രശസ്ത യൂട്യൂബർ ജിമ്മി ഡൊണാൾഡ്സൺ പറഞ്ഞു. മിസ്റ്റർ ബീസ്റ്റ് എന്നാണ് ഇദ്ദേഹം അറിയപ്പെടുന്നത്.
ജൂൺ ആദ്യമാണ് ടൈറ്റൻ യാത്രയ്ക്ക് ക്ഷണം ലഭിച്ചത്. എന്നാൽ താൻ ഇല്ലെന്ന് അറിയിക്കുകയായിരുന്നുവെന്ന് ജിമ്മി വ്യക്തമാക്കി. തീരുമാനം എന്തായാലും നല്ലതായെന്നാണ് ആരാധകരുടെ അഭിപ്രായം.162 മില്യൺ ആളുകളാണ് മിസ്റ്റർബീസ്റ്റ് യൂട്യൂബ് ചാനല്‍ ഫോളോ ചെയ്യുന്നത്. ആവേശകരമായ മത്സരങ്ങൾ, സ്റ്റണ്ടുകൾ തുടങ്ങിയവയാണ് ജിമ്മിയുടെ വിഡിയോയിൽ കാണിക്കുന്നത്.
2015ലാണ് ഓഷൻഗേറ്റ് ആദ്യമായി ‘സൈക്ലോപ്സ്’ എന്ന സമുദ്രപേടകം പരീക്ഷിച്ചത്. തുടർന്നാണ് ടൈറ്റാനിക്കിന്റെ അവശിഷ്ടങ്ങൾ കാണുന്നതിനായി വിനോദ സഞ്ചാരികൾക്കു അവസരം നൽകാൻ ടൈറ്റൻ നിർമിച്ചത്. ടൈറ്റാനിക്കിന്റെ അവശിഷ്ടങ്ങൾ ഉൾപ്പെടെ സാധാരണ മനുഷ്യന് കാണാൻ കഴിയാത്ത സമുദ്രാന്തർഭാഗത്തെ വിസ്മയം കാണാനുള്ള അവസരം ടൈറ്റൻ ഒരുക്കുമെന്നാണ് ഈ യാത്രയെ കുറിച്ച് ഓഷൻഗേറ്റിന്റെ അവകാശവാദം. യുഎസ് ബ്രിട്ടീഷ് ശതകോടീശ്വരന്‍ ഹമീഷ് ഹാര്‍ഡിങ്, പാക്കിസ്ഥാനിലെ വ്യവസായി ഷഹ്സാദ ദാവൂദ്, 19 വയസുള്ള മകന്‍ സുലെമാന്‍, ഫ്രഞ്ച് പര്യവേഷകന്‍ പോള്‍ ഹെന്‍റി നാര്‍ഷെലോ, യാത്ര സംഘടിപ്പിച്ച ഓഷന്‍ഗേറ്റ് കമ്പനി ഉടമ സ്റ്റോക്റ്റന്‍ റഷ് എന്നിവരാണ് കഴിഞ്ഞ വെള്ളിയാഴ്ച ടൈറ്റാനിക് അവശിഷ്ടങ്ങൾ കാണാൻ ടൈറ്റനിൽ യാത്ര ചെയ്തത്. യാത്ര തുടങ്ങി കുറച്ചുനേരം കഴിഞ്ഞതും മദര്‍ഷിപ്പുമായുള്ള ബന്ധം നഷ്ടപ്പെടുകയുമായിരുന്നു. അഞ്ച് ദിവസം നീണ്ട തിരച്ചിലിനൊടുവിൽ ടൈറ്റാനിക് കപ്പലിന് സമീപത്തായി ടൈറ്റന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തുകയായിരുന്നു.
2018ൽ ആയിരുന്നു ടൈറ്റന്റെ പരീക്ഷണാടിസ്ഥാനത്തിലുള്ള ആദ്യ സമുദ്രാന്തർ ദൗത്യം. 2021ലായിരുന്നു യാത്രക്കാരുമായി ടൈറ്റന്റെ കന്നിയാത്ര. കഴിഞ്ഞ വര്‍ഷം 10 ഡൈവുകൾ ടൈറ്റൻ നടത്തി. ഇവയൊന്നും ടൈറ്റാനിക്കിന്റെ അവശിഷ്ടങ്ങൾ തേടിയുള്ള യാത്രയായിരുന്നില്ല. ലോഞ്ചിങ് പ്ലാറ്റ്ഫോമിൽനിന്ന് വേർപ്പെട്ടാൽ മണിക്കൂറിൽ നാലു കിലോമീറ്റർ വേഗത്തിലാണ് ടൈറ്റന്റെ സഞ്ചാരം. ഒരുയാത്രയിൽ ഒരു ദശലക്ഷം ഡോളറാണ് ടൈറ്റന്റെ ഇന്ധന ചെലവെന്ന് ഓഷൻഗേറ്റ് സിഇഒ സ്റ്റോക്ടൺ റഷ് കഴിഞ്ഞവർഷം പറഞ്ഞിരുന്നു.
English Summary: YouTuber MrBeast Claims He Declined Invitation To Join Titanic Sub Trip