ജൂണിൽ ഇല്ലാത്ത മഴ ജൂലൈയിൽ പേമാരി ആയതെങ്ങനെ? പിന്നിൽ 3 കാരണങ്ങൾ
Mail This Article
കഴിഞ്ഞ ദിവസം മുതൽ ശക്തമായ മഴ തുടരുന്നതിന്റെ അടിസ്ഥാനത്തിൽ കേരളത്തിൽ പല ജില്ലകളിലും ജൂണിലുണ്ടായ മഴക്കുറവ് ഇപ്പോൾ ഒരു പരിധിവരെ നികത്തപ്പെട്ടിട്ടുണ്ട്. ജൂൺ മാസത്തിൽ കേരളത്തിൽ ശരാശരി 60 ശതമാനത്തിലധികം മഴക്കുറവ് അനുഭവപ്പെട്ടെങ്കിൽ ജൂലൈ ആറ് ആകുമ്പോഴേക്കും ഇത് 32 ശതമാനമായി കുറഞ്ഞിട്ടുണ്ട്. അതേസമയം, ചില ഒറ്റപ്പെട്ട പ്രദേശങ്ങളിൽ മഴയുടെ തീവ്രത കൂടുന്നത് ആശങ്കയുണ്ടാക്കുന്നുണ്ട്. ജൂണിൽ കുറഞ്ഞ മഴ ജൂലൈയിൽ അതിശക്തമായതെങ്ങനെ? വരും ദിവസങ്ങളിൽ മഴ കുറയുമോ?– കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല, റഡാർ ഗവേഷണ കേന്ദ്രം ശാസ്ത്രജ്ഞൻ ഡോ. എം.ജി. മനോജ് ‘മനോരമ ഓൺലൈനോ’ട് സംസാരിക്കുന്നു.
ഇന്ന് കണ്ണൂർ, കാസർകോട് ജില്ലകളിലാണ് റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. എന്നാൽ 24 മണിക്കൂർ കഴിഞ്ഞാൽ മഴയുടെ തീവ്രത കുറയും. മേഘപടലങ്ങൾ മംഗലാപുരം, ഗോവ എന്നിവടങ്ങളിലേക്ക് മാറുകയും കേരളത്തിൽ അതിശക്തമായ മഴയുടെ സാഹചര്യം ഒഴിവാകുമെന്നുമാണ് കേന്ദ്രകാലാവസ്ഥാ വകുപ്പ് അറിയിച്ചിരിക്കുന്നത്. എങ്കിലും കഴിഞ്ഞ രണ്ടുദിവസം അതിതീവ്ര മഴ പെയ്ത മലയോരപ്രദേശങ്ങളിലെ മണ്ണ് കുതിർന്ന നിലയിലാണ്. ഇനി ഇടത്തരം മഴയാണെങ്കിൽപോലും ഇവിടങ്ങളിൽ മണ്ണിടിച്ചിലിന് സാധ്യതയുണ്ട്. ഉരുൾപൊട്ടലും ഉണ്ടാകാം. അതുകൊണ്ട് തന്നെ മഴ അവസാനിച്ചുവെന്ന് കരുതി മലയോര മേഖലയിലേക്ക് പോകാതിരിക്കുന്നതാണ് അഭികാമ്യം.
മൺസൂൺ കാറ്റ് ശക്തമായതിനാൽ തീരദേശങ്ങളിൽ കടലാക്രമണം കുറച്ചുദിവസം കൂടി തുടരാൻ സാധ്യതയുണ്ട്. കൂടാതെ കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ടായ വേലിയേറ്റത്തിന്റെ ശക്തിയും വർധിച്ചിട്ടുണ്ട്. അതിനാൽ തെളിഞ്ഞ അന്തരീക്ഷത്തിൽപ്പോലും കടലാക്രമണത്തിന് കുറവുണ്ടാകണമെന്നില്ല. ഈ സാഹചര്യത്തിൽ തീരദേശപ്രദേശത്തുള്ളവർ കൂടുതൽ ജാഗ്രത പുലർത്തേണ്ടതുണ്ട്.
മൺസൂൺ വൈകിയതിനാലാണ് ജൂണിലെ മഴയും കുറഞ്ഞത്. ജൂൺ 1ന് എത്തേണ്ട മഴ ജൂൺ 8നാണ് വന്നത്. ജൂൺ 6 മുതൽ 19 വരെ അറബിക്കടലിൽ ഉണ്ടായ ബിപർജോയ് ചുഴലിക്കാറ്റ് മൂലം സാധാരണത്തേക്കാൾ തീവ്രത കുറഞ്ഞ മൺസൂൺ ആയിരുന്നു. മൺസൂൺ കാറ്റ് ചുഴലിക്കാറ്റിലേക്ക് ആകർഷിക്കപ്പെട്ടതിനെ തുടർന്ന് കേരളതീരത്ത് ശക്തമായ കാറ്റ് അനുഭവപ്പെട്ടില്ല. കൂടാതെ 2023 എന്നത് എൽമിനോ വർഷമാണ്. ആഗോള കാലാവസ്ഥ സംഘടന നൽകുന്ന മുന്നറിയിപ്പ് പ്രകാരം, എൽമിനോ ഉണ്ടാകാൻ 70 ശതമാനം സാധ്യയുണ്ടെന്നാണ്. എൽമിനോ ഉണ്ടാകുമ്പോൾ ആ വർഷം ഇന്ത്യൻ മൺസൂണിന്റെ ശക്തി കുറയുകയും മൺസൂണിന്റെ ആരംഭം വൈകുകയും ചെയ്യുന്നത് സ്വാഭാവികമാണ്.
ജൂലൈയിൽ മൺസൂൺ ശക്തിപ്രാപിച്ചതിന് 3 കാരണങ്ങൾ ഉണ്ട്.
1. മൺസൂൺ സമയത്ത് സെൻട്രൽ ഇന്ത്യയിൽ സാധാരണ ഉണ്ടാകുന്ന മൺസൂൺ മഴപ്പാത്തി അല്ലെങ്കിൽ മൺസൂൺ ട്രഫ് ശക്തമായിരുന്നു. ട്രഫ് എന്നത് കിഴക്കൻ പാക്കിസ്ഥാൻ മുതൽ ബംഗാൾ വരെ നീളുന്നതാണ്. ഇത് ഹിമാലയത്തിന്റെ താഴ്ഭാഗങ്ങളിൽ സെൻട്രൽ ഇന്ത്യയിലൂടെ കടന്നുപോകുന്ന ഒരു ന്യൂനമർദമേഖലയാണ്. ഈ ന്യൂനമർദപാത്തി സജീവമാകുമ്പോൾ മൺസൂൺ ശക്തിപ്പെടും. പ്രത്യേകിച്ച് ആ പാത്തിയുടെ കിഴക്കൻ ഭാഗം നോർമൽ പൊസിഷനിൽ നിന്നും തെക്കോട്ടേക്ക് മാറി സ്ഥിതി ചെയ്യുന്നതിനാൽ കാലവർഷക്കാറ്റ് ആ പാത്തിയിലേക്ക് ശക്തമായി ആകർഷിക്കപ്പെടാം.
2. ഗുജറാത്ത് തീരം മുതൽ കേരളതീരം വരെ ഒരു തീരദേശ ന്യൂനമർദപാത്തി ശക്തമായിരുന്നു. ഇതിന്റെ ഭാഗമായി കാലവർഷക്കാറ്റ് ഈ പാത്തിയിലേക്ക് കടന്നുവരികയും അത് ഇന്ത്യയുടെ പടിഞ്ഞാറൻതീര മേഖലയിൽ ശക്തമായ മഴയ്ക്ക് കാരണമാവുകയും ചെയ്തു.
3. ആഗോള മൺസൂൺ മഴപ്പാത്തി എന്നറിയപ്പെടുന്ന മാഡെൻ ജൂലിയൻ ഓസിലേഷൻ (Madden-Julian Oscillation) അതിന്റെ ഫേസ്–2വിലാണ് ഇപ്പോൾ നിൽക്കുന്നത്. ഫേസ് 2 എന്നത് അറബിക്കടലിലെ മൺസൂൺ സംവഹന പ്രകിയ ശക്തിപ്പെടുത്തുന്നതിന് കാരണമാകുന്ന ഘടകമാണ്. അതും ഈ മൺസൂൺ മഴയെ ശക്തിപ്പെടുത്തുന്നതിന് സഹായിച്ചിട്ടുണ്ട്.
വരും ദിവസങ്ങളിൽ മഴയുടെ തീവ്രത കുറയും. വെള്ളിയാഴ്ചയോടെ ഇടത്തരം അല്ലെങ്കിൽ ശക്തമായ മഴയ്ക്കാണ് (24 മണിക്കൂറിൽ 4–7 സെന്റി മീറ്റർ മഴ) സാധ്യത. അതിതീവ്ര, അതിശക്തമായ മഴ ഉണ്ടാകില്ല. അതുകൊണ്ട് തന്നെ മഴക്കെടുതികൾ പരമാവധി രണ്ട് ദിവസം മാത്രമേ ഉണ്ടാകൂയെന്നാണ് കാലാവസ്ഥാ കേന്ദ്രം നൽകുന്ന മുന്നറിയിപ്പ്.
English Summary: July Heavy rain, Experts opinion