നായയുമായി കടലിൽപെട്ടത് 2 മാസം; പച്ചമീൻ കഴിച്ച് മഴവെള്ളം കുടിച്ച് അതിജീവനം
Mail This Article
ആമസോൺ കാടുകളിൽ 4 കുട്ടികൾ 40 ദിവസത്തിലേറെ അകപ്പെട്ടതും അവർ പിന്നീട് രക്ഷപ്പെട്ടതുമൊക്കെ കഴിഞ്ഞ മാസം ലോകത്തെ ത്രില്ലടിപ്പിച്ച സംഭവമായിരുന്നു. ഇപ്പോഴിതാ അതിനു സമാനമായ മറ്റൊരു സംഭവം. ഇത്തവണ വനത്തിലല്ല മറിച്ച് സമുദ്രത്തിലാണ്. ഭൂമിയിലെ ഏറ്റവും വലിയ സമുദ്രമായ പസിഫിക്കിൽ. ഓസ്‌ട്രേലിയയിലെ സിഡ്‌നി സ്വദേശിയായ ടിം ഷാഡോക്കും വളർത്തുനായയായ ബെല്ലയും ഏപ്രിലിലാണ് മെക്‌സിക്കോയിൽ നിന്നു ബോട്ടുവഴി ഫ്രഞ്ച് പോളിനേഷ്യയിലേക്കു യാത്ര നടത്തിയത്. എന്നാൽ ഇടയ്ക്ക് പസിഫിക് സമുദ്രത്തിൽ ഉടലെടുത്ത ചുഴലിക്കാറ്റിൽ ഇവരുടെ ബോട്ട് തകരാറിലാകുകയും ഇവർ കടലിൽ പെടുകയും ചെയ്തു.
മെക്‌സിക്കോയിലെ ലാ പാസിൽ നിന്നാണു ഷാഡോക് ആറായിരത്തിലധികം കിലോമീറ്റർ ദൂരം വരുന്ന സാഹസിക യാത്ര തുടങ്ങിയത്. ചുഴലിക്കാറ്റിൽ ബോട്ടിന്‌റെ ഇലക്ട്രോണിക് സംവിധാനങ്ങൾ പൂർണമായി നശിച്ചു. തുടർന്ന് ഈയാഴ്ച ഹെലികോപ്റ്റർ ഉപയോഗിച്ച് നടത്തിയ രക്ഷാപ്രവർത്തനത്തിലാണ് ഷാഡോക്കിനെയും നായയെയും രക്ഷിക്കാൻ ശ്രമിച്ചത്. ഷാഡോക്കിനെ കണ്ടെത്തുമ്പോൾ അദ്ദേഹം നന്നേ മെലിഞ്ഞിരുന്നു. താടിയും വളർന്നിരുന്നു. കടലിൽ ദുഷ്‌കരമായ സാഹചര്യങ്ങളിലൂടെയാണ് താൻ കടന്നുപോയതെന്ന് ഷാഡോക് അറിയിച്ചു.
ചൂണ്ട ഉപയോഗിച്ച് പച്ചമീൻ പിടിച്ചുതിന്നും മഴവെള്ളം കുടിച്ചുമാണ് ജീവൻ നിലനിർത്തിയത്. രക്ഷപ്പെടുത്തിയ ഉടൻ ഷാഡോക്കിനെ ആശുപത്രിയിലേക്കു കൊണ്ടുപോയി. പ്രാഥമിക ശുശ്രൂഷകൾക്കു ശേഷമുള്ള ചികിത്സകൾ തുടരുകയാണ്. പതിയെ പതിയെ ഷാഡോക്കിന് സാധാരണ ഭക്ഷണക്രമത്തിലേക്ക് മടങ്ങിവരാനാകുമെന്ന് ഡോക്ടർമാർ അറിയിച്ചു.
ഫ്രാൻസിന്റെ വിദേശ പ്രവിശ്യകൾ ഉൾപ്പെടുന്ന മേഖലയാണ് ഫ്രഞ്ച് പോളിനേഷ്യ. 121 ദ്വീപുകൾ അടങ്ങിയതാണ് ഈ മേഖല. 3521 ചതുരശ്രകിലോമീറ്റർ വിസ്തീർണമുള്ള ഈ ദ്വീപുകളുടെ ജനസംഖ്യ 2,78,786 ആണ്.
English Summary: Australian sailor and his dog survive two months at sea