മേഘങ്ങൾ വിണ്ണിൽനിന്നും മണ്ണിലേക്ക്; ‘കൊടുങ്കാറ്റിനു മുൻപുള്ള ശാന്തത’: മണാലിയിൽ നിന്നുള്ള ദൃശ്യങ്ങൾ വൈറൽ
Mail This Article
ഉത്തരാഘണ്ഡ്, ഹിമാചൽപ്രദേശ് എന്നീ സംസ്ഥാനങ്ങളിൽ നാശംവിതച്ച് മഴ തുടരുകയാണ്. വിനോദസഞ്ചാര കേന്ദ്രമായ മണാലിയിലുണ്ടായ കൊടുങ്കാറ്റിലും മിന്നൽപ്രളയത്തിലുംപ്പെട്ട് മലയാളികൾ ഉൾപ്പെടെയുള്ളവർ നാട്ടിലേക്ക് തിരിച്ചുവരാനാകാതെ ബുദ്ധിമുട്ടിയിരുന്നു. സംഭവത്തിന്റെ തീവ്രത വ്യക്തമാക്കുന്ന നിരവധി വിഡിയോകളും സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഇതിൽ ചില ദൃശ്യങ്ങൾ ഇപ്പോഴും വൈറലായി വരികയാണ്.
പ്രളയം എത്തുന്നതിന് മുൻപുള്ള മണാലി റോഡിലെ തിരക്കിന്റെ ഹൈപ്പർലാപ്സ് വിഡിയോ ലക്ഷങ്ങളാണ് കണ്ടത്. കുത്തിയൊലിക്കുന്ന ബിയാസ് നദിയുടെ തീരത്തെ വളഞ്ഞ റോഡിൽ വാഹനങ്ങൾ പാഞ്ഞുപോകുന്നത് കാണാം. റോഡിനുചേർന്ന് നിരവധി വാഹനങ്ങളും നിർത്തിയിട്ടുമുണ്ട്. ഇതുകൂടാതെ ഹരിദ്വാറിനു സമീപം റോഡിനുകുറുകെ മേഘങ്ങൾ മതിൽപോലെ നിൽക്കുന്ന വിഡിയോയും നിരവധിപ്പേരാണ് കണ്ടത്. അത്ഭുതപ്രതിഭാസം മൊബൈലിൽ പകർത്താൻ നിരവധിപ്പേർ റോഡിൽ തടിച്ചുകൂടിയിരുന്നു.
ഹിമാചൽപ്രദേശിലെ അതിതീവ്ര മഴയിൽ 80 ഓളംപേർ മരിച്ചതായാണ് റിപ്പോർട്ടുകൾ. നിരവധി പാലങ്ങളും വീടുകളും പേമാരിയിൽ തകർന്നടിഞ്ഞു. ഉത്തരാഘണ്ഡിൽ 64 പേര്‍ക്കാണ് ജീവൻ നഷ്ടമായത്. ഏഴ് വർഷം മുൻപ് വരെ മൺസൂൺ കാലത്ത് വിനോദസഞ്ചാരികൾ ഇല്ലായിരുന്നുവെന്നും ഇപ്പോൾ ആളുകൾ കൂടിയത് ദുരന്തത്തിന്റെ വ്യാപ്തി കൂട്ടിയെന്നും വിഡിയോയ്ക്ക് താഴെ ചിലർ കമന്റ് ചെയ്തു.
English Summary: Manali Climate, Video viral