ADVERTISEMENT

ചോക്ലേറ്റ് എന്നത് പലർക്കും ഒരു വികാരമാണ്. ജീവിതത്തിന്റെ ഭാഗമാണ്. എന്നാൽ ഈ ചോക്ലേറ്റ് ശീലത്തിനു പിന്നിൽ മധുരിക്കാത്ത ചില വസ്തുതകളുണ്ട്. അമിതമായ ചോക്ലേറ്റ് നിർമാണം പ്രകൃതിക്ക് തിരിച്ചടിയാണ്. 

ചോക്ലേറ്റ് നിർമാണത്തിൽ ഏറ്റവും പ്രധാനപ്പെട്ട ഘടകം കൊക്കോ ബീനുകളാണ്. ഉഷ്ണ മേഖല പ്രദേശങ്ങളിലാണ് ഏറ്റവും കൂടുതൽ ബീനുകൾ ശേഖരിക്കുന്നത്. ലോകത്താകമാനം ഉപയോഗിക്കുന്ന കൊക്കോ ബീനുകളിൽ 70 ശതമാനവും വരുന്നത് പശ്ചിമ ആഫ്രിക്കയിൽ നിന്നാണ്. അതിൽ തന്നെ ഐവറി കോസ്റ്റ്, ഘാന എന്നീ രാജ്യങ്ങളാണ് കൊക്കോ ഉത്പാദനത്തിൽ മുന്നിൽ. ചോക്ലേറ്റിനോടുള്ള പ്രീതിയും ചോക്ലേറ്റ് കമ്പനികളും വർധിക്കുന്നതനുസരിച്ച് ഈ മേഖലയിലെ മഴക്കാടുകൾ വലിയതോതിൽ ഇല്ലാതാവുകയാണ്.

ക്വീൻസ്ലാൻഡ് സർവകലാശാലയിലെ ഗവേഷകർ അടുത്തിടെ നടത്തിയ പഠനമാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഘാനയിലെയും ഐവറി കോസ്റ്റിലെയും കൊക്കോ ഫാമുകളുടെ വ്യാപ്തി കണക്കാക്കാൻ സൃഷ്ടിച്ച ഹൈ റെസല്യുഷൻ മാപ്പിൽ നിന്നും മനസ്സിലാക്കാനായത് സംരക്ഷിത മേഖലയിലെ 37 ശതമാനം വനവും നഷ്ടപ്പെടാൻ ഈ ഫാമുകൾ കാരണമായി എന്നാണ്. ഭൂമിയിൽ മറ്റെവിടെയും കാണാനാവാത്ത സസ്യജാലങ്ങളും പക്ഷിമൃഗാദികളും നിറഞ്ഞ പശ്ചിമ ആഫ്രിക്കയിലെ അപ്പർ ഗിനിയൻ വനം ആഗോള ജൈവ വൈവിധ്യ ഹോട്ട്സ്പോട് എന്നാണ് അറിയപ്പെടുന്നത്. എന്നാൽ ഈ വനമേഖലയുടെ വലിയൊരു ഭാഗം നഷ്ടമായിക്കഴിഞ്ഞു. 

ആഫ്രിക്കയിൽ നിന്നുള്ള ദൃശ്യം (Photo: Twitter/@BoitumeloCaleb)
ആഫ്രിക്കയിൽ നിന്നുള്ള ദൃശ്യം (Photo: Twitter/@BoitumeloCaleb)

1950 മുതലുള്ള കണക്കെടുത്താൽ ഐവറി കോസ്റ്റിന് അതിന്റെ വനവ്യാപ്തിയിൽ 90 ശതമാനവും ഘാനയ്ക്ക് 65 ശതമാനവും കുറവ് വന്നിട്ടുണ്ട്. ഖനനവും അനധികൃത മരം വെട്ടലും മറ്റു കൃഷികളുമൊക്കെ ഇതിൽ പങ്കുവഹിച്ചിട്ടുണ്ടെങ്കിലും പ്രധാന കാരണം കൊക്കോ ഫാമിങ് തന്നെയാണ്. എന്നാൽ എവിടെയൊക്കെയാണ് കൊക്കോ ഫാമുകൾ പ്രവർത്തിക്കുന്നതെന്ന് കൃത്യമായി കണ്ടെത്തണമെങ്കിൽ കൂടുതൽ സാങ്കേതികവിദ്യകളുടെ സഹായം ആവശ്യമായി വരുമെന്ന് ഗവേഷകർ പറയുന്നു. ഇവയിൽ പലതും അനധികൃതമായി പ്രവർത്തിക്കുന്നവയുമാണ്.

ഇരു രാജ്യങ്ങളിലുമായി ഏഴ് മില്യൺ ഹെക്ടർ സ്ഥലത്താണ് കൊക്കോ ഫാമുകൾ ഉള്ളത്. ഔദ്യോഗിക കണക്കുകളേക്കാൾ വളരെ മുകളിലാണ് ഇത്. ഘാനയിലെ മാത്രം കാര്യമെടുത്താൽ ഔദ്യോഗിക രേഖകൾ പ്രകാരമുള്ള ഫാമുകളെക്കാൾ  40 ശതമാനം അധികം ഫാമുകൾ  പ്രവർത്തിക്കുന്നുണ്ട്. ഇവയിൽ ഏറിയ പങ്കും മുൻപ് വനങ്ങളുമായിരുന്നു. സംരക്ഷിത മേഖലകളിൽ പോലും വനം കൊക്കോ ഫാമുകൾക്കായി കയ്യേറ്റം ചെയ്യപ്പെട്ടിട്ടുണ്ട്. 

ആഫ്രിക്കയിലെ ഒരു കൊക്കോ ഫാമിൽ നിന്ന് (Photo: Twitter/@ATNewsofficiel
ആഫ്രിക്കയിലെ ഒരു കൊക്കോ ഫാമിൽ നിന്ന് (Photo: Twitter/@ATNewsofficiel

എന്നാൽ ഈ പ്രശ്നത്തിന് പരിഹാരം കണ്ടെത്തുക എന്നത് അത്ര എളുപ്പമല്ലെന്നും ഗവേഷകർ ചൂണ്ടിക്കാണിക്കുന്നു. ഏതാണ്ട് രണ്ട് മില്യണിനടുത്ത് ചെറുകിട കർഷകരാണ് ഈ മേഖലകളിൽ കൊക്കോ കൃഷി നടത്തുന്നത്. ഒരു യുഎസ് ഡോളറിന് താഴെ മാത്രം വരുമാനമുള്ള ഇവരിൽ ഏറിയ പങ്കും ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ളവരാണ്. വരുമാനം മെച്ചപ്പെടുത്താനായാണ് ഇവരിൽ പലരും വനമേഖല കയ്യേറിയത്. നിലവിലുള്ള ഫാമുകൾ കൂടുതൽ ഉൽപാദനക്ഷമതയോടെയും സുസ്ഥിരതയോടെയും നടത്താൻ കർഷകർക്ക് സഹായം നൽകുന്നത് ഒരു പരിധി വരെ ഗുണം ചെയ്യുമെന്ന് ഗവേഷകർ പറയുന്നു. ഭരണകൂടങ്ങളും ചോക്ലേറ്റ് കമ്പനികളും ഇടപെട്ട് ശക്തമായ നിയമനിർമാണം നടത്തി സംരക്ഷിത വനമേഖല കയ്യേറ്റം ചെയ്യപ്പെടുന്നില്ല എന്ന് ഉറപ്പാക്കുകയും ചോക്ലേറ്റ് വിപണനത്തിൽ നിന്നുള്ള നല്ല വിഹിതം കർഷകർക്ക് ലഭ്യമാക്കുകയും ചെയ്യണമെന്നും ഗവേഷകർ അഭിപ്രായപ്പെടുന്നുണ്ട്.

English Summary: Your chocolate comes with a side order of deforestation

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com