സൗദിയിൽ വിരുന്നെത്തിയ ഇന്ത്യൻ കാക്കകൾ മടങ്ങുന്നില്ല; നടപടിയുമായി അധികൃതർ
Mail This Article
സൗദി അറേബ്യയിൽ എത്തിയ ഇന്ത്യൻ കാക്കകൾ തിരിച്ചുപോകുന്നില്ല. തെക്കുപടിഞ്ഞാറൻ തീരനഗരമായ ജിസാനിലും ഫറസാൻ ദ്വീപിലും വിരുന്നെത്തിയ കാക്കളാണ് തിരിച്ചുമടങ്ങാത്തത്. ഇവയുടെ എണ്ണം വർധിച്ചതോടെ പൊതുജനങ്ങൾക്ക് ശല്യമായി തുടങ്ങി. അതിനാൽ ഇവയെ നിയന്ത്രിക്കാനൊരുങ്ങുകയാണ് പരിസ്ഥിതി വകുപ്പ്.
ഫറസാൻ ദ്വീപിലെ വന്യജീവി സങ്കേതത്തിൽ നിന്ന് 35% കാക്കകളെ തുരത്തിയതായി ദേശീയവന്യജീവി സംരക്ഷണ കേന്ദ്രം അറിയിച്ചിട്ടുണ്ട്. 140ലേറെ കാക്ക കൂടുകൾ നശിപ്പിച്ചു. ഭക്ഷണം തേടിപ്പോകുന്നയിടങ്ങള്‍ കണ്ടെത്തും. കാക്കകളെ നിയന്ത്രിക്കുന്ന നടപടി തുടരുകയാണെന്നും അധികൃതർ അറിയിച്ചു.
കാക്കകളുടെ വരവോടെ ആ പ്രദേശത്തെ ചെറുജീവികളുടെ എണ്ണം കുറഞ്ഞതായി കണ്ടെത്തിയിട്ടുണ്ട്. ചെറുപ്രാണികളെ മുഴുവൻ കാക്കകൾ ഭക്ഷണമാക്കുന്നു. ഇത് തുടരുകയാണെങ്കിൽ പല ജീവജാലങ്ങളുടെയും നിലനിൽപിനെ ബാധിക്കുമെന്ന് പരിസ്ഥിതി വകുപ്പ് ആശങ്കപ്പെടുന്നു.
വൈദ്യുതിലൈനിൽ കൂടുകെട്ടുന്നതിലൂടെ വൈദ്യുതിവിതരണം തടസ്സപ്പെടും. കന്നുകാലികളെ ആക്രമിക്കുക, കടൽപക്ഷികളുടെ മുട്ടകളെയും കുഞ്ഞുങ്ങളെയും ഭക്ഷിക്കുക, രോഗം പടർത്തുക എന്നിവ ഇന്ത്യൻ കാക്കകൾ വഴി ഉണ്ടാകുമെന്ന് റിപ്പോര്‍ട്ടിൽ പറയുന്നു. ഇതിനെ തുടർന്നാണ് കാക്കകളെ നിയന്ത്രിക്കാനുള്ള കർശന നടപടികൾ കൈകൊള്ളാൻ തീരുമാനിച്ചത്.
Content Highlights: Saudi Arabia | Birds | Crow