ADVERTISEMENT

ജൂൺ 1 മുതൽ ഓഗസ്റ്റ് 15 വരെയുള്ള കണക്കനുസരിച്ച് 44 ശതമാനം കുറവ് മഴയാണ് രേഖപ്പെടുത്തിയത്. ഈ മാസം കഴിയുന്നതോടെ കുറവ് 60% ആകാനാണു സാധ്യത. ഓഗസ്റ്റ് 15വരെ 155.6 സെന്റിമീറ്റർ മഴയാണ് ലഭിക്കേണ്ടത്. എന്നാൽ ലഭിച്ചതാകട്ടെ 87.7 സെ.മീ മാത്രം. അണക്കെട്ടുകളിൽ നിലവിൽ ശരാശരി 37% വെള്ളമേയുള്ളൂ. ഓഗസ്റ്റ് പകുതി കഴിഞ്ഞിട്ടും ലഭിക്കേണ്ട മഴയുടെ 10% മാത്രമാണ് പെയ്തത്. വരും ദിവസങ്ങളിൽ ബാക്കി 90% ലഭിക്കില്ലെന്നും ഉറപ്പായി. സെപ്റ്റംബറിൽ സാധാരണ മഴ കുറവാണ്. ഇത്തവണയും അതിനു മാറ്റമുണ്ടാവില്ല.  

2016ൽ ഉണ്ടായതിനെക്കാൾ വലിയ വരൾച്ച സംസ്ഥാനം ഇത്തവണ നേരിടേണ്ടി വന്നേക്കാമെന്നാണു സൂചനകൾ. ജൂൺ മുതൽ സെപ്റ്റംബർ വരെയുള്ള 4 മാസത്തെ കാലവർഷത്തിൽ 201.86 സെന്റിമീറ്റർ മഴയാണ് സംസ്ഥാനത്ത് ലഭിക്കേണ്ടത്. കഴിഞ്ഞ വർഷം ആകെ 173.6 സെന്റിമീറ്റർ ലഭിച്ചു. ഇത്തവണ അതിനു പോലും സാധ്യതയില്ല. തുലാവർഷം കൂടി ലഭിച്ചില്ലെങ്കിൽ ഡിസംബറിൽ തന്നെ വരൾച്ച അനുഭവപ്പെടുമെന്ന് കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല, റഡാർ ഗവേഷണ കേന്ദ്രം ശാസ്ത്രജ്ഞൻ ഡോ. എം.ജി. മനോജ്‌ മനോരമ ഓൺലൈനോട് പറ​ഞ്ഞു.

ഡിസംബറിൽ തന്നെ വരൾച്ചയ്ക്ക് സാധ്യത

‘2016ൽ അനുഭവപ്പെട്ട വരൾച്ചയേക്കാൾ കൂടുതലായിരിക്കും ഇത്തവണത്തേതെന്ന് തോന്നുന്നു. പസഫിക് സമുദ്രത്തിൽ ചൂടുകൂടുന്ന പ്രതിഭാസമാണ് എൽനിനോ. ഇത് ഇന്ത്യയിലെ കാലാവസ്ഥയെ തന്നെ മാറ്റിമറിക്കും. എൽനിനോ വർഷമായ 2002ല്‍ പാലക്കാട് ഉൾപ്പെടെയുള്ള ഇടങ്ങളിൽ കൊടുംവരൾച്ച അനുഭവപ്പെട്ടിരുന്നു. അതിന് സമാനമായ സാഹചര്യം ഉണ്ടാകാനാണ് സാധ്യത. തുലാവർഷത്തിൽ കിട്ടുന്ന മഴ നിർണായകമാണ്. ഡാമുകളിൽ മാത്രമല്ല, ഓരോ വീടുകളിലും ഒരുതുള്ളി വെള്ളം പോലും കളയാതെ സൂക്ഷിക്കേണ്ടത് പ്രധാനമാണ്.

പാലക്കാട്ടുനിന്നുള്ള മഴക്കാഴ്ച. ചിത്രം: വിബി ജോബ് ∙ മനോരമ
പാലക്കാട്ടുനിന്നുള്ള മഴക്കാഴ്ച. ചിത്രം: വിബി ജോബ് ∙ മനോരമ

ഒരു സ്ഥലത്ത് വെള്ളമില്ലെങ്കിൽ ടാങ്കർലോറിയിൽ കൊണ്ടുവന്ന് നികത്താം. എല്ലായിടത്തും ഇതേ അവസ്ഥയാണെങ്കിലോ?. തുലാവർഷം ദുർബലമായാൽ ഡിസംബറിൽ തന്നെ വരൾച്ച അനുഭവപ്പെടാൻ സാധ്യതയുണ്ട്. അതൊരു അവസാനഘട്ട സാഹചര്യമാണ്. ആ നിലയിൽ ചിന്തിച്ച് നാം മുൻകരുതൽ നടപടികളിലേക്ക് കടക്കുകയാണെങ്കിൽ രൂക്ഷത കുറയ്ക്കാനാകും. 

idukki news
ഫയൽചിത്രം ∙ മനോരമ

ഇന്ത്യൻ കാലാവസ്ഥാ കേന്ദ്രം ഏപ്രിലിൽ നടത്തിയ പ്രവചനം അനുസരിച്ച് മധ്യ ഇന്ത്യ ഉൾപ്പെടെ മറ്റ് സ്ഥലങ്ങളിൽ മഴക്കുറവും കേരളം ഉൾപ്പെടെ പടിഞ്ഞാറൻ തീരത്ത് മഴ കൂടുതലുമായിരിക്കുമെന്നാണ് കണക്കുകൂട്ടൽ. എന്നാൽ അതെല്ലാം ഇപ്പോൾ മാറിയിരിക്കുകയാണ്. മാത്രമല്ല, ഉത്തരേന്ത്യയിൽ വരൾച്ചയുണ്ടായാൽ പോലും കേരളത്തെ കാര്യമായി ബാധിക്കും. പച്ചക്കറി, അരി എന്നിവ ഉൾപ്പെടെയുള്ള സാധനങ്ങൾക്ക് വില കൂടും. വൈദ്യുതക്ഷാമം ഉണ്ടാകും.’– എം.ജി. മനോജ് വിശദീകരിച്ചു.

This year due to a shortage of rain in June, there is a dip in the area of flower gardens, said farmers. Photo: Jose Kurian/Manorama
This year due to a shortage of rain in June, there is a dip in the area of flower gardens, said farmers. Photo: Jose Kurian/Manorama

അത്തം കറുത്താൽ ഓണം വെളുക്കുമോ?

‘ഓണത്തിന് മഴയുണ്ടാകുമോ എന്നത് സംശയമാണ്. ഇനി ഉണ്ടായാൽ തന്നെ ചെറിയ അളവിൽ മാത്രമാകും. നിലവിൽ ഓഗസ്റ്റ് അവസാന വാരത്തിന്റെ കാലാവസ്ഥാ റിപ്പോർട്ട് പുറത്തുവന്നിട്ടില്ല. ’– എം.ജി. മനോജ് പറഞ്ഞു.

ഇടുക്കി ഡാമിൽ 32 % വെള്ളം മാത്രം

‘നിലവിലെ സാഹചര്യം തുടരുകയാണെങ്കിലും എല്ലാ മേഖലയിലും പ്രതിസന്ധികൾ ഉണ്ടാകും. ഇപ്പോൾതന്നെ പല ഭാഗങ്ങളിലും കൃഷിയുൾപ്പെടെയുള്ള ആവശ്യങ്ങൾക്ക് വെള്ളം ലഭിക്കാത്ത അവസ്ഥയിലാണ്. ഇതുവരെ ഉണ്ടായ മഴക്കുറവ് തരണം ചെയ്യാൻ പാകത്തിനുള്ള മഴ ഓഗസ്റ്റിൽ ഉണ്ടാകാൻ സാധ്യതയില്ല. സെപ്റ്റംബറിലെ കാര്യം കൃത്യമായി പറയാനാകില്ല. ഓഷ്യൻ ഡൈപോൾ പോസിറ്റീവ് ഫേസിലേക്ക് വരികയാണെങ്കിൽ മഴ ലഭിക്കും. എങ്കിലും തീവ്രമഴയ്ക്കുള്ള സാധ്യത കുറവാണ്. തുലാവർഷം നല്ലതുപോലെ ലഭിക്കുകയാണെങ്കിൽ ഇടുക്കി ഡാമിലെ ജലക്കുറവ് പരിഹരിക്കാനാകും. വൈദ്യുതിപ്രശ്നം ഒരു പരിധിവരെ തടയാനുമാകും. ഇപ്പോൾ 32 ശതമാനം വെള്ളം മാത്രമാണ് ഇടുക്കി ഡാമിൽ ഉള്ളൂ.’– കാലാവസ്ഥാ വിദഗ്ധൻ രാജീവൻ എരിക്കുളം മനോരമ ഓൺലൈനോട് വ്യക്തമാക്കി.

Read Also: വേട്ടയ്ക്കിറങ്ങിയ പുള്ളിപ്പുലി ചെന്ന് പെട്ടത് 50 കുരങ്ങന്മാർക്കിടയിൽ; വളഞ്ഞിട്ട് ആക്രമണം– വിഡിയോ

ഓഗസ്റ്റ് 18 ഓടെ വടക്കൻ ബംഗാൾ ഉൾക്കടലിൽ ന്യുനമർദം രൂപപ്പെടാൻ സാധ്യതയുണ്ട്. അതിനാൽ കേരളത്തിൽ അന്തരീക്ഷത്തിൽ നേരിയ മാറ്റത്തിനു സാധ്യത കാണുന്നു. ഓഗസ്റ്റ് 18 മുതൽ ഒന്നോ രണ്ടോ ദിവസം പല സ്ഥലങ്ങളിലും നേരിയ തോതിൽ തോതിൽ മഴ വർധിക്കാനും സാധ്യതയുണ്ടെന്ന് രാജീവൻ അറിയിച്ചു.

Content Highlights: Water Crisis | Rainfall | Climate

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com