പാമ്പുകളിൽ കാണുന്ന വിര മനുഷ്യമസ്തിഷ്കത്തിൽ; 8 സെ.മീ നീളമുള്ളവയെ കണ്ടെത്തിയത് ജീവനോടെ
Mail This Article
പാമ്പുകളിൽ കാണപ്പെടുന്ന വിര മനുഷ്യ മസ്തിഷ്കത്തിൽ ജീവനോടെ കണ്ടെത്തി. ഓസ്ട്രേലിയയിലെ ന്യൂ സൗത്ത് വെയ്ൽസിലെ 64കാരിയുടെ തലച്ചോറിൽ നിന്നാണ് 8 സെന്റിമീറ്റർ നീളമുള്ള വിരയെ കണ്ടെത്തിയത്. ഓസ്ട്രേലിയയിലെ കാൻബറ ആശുപത്രിയിൽ കഴിഞ്ഞ വർഷം നടന്ന സംഭവം ഇപ്പോഴാണ് പുറംലോകം അറിയുന്നത്.
ഓസ്ട്രേലിയയിൽ സജീവമായി കാണപ്പെടുന്ന പെരുമ്പാമ്പ് ഇനം കാർപെറ്റ് പൈതണില്‍ കാണുന്ന പരാദമാണ് ഒഫിഡാസ്കാരിസ് റോബേർട്സി എന്ന വിര. ആദ്യമായാണ് ഇത് മനുഷ്യനിൽ കണ്ടെത്തുന്നതെന്ന് കാൻബറ ആശുപത്രിയിലെ സാംക്രമികരോഗ വിദഗ്ധൻ ഡോ.സഞ്ജയ സേനാനായകെ വ്യക്തമാക്കി.
2021 ജനുവരിയിലാണ് സ്ത്രീ ആദ്യമായി ആശുപത്രിയിൽ എത്തിയത്. വയറിളക്കവും വയറുവേദനയ്ക്കും ചികിത്സ തേടിയശേഷം ഇവർ ആശുപത്രി വിട്ടു. എന്നാൽ മൂന്നാഴ്ച കഴിഞ്ഞപ്പോൾ ഇവർക്ക് ചുമ തുടങ്ങി. രാത്രി വിയർക്കാനും തുടങ്ങി. തുടർന്ന് വീണ്ടും ആശുപത്രിയിലെത്തുകയായിരുന്നു. അപ്പോഴേക്കും ഓർമക്കുറവും വിഷാദവും സ്ത്രീയ്ക്ക് ബാധിച്ചിരുന്നു. തലച്ചോറിന്റെ എംആർഐ സ്കാൻ എടുത്തപ്പോൾ ഇടതുഭാഗത്ത് ക്ഷതം കണ്ടെത്തി. ബയോപ്സിക്കായി അത് തുറന്നപ്പോഴാണ് നൂലുപോലെയുള്ള ജീവനുള്ള ചുവന്ന വിരയെ കിട്ടിയത്.
2022 ജൂണിലാണ് വിരയെ പുറത്തെടുത്തുന്നത്. ഇതിന്റെ ഡിഎൻഎ പരിശോധിച്ചപ്പോഴാണ് പാമ്പുകളിൽ കാണപ്പെടുന്ന പരാദമെന്ന് മനസ്സിലായത്. ഭക്ഷ്യയോഗ്യമായ ഇലകൾ കഴിച്ചതിലൂടെ വിരയുടെ ലാർവ സ്ത്രീയുടെ ശരീരത്തിലേക്ക് കടന്നതാകാമെന്ന് ഗവേഷകർ കരുതുന്നു. ഇലകളിൽ വീണ പാമ്പിന്റെ കാഷ്ഠത്തിൽ ഈ ലാർവ ഉണ്ടായിരുന്നിരിക്കാമെന്നും അവർ കരുതുന്നു. ‘എമേർജിങ് ഇൻഫെക്ഷ്യസ് ഡിസീസസ്’ എന്ന ജേണലിൽ കണ്ടെത്തലിന്റെ വിശദാംശങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ട്.
Content Highlights: Parasitic worm| Brain | Infection