വിരുന്നുവന്നവർ പോകുന്നില്ല; 43,000ലധികം ഇന്ത്യൻകാക്കകളെ തുരത്തിയോടിച്ച് ഒമാൻ
Mail This Article
വിരുന്നെത്തിയ ഇന്ത്യൻ കാക്കകൾ തിരിച്ചുപോകാത്തതിനെ തുടർന്ന് ഒമാനിൽ 43,753 ഇന്ത്യൻ കാക്കകളെ തുരത്തിയോടിച്ചു. 60,320 മൈനകൾ ഉൾപ്പെടെ 104,073 പക്ഷികളെയാണ് ആദ്യഘട്ടത്തിൽ തുരത്തിയത്. പരിസ്ഥിതിക്കും കാർഷിക വിളകൾക്കും ഭീഷണിയായതിനെ തുടർന്നാണ് ഇവയെ തുരത്താൻ തീരുമാനിച്ചത്. രണ്ടാംഘട്ട പ്രവർത്തനങ്ങൾ ദോഫാർ ഗവർണറേറ്റിൽ തിങ്കളാഴ്ച തുടക്കമിട്ടു.
സെപ്റ്റംബർ 4 മുതൽ 7 വരെ സദയിലും സെപ്റ്റംബർ 10 മുതൽ 15 വരെ മിർബാത്ത്, സെപ്റ്റംബർ 17–28 താഖ, ഒക്ടോബർ 1 മുതൽ 26വരെ സലാലയിലും പക്ഷികളെ തുരത്താനുള്ള ശ്രമങ്ങൾ നടക്കും. വരും മാസങ്ങളിൽ മസ്കറ്റ്, വടക്കൻ ബാത്തിന എന്നീ ഗവർണറേറ്റുകളിൽ നടപടികൾ തുടങ്ങും.
കുടിയേറിയ പക്ഷികൾ പ്രകൃതിദത്ത ഭക്ഷ്യ ശൃംഖലയെ തടസ്സപ്പെടുത്തുകയും, ജൈവ അസന്തുലിതാവസ്ഥ സൃഷ്ടിക്കുകയും ചെയ്യുന്നു. കൂടാതെ പക്ഷിപ്പനി പോലുള്ള രോഗങ്ങളുടെ വാഹകരായും വർത്തിക്കുന്നുവെന്ന് അധികൃതർ വ്യക്തമാക്കി. മറ്റ് പക്ഷികളുടെ കൂടുകളിൽ ചേക്കേറുന്ന മൈന അതിന്റെ കുഞ്ഞുങ്ങളെയും കൊല്ലുന്നതായി ഇവർ വ്യക്തമാക്കി. പക്ഷികൾ കൂടുതലുള്ള സ്ഥലങ്ങളിൽ കെണിവച്ച് പിടിച്ചും എയർഗൺ ഉപയോഗിച്ചുമാണ് ഇവയെ ഇല്ലാതാക്കാൻ ശ്രമിക്കുന്നത്.
ഒമാനിൽ ഏകദേശം 1,60,000ലധികം മൈനകൾ ഉണ്ടെന്നാണ് കണക്ക്. നെല്ല്, ഗോതമ്പ്, മുന്തിരി, ആപ്രിക്കോട്ട് എന്നീ കൃഷികൾക്ക് വൻ ഭീഷണിയാണ് ഇവർ ഉയർത്തുന്നത്.
Content Highlights: Dhofar | Invasive Birds | Birds | Indian Crow