ഭൂമിക്ക് പുറത്ത് 2 വിടവുണ്ടാക്കിയ മഹാഭൂകമ്പങ്ങൾ; കുലുങ്ങാതെ ഇർസിൻ: ഇപ്പോൾ മൊറോക്കോയിൽ
Mail This Article
ഈ വർഷത്തിലെ രണ്ടാമത്തെ മാരകമായ ഭൂചലനമാണ് മൊറോക്കോയിൽ ഇപ്പോൾ സംഭവിച്ചത്. സമീപകാലയളവിലെ ഏറ്റവും വലിയ ഭൂചലനങ്ങളിലൊന്നാണ് ഈ വർഷം ഫെബ്രുവരിയിൽ തുർക്കിയിലും പടിഞ്ഞാറൻ സിറിയയിലുമായി സംഭവിച്ചത്. അരലക്ഷത്തിലധികം ആളുകൾ ഇതിൽപെട്ട് മരണമടഞ്ഞു. 7.8, 7.7 തീവ്രതയിൽ നടന്ന രണ്ടു പ്രകമ്പനങ്ങളിലായി വ്യാപക നാശവും ഉടലെടുത്തു. ഇതെത്തുടർന്ന് ഭൂമിയുടെ പുറന്തോടിൽ 2 വിടവുകളുണ്ടായി. ഭൂകമ്പങ്ങൾ മൂലം പുറന്തള്ളപ്പെട്ട വലിയ ഊർജത്തിന്റെ സാക്ഷ്യപത്രമാണ് ഈ വിടവുകൾ. ഇത്രയും തീവ്രതയുള്ള രണ്ട് ഭൂകമ്പങ്ങൾ അടുത്തടുത്ത് സംഭവിക്കുന്നതും അപൂർവതയാണ്. വിടവുകളുടെ ചിത്രങ്ങൾ പ്രദേശത്തെ ശാസ്ത്രജ്ഞരും തങ്ങളുടെ ട്വിറ്ററിൽ പങ്കുവച്ചിരുന്നു.
തുർക്കിയിലെ ഗാസിയാൻടേപിൽ നിന്ന് 95 കിലോമീറ്റർ അകലെയായായിരുന്നു ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം. ഏകദേശം മൂന്നരലക്ഷം ചതുരശ്രകിലോമീറ്ററോളം വിസ്തീർണത്തിൽ നാശനഷ്ടങ്ങൾ ഉടലെടുത്തു. ജർമനിയുടെ വലുപ്പമുണ്ടായിരുന്നു ഈ ബാധിതമേഖലയ്ക്കെന്നുള്ളത് ഭൂകമ്പത്തിന്റെ വ്യാപ്തി വെളിവാക്കുന്ന സംഗതിയാണ്.
∙ഇർസിന്റെ കഥ
പതിറ്റാണ്ടിലെ തന്നെ ഏറ്റവും വലിയ ദുരന്തം ഭൂകമ്പത്തിന്റെ രൂപത്തിൽ തുർക്കിയിലും സിറിയയിലും നടമാടിയപ്പോഴും തുർക്കിയിലെ ഒരു ചെറുപട്ടണമായ ഇർസിനെ ഭൂകമ്പം ഒട്ടും ബാധിച്ചില്ലെന്നുള്ളത് അദ്ഭുതമായിരുന്നു. ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രമായ കഹ്റാമൻമറാഷിൽ നിന്ന് 70 കിലോമീറ്റർ മാത്രം അകലെ സ്ഥിതി ചെയ്യുന്നതാണ് ഇർസിൻ പട്ടണം. യസിലികാന്റ് എന്നും ഇർസിനു പേരുണ്ട്. ഭൂകമ്പം വൻ നാശം വിതച്ച ഹതായി പ്രവിശ്യയിൽ മെഡിറ്ററേനിയൻ തീരത്തിനു സമീപത്തായാണു പട്ടണം സ്ഥിതി ചെയ്യുന്നത്. 31,732 പേർ ഇവിടെ താമസിക്കുന്നു.
ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രത്തിൽ നിന്ന് ഇർസിനേക്കാൾ അകലെ സ്ഥിതി ചെയ്ത പട്ടണങ്ങൾ പോലും നശിച്ചു. എന്നാൽ ഇർസിനിൽ ചില കെട്ടിടങ്ങളിൽ വിള്ളലുകളും വിടവുമൊക്കെ വീണതല്ലാതെ വലിയ നാശനഷ്ടമില്ല. എന്നാൽ കുറേയേറെ കെട്ടിടങ്ങൾ താമസയോഗ്യമല്ലാതായിട്ടുണ്ടെന്ന് വിദഗ്ധർ പറയുന്നു. ഒരു മരണം പോലും ഭൂകമ്പത്താൽ ഇവിടെ സംഭവിച്ചിട്ടില്ല.
Content Highlights: Earthquake | Turkey | Syria | Morocco