ദുരന്തം തീർത്ത് ഡാനിയൽ കൊടുങ്കാറ്റ്; ലിബിയയിൽ മരണം 5,000 കടന്നു; 10,000ത്തോളം പേരെ കാണാനില്ല
Mail This Article
1942 മുതൽ അഞ്ച് വെള്ളപ്പൊക്കങ്ങൾ കണ്ട നഗരമാണ് വടക്കേ ആഫ്രിക്കൻ രാജ്യമായ ലിബിയയിലെ ഡെർന. കാലത്തിനനുസരിച്ചുള്ള മാറ്റങ്ങൾ ഉണ്ടായില്ലെങ്കിൽ സ്ഥിരമായ വെള്ളപ്പൊക്കം ഡെർനയ്ക്ക് ഭീഷണിയാണെന്ന് ലിബിയയിലെ ഒമർ അൽ–മുഖ്താർ സർവകലാശാലയിലെ ശാസ്ത്രജ്ഞൻ അബ്ദുൾവാനീസ് എ.ആർ. അഷൂ നേരത്തെ അറിയിച്ചിരുന്നു. ഡാമുകളുടെ അറ്റകുറ്റപ്പണികൾ നടത്തണമെന്നും അദ്ദേഹം നിർദേശിച്ചിരുന്നു. എന്നാൽ ഇതൊന്നും അധികൃതർ ചെവികൊണ്ടില്ലെന്നതിന്റെ തെളിവാണ് ഇപ്പോഴത്തെ പ്രളയം.
കിഴക്കൻ ലിബിയയിൽ ഞായറാഴ്ച എത്തിയ ഡാനിയൽ കൊടുങ്കാറ്റാണ് സർവനാശത്തിനു പിന്നിൽ. ഏകദേശം 440 മില്ലി മീറ്റർ മഴയാണ് പ്രദേശത്ത് പെയ്തത്. ഇതിനിടെ ഡെർനയിലെ രണ്ട് അണക്കെട്ടുകൾ കൂടി തകർന്നതോടെ പ്രളയഭൂമിയായി ലിബിയ മാറുകയായിരുന്നു.
കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും പെട്ട് 5000ത്തിലധികം പേരുടെ ജീവനാണ് പൊലിഞ്ഞിരിക്കുന്നത്. സർക്കാർ റിപ്പോർട്ട് അനുസരിച്ച് 5,300 പേർ മരിച്ചതായാണ് വിവരം. 10,000ത്തോളം പേരെ കാണാതായിട്ടുണ്ട്. ഇവർക്കായുള്ള തിരച്ചിൽ പുരോഗമിക്കുകയാണ്.
രക്ഷാപ്രവർത്തകർക്ക് കൃത്യമായി സ്ഥലത്ത് ദുരന്തം നടന്ന് 36 മണിക്കൂറിനു ശേഷമാണ്. കെട്ടിടങ്ങളും റോഡുകളുമെല്ലാം പ്രളയത്തിൽ ഒലിച്ചുപോയി. നിരവധി മൃതദേഹങ്ങൾ ചെളിയിൽ പുതഞ്ഞുകിടക്കുന്നുണ്ടാകുമെന്നും അല്ലെങ്കിൽ മെഡിറ്ററേനിയൻ കടലിലേക്ക് ഒഴുകിപോയിട്ടുണ്ടാകുമെന്നും കിഴക്കൻ ലിബിയയിലെ ആരോഗ്യമന്ത്രി ഓത്‌മാൻ അബ്ദുൾ ജലീൽ വ്യക്തമാക്കി.
ഡെർന നഗരത്തിന്റെ 25 ശതമാനവും പ്രളയമെടുത്തുവെന്നാണ് സർക്കാർ റിപ്പോർട്ട്. ഇവിടെ ഏകദേശം 1,25,000 പേർ താമസിച്ചിരുന്നതായാണ് വിവരം. രണ്ട് ജില്ലകളിൽ മാത്രം 2,000ത്തിലധികം പേർക്ക് ജീവൻ നഷ്ടമായിട്ടുണ്ട്.
ഡെർനയെ കൂടാതെ ബെംഗാസി, സുസ, മർജ്, ഷാഹത് എന്നീ സ്ഥലങ്ങളിലും പ്രളയം ബാധിച്ചിട്ടുണ്ട്. നൂറിലധികം കുടുംബങ്ങളെ സ്കൂളിലും സർക്കാർ കെട്ടിടങ്ങളിലുമായി മാറ്റിപ്പാർപ്പിച്ചതായി അധികൃതർ അറിയിച്ചു.
ഈജിപ്ത്, തുർക്കി, ഇറാൻ തുടങ്ങിയ നിരവധി രാജ്യങ്ങൾ ലിബിയയ്ക്ക് സഹായവുമായി രംഗത്തെത്തിയിട്ടുണ്ട്. യുഎസ് പ്രസിഡന്റ് ജോ ബൈഡൻ, ഫ്രാൻസിസ് മാർപാപ്പ തുടങ്ങി നിരവധി ലോകനേതാക്കൾ ദുഃഖം രേഖപ്പെടുത്തിയിട്ടുണ്ട്.
Content Highlights: Libya | Flood | Storm