വവ്വാലുകൾ വൈറസുകളുടെ കലവറ; എന്തുകൊണ്ട്? മനുഷ്യരിലേക്ക് എങ്ങനെ?
Mail This Article
പേവിഷത്തിനിടയാക്കുന്ന വൈറസ്, മാർബർഗ് വൈറസ്, ഹെൻഡ്ര, നിപ്പ വൈറസ്, സാർസ് കോവ്–2 തുടങ്ങിയവ വവ്വാലുകൾക്ക് ദോഷമുണ്ടാക്കാതെ അവയിൽ തന്നെ ജീവിക്കാറുണ്ട്. എന്തുകൊണ്ട് വവ്വാലുകൾ ഇത്രയധികം വൈറസുകളുടെ വാഹകരാകുന്നു. ഈ ചോദ്യത്തിന് ഉത്തരം കിട്ടണമെങ്കിൽ ആദ്യം വിലയിരുത്തേണ്ടത് വവ്വാലുകളുടെ ജീവിതരീതിയാണ്. പൂക്കളുടെ പരാഗണം, വിത്തുകളുടെ വിതരണം തുടങ്ങിയവയിൽ വവ്വാലുകൾ പ്രധാന പങ്കു വഹിക്കുന്നു. നമ്മളെ കടിക്കുന്നതും പ്രകൃതിയിലെ ഫലങ്ങളും മറ്റും കഴിക്കുന്നവയുമായ പ്രാണികളെ വവ്വാലുകള്‍ ഭക്ഷണമാക്കാറുണ്ട്. മനുഷ്യരിലേക്കു പകരുന്ന പല ഗുരുതര രോഗങ്ങളുടെ വൈറസുകളെയും ഇവ ഇത്തരത്തിൽ വഹിക്കുന്നു.
പറക്കാൻ കഴിവുള്ള ഏക സസ്തനിയായതിനാലായിരിക്കാം വവ്വാലുകളിൽ ഇത്രയധികം വൈറസുകൾ പാർക്കാൻ കാരണമെന്ന് സിംഗപ്പൂരിലെ ഡ്യൂക്ക് – നാഷനൽ സർവകലാശാലയിലെ വൈറോളജിസ്റ്റായ ഡോ. ലിൻഫ വാങ് കരുതുന്നു.‘‘പറക്കുമ്പോൾ വവ്വാലുകളുടെ ശരീര താപനില 42 ഡിഗ്രി സെൽഷ്യസായി വർധിക്കും. ഹൃദയമിടിപ്പ് മിനിറ്റിൽ ആയിരവും. ദിവസവും മണിക്കൂറുകൾ പറക്കുന്നതിന് വവ്വാലുകൾക്ക് വലിയ തോതിലുള്ള ഊർജം ആവശ്യമാണ്. ഈ അമിതമായ ഊർജവിനിമയം നടക്കുമ്പോഴും കോശങ്ങൾ തകർന്നുപോകാതിരിക്കാനുള്ള പ്രതിരോധ സംവിധാനവും വവ്വാലുകളിലുണ്ട്. ഈ പ്രതിരോധം തന്നെയാവാം ഇത്തരം വൈറസുകൾ ശരീരത്തെ കീഴ്പ്പെടുത്തുന്നതിൽനിന്ന് വവ്വാലുകളെ രക്ഷിക്കുന്നത് (ഈ ശക്തമായ സംവിധാനം മനുഷ്യരിലില്ല).’’ – വാങ് പറയുന്നു.
എബോള വൈറസിനു കാരണമായ സയർ
2013–16ൽ പടിഞ്ഞാറൻ ആഫ്രിക്കയിൽ പൊട്ടിപ്പുറപ്പെട്ട എബോള വൈറസിനു കാരണമായ സയർ ശ്രേണിയിൽപ്പെട്ട വൈറസിനെ ലൈബീരിയയിലെ വവ്വാലുകളിൽ കണ്ടെത്തിയതായി 2019 ജനുവരിയിൽ കൊളംബിയ സർവകലാശാലയിലെ മെയിൽമാൻ സ്കൂൾ ഓഫ് പബ്ലിക് ഹെൽത്തും ഇക്കോഹെൽത്ത് അലയൻസും ചേർന്നു പ്രഖ്യാപിച്ചിരുന്നു. 11,000 ൽ അധികം മരണങ്ങൾ ആണ് എബോള ബാധിച്ച് ഉണ്ടായത്.
Content Highlights: Virus | Bats | China