ഓസോൺ നശിച്ചാൽ എന്ത് സംഭവിക്കും? ഭൂമിയിൽ സർവനാശം ഫലം
Mail This Article
നമ്മളിൽ മിക്കവരും വെയിലത്തേക്കിറങ്ങും മുൻപ് സൺസ്‌ക്രീൻ ഉപയോഗിക്കാറുണ്ട്. സൂര്യനിൽ നിന്നുള്ള ഹാനികരമായ രശ്മികളിൽ നിന്ന് ചർമത്തെ സംരക്ഷിക്കാനായാണ് ഇത്. പ്രകൃതിയൊരുക്കിയ ഒരു സൺസ്‌ക്രീനും നമുക്കുണ്ട്. ഭൂമിയെ സൂര്യനിൽ നിന്നുള്ള തീവ്രരശ്മികളിൽ നിന്നു സംരക്ഷിക്കുന്ന ഓസോൺ പാളിയാണ് ആ സൺസ്‌ക്രീൻ. പൊടുന്നനെ ഓസോൺ ഇല്ലാതെയായാൽ എന്തായിരിക്കും ഭൂമിയിലെ അവസ്ഥ. ആരെങ്കിലും എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ?
ഓസോൺ പാളി ഇല്ലാതെയായാൽ അൾട്രാവയലറ്റ് രശ്മികൾ നേരിട്ടു ഭൂമിയിലെത്തും. മനുഷ്യരുടെയും മൃഗങ്ങളുടെയും ഡിഎൻഎയെ അതു നശിപ്പിക്കും. ത്വക്കിലുണ്ടാകുന്ന കാൻസർ ബാധകളുടെ എണ്ണം പെട്ടെന്നു കൂടും. പക്ഷേ വേറെയും പ്രശ്‌നങ്ങളുണ്ട്. ഓസോൺ പാളി അപ്രത്യക്ഷമായി ദിവസങ്ങൾക്കുള്ളിൽ തന്നെ പല ചെടികളും അപ്രത്യക്ഷമാകും. സൂര്യപ്രകാശത്തിനു തീവ്രതയേറുന്നതിനാൽ ചെടികൾക്ക് പ്രകാശസംശ്ലേഷണം നടത്താൻ കഴിയാതാകുന്നതോടെയാണ് ഇത്.
Read Also: കുരങ്ങുകളെപ്പോലെ മരംകയറി ജീവിതം; നഗരം വിട്ട് യുവാക്കൾ: തരംഗമായി ടാർസൻ മൂവ്‌മെന്റ്
താമസിയാതെ വൻമരങ്ങളുൾപ്പെടെ അപ്രത്യക്ഷമാകും. ഇതോടെ ഭൂമിയിലെ ഭക്ഷണശൃംഖല തകരും. സസ്യാഹാരികളായ മൃഗങ്ങൾ ഭക്ഷണമില്ലാതെ മരിക്കും. താമസിയാതെ മറ്റു മൃഗങ്ങളും മനുഷ്യരും ഭൂമിയിൽ ഇല്ലാതെയാകും. ചുരുക്കിപ്പറഞ്ഞാൽ സർവനാശമാകും ഫലം.
ഓസോൺ പാളി നമുക്കായി വളരെ വലിയ സേവനമാണ് ചെയ്യുന്നത്. അന്തരീക്ഷ ഓസോണിന്റെ 90 ശതമാനവും സ്ഥിതി ചെയ്യുന്നത് സ്ട്രാറ്റോസ്ഫിയർ മേഖലയിലാണ്. അന്തരീക്ഷത്തിലെ ഓക്‌സിജനും ഓസോണും അൾട്രാവയലറ്റ് രശ്മികളെ ആഗിരണം ചെയ്ത് അവയെ താപോർജമാക്കി മാറ്റും. ഇത്തരത്തിൽ ഭൂമിയിലേക്കു പതിക്കുന്ന 98 ശതമാനം രശ്മികളും ആഗിരണം ചെയ്യപ്പെടും.
ഓസോൺ പാളി നമ്മുടെ സംരക്ഷണ കവചമാണ്. ഇതില്ലാതെയാകുന്ന അവസ്ഥ തീർച്ചയായും അതീവഭയാനകമായിരിക്കും. ഓസോൺ പാളി നീണാൾ വാഴട്ടെ!
Content Highlights: Ozone Day | Earth |Sunscreen