തെളിഞ്ഞ ജലാശയം പെട്ടെന്ന് പച്ചനിറമായി; രൂക്ഷഗന്ധവും: കക്ക ഫാമുകൾ നശിച്ചു
Mail This Article
തായ്‌ലൻഡിലെ ഛോൻബുരിയിൽ തെളിഞ്ഞ ജലാശയം പെട്ടെന്ന് പച്ചനിറമായി. മത്സ്യത്തൊഴിലാളികൾ നടത്തിയിരുന്ന കക്ക ഫാമുകളെല്ലാം നശിച്ചു. ചെറുമത്സ്യങ്ങളും ചത്തുപൊങ്ങിയതോടെ പ്രദേശം ശ്മശാന സമാനമാവുകയായിരുന്നു.
പ്ലാങ്ക്ടൺ എന്നയിനം സൂക്ഷ്മ ജീവികളാണ് നിറമാറ്റത്തിന് പിന്നിൽ. സാധാരണ അളവിനേക്കാൾ പത്തിരട്ടിയിലധികം പ്ലാങ്ക്ടണുകൾ ഈ മേഖലയിൽ വർധിക്കുന്നതായി സമുദ്ര ഗവേഷകർ പറയുന്നു. മത്സ്യസമ്പത്തിനെ സാരമായി തന്നെ ഇത് ബാധിക്കുമെന്ന് ഇവർ വ്യക്തമാക്കി.
വർഷത്തിൽ രണ്ട് തവണയാണ് ഇവയെ കാണാറുള്ളത്. രണ്ട് ദിവസത്തിനകം ഇത് പോവുകയും ചെയ്യും. എന്നാൽ ഇപ്പോൾ വലിയ മാറ്റങ്ങളാണ് സംഭവിച്ചിരിക്കുന്നത്. സൂര്യപ്രകാശം കടത്തിവിടാതെ പ്ലാങ്ക്ടണുകൾ ഓക്സിജൻ പരമാവധി വലിച്ചെടുക്കുന്നു. ഇതുമൂലം ജലത്തിലെ ചെറുമത്സ്യങ്ങൾ ചത്തൊടുങ്ങുന്നു. പ്ലാങ്ക്ടണിന്റെ പെരുകൽ ആഗോളതാപനവുമായി ബന്ധപ്പെട്ടു കിടക്കുന്നുവെന്ന് ഗവേഷകർ വ്യക്തമാക്കി.
Content Highlights: Marine Plants | Eco system