ന്യൂയോർക്ക് ചിലയിടങ്ങളിൽ മുങ്ങുന്നു: പുതിയ പഠനവുമായി നാസ
Mail This Article
ലോകത്തിലെ ഏറ്റവും പ്രശസ്തിയേറിയതും വികസിക്കപ്പെട്ടതും അംബരചുംബികൾ നിറഞ്ഞതുമായ നഗരമാണ് ന്യൂയോർക്ക്. നാസയുടെ ജെറ്റ് പ്രൊപ്പൽഷൻ ലബോറട്ടറി ഇന്റർഫെറോമെട്രിക് സിന്തറ്റിക് അപ്പർചർ റഡാർ (ഇൻസാർ) എന്ന ഇന്റർഫെറോമെട്രിക് സിന്തറ്റിക് അപ്പർചർ റഡാർ ഇപ്പോൾ ഒരു പഠനം പുറത്തുവിട്ടിരിക്കുകയാണ്. ന്യൂയോർക്ക് വിവിധയിടങ്ങളിൽ മുങ്ങുന്നെന്നാണു പഠനഫലം.
2016 മുതൽ 2023 വരെയുള്ള കാലയളവിലാണ് പഠനം നടന്നത്. ശരാശരി, നഗര മേഖല വർഷത്തിൽ 1.6 മില്ലിമീറ്റർ എന്ന തോതിലാണ് താഴുന്നത്. എന്നാൽ ഈ ശരാശരിയിൽ നിന്നും ഉയർന്ന തോതിൽ താഴുന്ന സ്ഥലങ്ങളും ചൂണ്ടിക്കാട്ടാൻ പഠനത്തിനു കഴിഞ്ഞിട്ടുണ്ട്. ലാഗാർഡിയ വിമാനത്താവളത്തിന്റെ റൺവേ വർഷംതോറും 3.7 മില്ലിമീറ്റർ തോതിലും ആർതർ ആഷെ സ്റ്റേഡിയം വർഷത്തിൽ 4.6 മില്ലിമീറ്റർ എന്ന തോതിലുമാണ് താഴുന്നത്.
ന്യൂയോർക്ക് താഴ്ന്നുകൊണ്ടിരിക്കുകയാണെന്ന് കഴിഞ്ഞ ജൂണിൽ പുറത്തിറങ്ങിയ പഠനത്തിലുമുണ്ടായിരുന്നു. നഗരത്തിൽ സ്ഥിതി ചെയ്യുന്ന അംബരചുംബികളുടെ അമിതഭാരം മൂലമാണ് ഈ പ്രതിഭാസമെന്നു പഠനം പറഞ്ഞു. ന്യൂയോർക്കിൽ വെള്ളപ്പൊക്കമുണ്ടാകാനുള്ള സാധ്യതയും പഠനം ഉയർത്തിക്കാട്ടി. ലോകമെങ്ങുമുള്ള കാലാവസ്ഥാ വ്യതിയാനത്തിന്റെ ഭാഗമായി മഞ്ഞുപാളികൾ വൻതോതിൽ ഉരുകുന്നത് കൂടി കണക്കിലെടുക്കുമ്പോൾ നഗരത്തിലെ പ്രളയസാധ്യത ഈ നൂറ്റാണ്ടിനവസാനം ഇപ്പോഴുള്ളതിൽ നിന്നു നാലുമടങ്ങാകുമെന്ന് പഠനം പറയുന്നു. പഠനത്തിന്റെ ഭാഗമായി നഗരത്തിൽ സംഭവിക്കുന്ന പ്രളയജലത്തിന്റെ അളവും ഗവേഷകർ കണക്കാക്കി. ഈ ഫലങ്ങളെല്ലാം എർത് ഫ്യൂച്ചർ എന്ന ജേണലിൽ പ്രസിദ്ധീകരിച്ചു.
84 ലക്ഷം ജനങ്ങൾ പാർക്കുന്ന നഗരമാണ് ന്യൂയോർക്ക്. ഇവിടെ മാത്രമല്ല ഇത്തരം സ്ഥിതികളുള്ളത്. 1527ൽ സ്ഥാപിക്കപ്പെട്ട വൻനഗരമായ ജക്കാർത്തയാണ് ഇന്തൊനീഷ്യയുടെ തലസ്ഥാനം. ഏഷ്യയിലെ മെഗാനഗരങ്ങളിലൊന്നായ ജക്കാർത്തയിൽ മൂന്നു കോടിയിലധികം പേർ താമസിക്കുന്നുണ്ട്. ജാവൻ തീരത്തു സ്ഥിതി ചെയ്യുന്ന ഈ നഗരവും ഇതിലും രൂക്ഷമായ ദുർവിധി നേരിടുകയാണ്. ഓരോ വർഷവും 25 സെന്റിമീറ്റർ വച്ച് ഈ നഗരം മുങ്ങിക്കൊണ്ടിരിക്കുകയാണെന്ന് ശാസ്ത്രജ്ഞർ പറയുന്നു.
അമിതമായ അളവിൽ ഭൂഗർഭജലം ഖനനം ചെയ്തതാണ് ഇതിനു കാരണമായത്. 2050 ആകുമ്പോഴേക്ക് ഈ മഹാനഗരത്തിന്റെ 95 ശതമാനവും മുങ്ങുമെന്നാണു പ്രതീക്ഷിക്കപ്പെടുന്നത്. ഇതു കണക്കിലെടുത്താണ് ഇന്തൊനീഷ്യ തലസ്ഥാനം ജക്കാർത്തയിൽ നിന്നു കിഴക്കൻ കാലിമന്റാനിലേക്കു മാറ്റാൻ പോകുന്നതെന്നും അഭ്യൂഹങ്ങളുണ്ടായിരുന്നു.
Content Highlights: New York City is Sinking Faster than Expected