ADVERTISEMENT

മേഘസ്ഫോടനത്തെത്തുടർന്നുണ്ടായ മിന്നൽപ്രളയത്തിൽ തകർന്നടിഞ്ഞ് സിക്കിം. വീടുകളും റോഡുമെല്ലാം നിമിഷനേരം കൊണ്ട് ഒലിച്ചുപോവുകയായിരുന്നു. ഇതിന്റെ ഭയാനക ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയാണ്. റോഡിന്റെ ഒരു ഭാഗം ഇടിഞ്ഞ് തകർന്ന നിലയിലാണ്. കൂടാതെ ഒരിടത്ത് റോഡ് തകർത്ത് നടുവിലൂടെ പ്രളയജലം കുത്തിയൊഴുകുന്നുണ്ട്. എന്തുചെയ്യണമെന്നറിയാതെ റോഡിന്റെ ഇരുവശത്തും ആളുകൾ നിൽക്കുകയാണ്.

ഇതുവരെ 14 മരണമാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. വടക്കൻ സിക്കിമിലെ മംഗനിലുള്ള ലൊനക് നദീ മേഖലയിൽ ബുധനാഴ്ച പുലർച്ചെ ഒന്നരയോടെയാണു മേഘസ്ഫോടനമുണ്ടായത്. കഴിഞ്ഞ വ്യാഴാഴ്ച മുതൽ പ്രദേശത്തു വ്യാപകമഴയുണ്ടായിരുന്നു. ലൊനകിൽനിന്നു ടീസ്റ്റയിലേക്കു വെള്ളമൊഴുകിയതോടെ, ചുങ്താം ഡാം തുറന്നു. ഇതാണു പ്രളയത്തിനു കാരണമായത്. 

വെള്ളം കുത്തിയൊലിച്ചതോടെ ഡാം പിന്നീട് ഭാഗികമായി തകർന്നു. മണിക്കൂറുകൾക്കുള്ളിൽ 15 – 20 അടി വരെ ജലനിരപ്പുയർന്നതോടെ കരയിലുള്ളതെല്ലാം തകർത്തെറിഞ്ഞു ടീസ്റ്റ നദി കുത്തിയൊഴുകി. തലസ്ഥാനമായ ഗാങ്ടോകിൽനിന്നു 30 കിലോമീറ്റർ അകലെയുള്ള പാക്യോങ് സേനാ ക്യാംപിലെ സൈനികർ ഒഴുക്കിൽപെട്ടു. ഉത്തര ബംഗാളിലും സിക്കിമിലുമുള്ള മറ്റു സൈനികർ സുരക്ഷിതരാണെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്.  സൈനികക്യാംപും സൈനികവാഹനങ്ങളുമെല്ലാം പ്രളയത്തിൽ മുങ്ങിയ നിലയിലാണ്.

Read Also: ഒരു ഭാഗത്ത് ഫാഷൻവീക്ക്; മറ്റൊരു ഭാഗത്ത് മൂട്ടകടി: പ്രതിസന്ധിയിലായി പാരിസ് നഗരം

മംഗൻ, പാക്യോങ്, ഗാങ്ടോക്, നാംചി ജില്ലകളിലാണ് വ്യാപക നാശമുണ്ടായത്. ദിക്ചു, റങ്പോ, സിങ്തം നദികള്‍ കരകവിഞ്ഞ് ഒഴുകുകയാണ്. വടക്കൻ സിക്കിമിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളായ ലാച്ചുങ്, ചുങ്താങ്, ഗുർദോങ്മർ എന്നിവിടങ്ങളിലേക്കുള്ള റോഡുകൾ തകർന്നിട്ടുണ്ട്. വാർത്താവിനിമയ സംവിധാനങ്ങൾ തകരാറിലായത് രക്ഷാപ്രവർത്തനത്തെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്.  വടക്കൻ സിക്കിമിൽ 4 മാസത്തിനിടെയുണ്ടാകുന്ന രണ്ടാമത്തെ മിന്നൽപ്രളയമാണിത്. കഴിഞ്ഞ ജൂണിലെ പ്രളയത്തിലും വ്യാപകനാശമുണ്ടായി.

Content Highlights: Sikkim | Flash flood | Environment

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com