ADVERTISEMENT

12,000 വർഷങ്ങൾക്കു മുൻപ് ഇസ്രയേലിൽ താമസിച്ചിരുന്ന പ്രാചീനജനതയായിരുന്നു നറ്റൂഫിയൻമാർ. ലെവാന്റ് മേഖലയിലാണ് നറ്റൂഫിയൻ സംസ്‌കാരം പടർന്നു പന്തലിച്ചിരുന്നത്. ഇക്കാലത്തെ ഇസ്രയേൽ, പലസ്തീൻ, ജോർദാൻ, ലബനൻ തുടങ്ങിയവയടങ്ങുന്നതാണു ലെവാന്റ് മേഖല.

വേട്ടയാടിയും കാട്ടുവസ്തുക്കൾ ശേഖരിച്ചും ജീവിച്ചിരുന്ന സമൂഹമാണ് നറ്റൂഫിയൻമാർ. കല്ലുകൾ ഉപയോഗിച്ച് ഉപകരണങ്ങളുണ്ടാക്കുന്നതിൽ വിദഗ്ധരായിരുന്നു ഇവർ. വേട്ടയ്ക്കും മീൻപിടിക്കാനും ചെറിയ തോതിലുള്ള കൃഷിക്കുമൊക്കെ ഉപയോഗിക്കാവുന്ന തരത്തിലുള്ള ഉപകരണങ്ങൾ അവർ നിർമിച്ചിരുന്നു. എന്നാൽ ഇവരെക്കുറിച്ചുള്ള കൗതുകകരമായ ഒരു ഗവേഷണം കഴിഞ്ഞ ജൂണിൽ പുറത്തിറങ്ങിയിരുന്നു. നേച്ചർ സയന്റിഫിക് റിപ്പോർട്ട്സ് എന്ന ശാസ്ത്രജേണലിലാണ് ഇതു സംബന്ധിച്ച പഠനം പ്രസിദ്ധീകരിച്ചത്. ഇസ്രയേലില്‍ ഗെയ്‌ലി കടലിനു സമീപം കണ്ടെത്തിയ ചില ഓടക്കുഴലുകളാണ് ഈ പഠനത്തിന് അടിസ്ഥാനമായത്.

Archaeologists Unearth Mesmerizing 12,000-Year-Old Bone Flutes. (Photo: Twitter/@TroubledMindsR)
Archaeologists Unearth Mesmerizing 12,000-Year-Old Bone Flutes. (Photo: Twitter/@TroubledMindsR)

വടക്കൻ ഇസ്രയേലിലെ ഐൻ മല്ലാഹ പുരാവസ്തു കേന്ദ്രത്തിലായിരുന്നു ഈ ഓടക്കുഴലുകൾ. 1950ൽ ആണു ഈ പുരാവസ്തു കേന്ദ്രം കണ്ടെത്തിയത്. എന്നാൽ പിന്നെയും ഏഴുപതിറ്റാണ്ടുകൾ കഴിഞ്ഞാണ് ഈ സ്ഥലത്തു നിന്ന് കുറേയേറെ ഓടക്കുഴലുകൾ കണ്ടെത്തിയത്. 12000 വർഷം പഴക്കമുള്ളവയായിരുന്നു ഇവ. ഏഴോളം ഓടക്കുഴലുകളാണ് ഐൻ മല്ലാഹയിൽ നിന്നു കണ്ടെത്തിയത്. ജലത്തിൽ ജീവിക്കുന്ന ഏതോ പക്ഷികളുടെ എല്ലുകൾ ഉപയോഗിച്ച് നിർമിച്ചവയാണ് ഇവ. ഓടക്കുഴലുകളിൽ ഒരെണ്ണം മാത്രമാണ് ഇപ്പോഴും പൂർണരൂപത്തിൽ ഉള്ളത്. ആറര സെന്റിമീറ്ററുള്ള ഇതൊഴിച്ച് ബാക്കിയുള്ളവയ്‌ക്കെല്ലാം എന്തെങ്കിലും തരത്തിലുള്ള നാശനഷ്ടമുണ്ട്.

ഇവയിൽ നിന്നു വരുന്ന ശബ്ദം കംപ്യൂട്ടർ സംവിധാനങ്ങൾ ഉപയോഗിച്ച് പരിശോധിച്ചപ്പോഴാണ് ശാസ്ത്രജ്ഞർ ഒരു കാര്യം മനസ്സിലാക്കിയത്. അക്കാലത്ത് മേഖലയിൽ പറന്ന ചില ഇരപിടിയൻ പക്ഷികളുടെ ശബ്ദവുമായി വളരെ സാമ്യമുണ്ടായിരുന്നു ഈ ഓടക്കുഴലുകളിൽനിന്ന് പുറത്തുവന്ന ശബ്ദത്തിന് എന്തിനായിരിക്കാം ഇങ്ങനെ പക്ഷിയുടെ ശബ്ദമുള്ള ഒരു ഓടക്കുഴൽ നറ്റൂഫിയൻ സംസ്‌കാരത്തിലെ ആളുകൾ ഉപയോഗിച്ചത്? പല സാധ്യതകൾ ശാസ്ത്രജ്ഞർ മുന്നോട്ടുവയ്ക്കുന്നു.

വേട്ടയാടാനാകാം ഇതുപയോഗിച്ചതെന്നാണ് ഒരു വാദം. പക്ഷികളുമായി ആശയവിനിമയം നടത്താനാകാം ഇതുപയോഗിച്ചതെന്നും ഒരു സാധ്യത മുന്നോട്ടു വയ്ക്കപ്പെടുന്നു. ഏതായാലും ശബ്ദശാസ്ത്രത്തിൽ നട്ടൂഫിയൻമാർ പുലർത്തിയ വൈദഗ്ധ്യം ശാസ്ത്രലോകത്തെ അദ്ഭുതപ്പെടുത്തി.

ലോകത്തിൽ കണ്ടെത്തിയിട്ടുള്ള ഏറ്റവും പഴക്കമുള്ള ഫ്‌ളൂട്ട് 60,000 വർഷം പഴക്കമുള്ളതാണ്. സ്ലോവേനിയയിലെ ദിവ്‌ജെ ബാബെ ഗുഹയിൽ നിന്നു കണ്ടെത്തിയ ഇത് ഗുഹയിൽ ജീവിച്ച ഒരിനം പ്രാചീന കരടികളുടെ അസ്ഥികൾ കൊണ്ടായിരുന്നു നിർമിച്ചത്.

English Summary:

Discover the Ancient Flutes That Reveal Startling Secrets About the Natufians in Israel

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com