ഇസ്രയേൽ തീരങ്ങളിലടിഞ്ഞ കറുത്ത ടാർ! ഇറാനെതിരെ ആരോപിക്കപ്പെട്ട പരിസ്ഥിതി യുദ്ധം
Mail This Article
2021ൽ കടലിലുണ്ടായ എണ്ണച്ചോർച്ച മൂലം ഇസ്രയേലിന്റെ തീരപ്രദേശങ്ങളിൽ വൻതോതിൽ കറുത്ത ടാർ അടിഞ്ഞുകൂടിയിരുന്നു. വലിയ പരിസ്ഥിതി നാശമാണ് ഇസ്രയേലിൽ ഈ ടാർ ഉണ്ടാക്കിയത്. ഇസ്രയേൽ അതുവരെ നേരിട്ടിട്ടുള്ള ഏറ്റവും വലിയ പരിസ്ഥിതി പ്രശ്നമാണ് ഇതെന്നും വിലയിരുത്തപ്പെട്ടു.
ടാർ അടിഞ്ഞതിനൊപ്പം തന്നെ കടലാമകളും കടൽപ്പക്ഷികളും ടാറിൽ മുങ്ങിയതിന്റെ ദൃശ്യങ്ങളും പ്രചരിച്ചു.മീനുകൾ, ജെല്ലിഫിഷ്,ആമകൾ തുടങ്ങിയവ ചത്തൊടുങ്ങുകയും ചെയ്തു. അക്കാലത്ത് തീരത്തടിഞ്ഞ ഒരു തിമിംഗലത്തിന്റെ വയറ്റിൽ നിന്നും ടാർ കണ്ടെടുത്തിരുന്നു. ഇതും ദുരന്തത്തിന്റെ വ്യാപ്തി വെളിപ്പെടുത്തുന്ന സംഭവമായി.
രാജ്യാന്തര തലത്തിൽ ഇസ്രയേലിന്റെ പ്രധാന എതിരാളിയാണ് ഇറാൻ. ഇരു രാജ്യങ്ങളും തമ്മിൽ കിടമാത്സര്യവും അപ്രഖ്യാപിത ശീതസമരവും നിലനിൽക്കുന്നു. ഇരുവരും അങ്ങോട്ടുമിങ്ങോട്ടും ആരോപണങ്ങളും പ്രത്യാരോപണങ്ങളും നടത്താറുമുണ്ട്.
അന്ന് ഇസ്രയേൽ ഇറാനെതിരെ ഉന്നയിച്ച ആരോപണം കൗതുകകരമായി. ഇറാൻ തങ്ങൾക്കെതിരെ പാരിസ്ഥിതിക യുദ്ധം നടത്തുന്നെന്നാണ് ഇസ്രയേൽ പരിസ്ഥിതി മന്ത്രി ഗില ഗാംലിയേൽ പറഞ്ഞത്. ഒരു സിറിയൻ കപ്പലിൽ നിന്നായിരുന്നു ചോർച്ച. ഈ കപ്പൽ ഇസ്രയേലിലെത്തുന്നതിനു മുൻപ് ഒരു ഇറാനിയൻ തുറമുഖത്തെത്തിയെന്നും ഗില പറഞ്ഞത് വലിയ ഒച്ചപ്പാടുണ്ടാക്കി. എന്നാൽ ഈ അവകാശവാദങ്ങൾക്ക് മന്ത്രിസഭയിലെ മറ്റുള്ളവരിൽ നിന്നു വലിയ പിന്തുണ കിട്ടിയില്ല.
1400 ടൺ ടാറാണ് അടിഞ്ഞത്. വലിയ ശുദ്ധീകരണ യജ്ഞങ്ങൾ ഇതിനിടെ തുടങ്ങി. ആയിരക്കണക്കിന് സന്നദ്ധ പ്രവർത്തകർ അന്ന് ടാർ നീക്കാനായി രംഗത്തിറങ്ങി. ഒരു വർഷം സമയമെടുത്താണ് ടാർ നീക്കിയത്. 1.4 കോടി യുഎസ് ഡോളർ പരിഹാരത്തിനായി അനുവദിക്കപ്പെട്ടു.190 കിലോമീറ്ററുള്ള ഇസ്രയേലിന്റെ തീരപ്രദേശത്ത് 170 കിലോമീറ്ററുകളിലും ടാർ അടിഞ്ഞിരുന്നു
തീരങ്ങൾ ശുദ്ധീകരിക്കാനും പ്രതിസന്ധിയിലായ ജീവജാലങ്ങളെ രക്ഷിക്കാനുമായി കോവിഡ് ഭീഷണി അവഗണിച്ചാണ് ഇസ്രയേലി സന്നദ്ധപ്രവർത്തകർ അന്ന് രംഗത്തെത്തിയത്. ഗ്രീൻ സീ ടർട്ടിൽസ് എന്നു പേരുള്ള അപൂർവമായ,വംശനാശഭീഷണി നേരിടുന്ന ആമകളും അന്നു ദുരിതത്തിലായി. ശ്വാസകോശത്തിലും വയറ്റിലും വരെ ടാർ കയറിയ നിലയിൽ ഇത്തരം ആമകളെ അന്നു കണ്ടെടുത്തിരുന്നു.
ഇവയുടെ വയറ്റിൽ നിന്നു ടാർ നീക്കം ചെയ്യാനായി മയണൈസാണ് അന്ന് നൽകിയത്. മയണൈസ് കഴിച്ചാൽ ആമകളുടെ വയറിലുള്ള ടാർ ഘട്ടം ഘട്ടമായി നശിച്ചുപോകുമെന്ന് ശാസ്ത്രജ്ഞർ പറഞ്ഞതിനെത്തുടർന്നായിരുന്നു ഇത്.