ADVERTISEMENT

ഇണചേരൽ കാലത്ത് ആൺ തവളകളുടെ ശ്രദ്ധയിൽ പെടാതിരിക്കാൻ ചില പെൺതവളകൾ ചത്തതുപോലെ  അഭിനയിക്കുമെന്ന് പഠനം. യൂറോപ്യൻ കോമൺ ഫ്രോഗ് ഇനത്തിൽപ്പെട്ട തവളകളിലെ പെൺ വർഗമാണ് ഈ പ്രത്യേക പെരുമാറ്റ രീതി പ്രകടിപ്പിക്കുന്നത്. ഇണചേരുന്ന കാലത്ത് ഒരു പെൺ തവളയിലേക്ക് ഒന്നിലധികം ആൺതവളകൾ ആകൃഷ്ടരാകാറുണ്ട്. ഇതേതുടർന്ന് ശാരീരികമായി ബന്ധപ്പെടാനായി ആൺതവളകൾ പെൺതവളയ്ക്ക് ചുറ്റും കൂടും. പല അവസരങ്ങളിലും ആറ് ആൺ തവളകൾ വരെ ഇത്തരത്തിൽ ഒന്നിനു പിന്നാലെ കൂടുന്നതായി പഠനങ്ങളിൽ കണ്ടെത്തിയിട്ടുണ്ട്. ഇത് പെൺ തവളകൾക്ക് ഉണ്ടാക്കുന്ന ബുദ്ധിമുട്ടുകൾ ചില്ലറയല്ല. ഈ മത്സരത്തിനിടെ ചിലപ്പോൾ പെൺ തവളയ്ക്ക് സ്വന്തം ജീവൻ പോലും നഷ്ടപ്പെട്ടേക്കാം. ഇതിൽ നിന്നും രക്ഷപ്പെടാനാണ് അവയുടെ ഈ തന്ത്രം.

പെൺതവളകൾ ചത്തതുപോലെ വെള്ളത്തിൽ കിടക്കുന്നു. (Photo: Twitter/@manuelacasasoli)
പെൺതവളകൾ ചത്തതുപോലെ വെള്ളത്തിൽ കിടക്കുന്നു. (Photo: Twitter/@manuelacasasoli)

ഇണ ചേരുന്ന കാലങ്ങളിൽ മറ്റു മാർഗങ്ങളില്ലാതെ പെൺതവളകൾ ആൺതവളകളുടെ ഇംഗിതങ്ങൾക്ക് കീഴ്പ്പെട്ടുപോവുകയാണ് എന്നാണ് ഇന്നോളം ഗവേഷകർ വിശ്വസിച്ചിരുന്നത്. എന്നാൽ തങ്ങൾ കരുതിയിരുന്നതുപോലെ പെൺ തവളകൾ അത്ര നിസ്സഹായരല്ല എന്ന് ഗവേഷണത്തിലൂടെ വെളിവായതായി പഠന സംഘത്തിലെ അംഗങ്ങൾ പറയുന്നു. എന്നാൽ വളരെ യാദൃശ്ചികമായാണ് ഗവേഷകർ ഈ കണ്ടെത്തലിലേക്ക് എത്തിയത്. ആൺ തവളകൾ ഇണ ചേരുന്നതിനായി പങ്കാളിയെ തിരഞ്ഞെടുക്കുമ്പോൾ അവയുടെ ശാരീരിക വലിപ്പത്തിന് പ്രാധാന്യം നൽകുന്നുണ്ടോ എന്ന് കണ്ടെത്താനായിരുന്നു യഥാർത്ഥത്തിൽ ഗവേഷകരുടെ ഉദ്ദേശം.

കോമൺ ഫ്രോഗ് (Photo: Twitter/@farhadkaiser2)
കോമൺ ഫ്രോഗ് (Photo: Twitter/@farhadkaiser2)

ഇതിനായി രണ്ടു വ്യത്യസ്ത വലിപ്പത്തിലുള്ള പെൺതവളകളെ ഒരു ആൺ തവളയ്ക്കൊപ്പം വെള്ളം നിറച്ച കണ്ടെയ്നറിൽ നിക്ഷേപിച്ചു. പല ആവർത്തി വ്യത്യസ്ത തവളകളെ ഇത്തരത്തിൽ ഒരുമിച്ചു ചേർത്തായിരുന്നു പഠനം. ഒരു മണിക്കൂർ നേരം തവളകളുടെ പെരുമാറ്റം നിരീക്ഷിക്കുകയായിരുന്നു ലക്ഷ്യം. എന്നാൽ ഏതെങ്കിലും ഒരു പ്രത്യേക ശാരീരിക സ്ഥിതിയോട് ആൺ തവളകൾ താല്പര്യം കാണിക്കുന്നതായി കണ്ടെത്താൻ കഴിഞ്ഞില്ല. നേരെമറിച്ച് ആൺ തവളയെ ഒഴിവാക്കാൻ പെൺ തവളകൾ ശ്രമിക്കുന്നത് ശ്രദ്ധയിൽ പെടുകയും ചെയ്തു. 

വ്യത്യസ്ത രീതിയിലാണ് പെൺ തവളകൾ ആൺ തവളകളെ ഒഴിവാക്കാൻ ശ്രമിച്ചത്. ആൺ തവള സമീപിച്ചാൽ ശരീരം സ്വയം വട്ടംചുറ്റിച്ച് പിടിയിൽ അകപ്പെടാതെ നോക്കുകയായിരുന്നു ഒരു തന്ത്രം. പെൺ തവളകളിൽ ഏറിയ പങ്കും ഈ തന്ത്രമാണ് പ്രയോഗിച്ചത്. മറ്റു ചിലതാകട്ടെ ആൺ തവളകളുടെ ശബ്ദം അതേപടി അനുകരിച്ച് അവരെ കബളിപ്പിക്കാൻ ശ്രമിച്ചു. 33 ശതമാനം പെൺതവളകൾ പൂർണമായും ചത്തതുപോലെ കിടന്നാണ് ആൺ തവളകളുടെ ശ്രദ്ധയിൽ നിന്നും രക്ഷപ്പെട്ടത്. താരതമ്യേന വലിപ്പം കുറഞ്ഞ പെൺ തവളകളാണ് ഇത്തരത്തിൽ ആൺ തവളകളെ ഒഴിവാക്കാൻ കൂടുതലായും ശ്രമിച്ചതെന്നും ഗവേഷകർ തിരിച്ചറിഞ്ഞിട്ടുണ്ട്.

സാധാരണ തവളകളിൽ പോലും  ഒരിക്കലും ചിന്തിക്കാത്ത തരത്തിലുള്ള ഇത്തരം സ്വഭാവ രീതികൾ ഉണ്ടെന്നത് ആശ്ചര്യജനകമാണെന്ന് ഗവേഷകർ പറയുന്നു. ലബോറട്ടറിയിൽ നടന്ന പരിശോധനകൾക്കിടയിൽ ഇത്രയും കാര്യങ്ങൾ കണ്ടെത്താനായെങ്കിൽ അവയുടെ സ്വാഭാവിക ആവാസവ്യവസ്ഥയിൽ ഇനിയും അത്ഭുതപ്പെടുത്തുന്ന പല കാര്യങ്ങളും കണ്ടെത്താനാവുമെന്ന് പഠന സംഘാംഗമായ ഡോക്ടർ കരോളിൻ ഡിട്രിച്ച് പറയുന്നു. റോയൽ സൊസൈറ്റി ഓപ്പൺ സയൻസ് എന്ന ജേർണലിലാണ് പഠന വിവരങ്ങൾ പങ്കുവച്ചിരിക്കുന്നത്.

English Summary:

Female Frogs Fake Their Own Deaths as a Unique Mating Strategy

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com