‘എനിക്ക് 11 മക്കള്, ഏറ്റവും ഇളയവൾ കണ്ടൽച്ചെടികൾ’; ഓർമകളിൽ കണ്ടലമ്മച്ചി
Mail This Article
കണ്ടലമ്മച്ചി എപ്പോഴും പറയുമായിരുന്നു ‘എനിക്ക് 11 മക്കളാണ് ഉള്ളതെന്ന്. അതിൽ പതിനൊന്നാമത്തെ മകൾ ഈ കണ്ടൽ ചെടികൾ ആണ്’ എന്ന്. പ്രകൃതിയെയും കണ്ടൽച്ചെടികളെയും വളരെധികം സ്നേഹിച്ച കണ്ടലമ്മച്ചി വിടപറഞ്ഞിട്ട് 14 വർഷമാകുന്നു. മരിക്കുമ്പോൾ അവർക്ക് 75 വയസായിരുന്നു. വടക്ക് മലബാറിൽ കണ്ടൽ പൂക്കുടനും മധ്യ തിരുവിതാംകൂറിൽ മറിയാമ്മ കുര്യൻ എന്ന കണ്ടലമ്മച്ചിയുമാണ് ഈ പ്രത്യേകതരം ചെടിയെ പരിപാലിച്ചിരുന്നത്.
കുമരകത്തെ ചെപ്പനക്കരിവീട്ടിൽ ജനിച്ചുവളർന്ന മറിയാമ്മ, പിതാവ് കുര്യനെ കണ്ടാണ് കണ്ടൽച്ചെടികളെ പരിപാലിക്കാൻ പഠിച്ചത്. ബേക്കർ സായിപ്പിന്റെ വീട്ടിലെ നിത്യ സന്ദർശകനായിരുന്നു കുര്യൻ. കുമരകത്ത ഇന്നു കാണുന്ന രാജ് ഹോട്ടൽ ആയിരുന്നു ബേക്കർ സായിപ്പിന്റെ ഭരണകേന്ദ്രം. സായിപ്പിന്റെ പുരയിടത്തിലെ കണ്ടൽ മരങ്ങളെ പരിപാലിക്കുന്നത് കണ്ട് കുര്യനും വേണമെന്ന് തോന്നി. വേമ്പനാട്ടുകായലിൽ ഒഴുകിവരുന്ന കണ്ടൽ വിത്തുകൾ ശേഖരിച്ച് തന്റെ പുരയിടത്തിനു ചുറ്റും അദ്ദേഹം വേലി തീർത്തു. പിതാവ് കണ്ടൽച്ചെടി വളർത്തുന്ന രീതി വൈകാതെ മറിയാമ്മയും പഠിച്ചു.
ശാസ്ത്രലോകം കണ്ടൽ ചെടികളുടെ പ്രാധാന്യം മനസ്സിലാക്കുന്നതിന് മുൻപേ അവയെ സംരക്ഷിക്കുന്നതിന് വേണ്ടി കണ്ടലമ്മച്ചി ഇറങ്ങിത്തിരിച്ചു. വർഷങ്ങൾക്ക് ശേഷം കണ്ടലമ്മച്ചിയെ തേടി കണ്ടൽ പ്രേമികളും ഗവേഷകരും എത്തി. 2009 ഒക്ടോബർ 18ന് കണ്ടലമ്മച്ചി ഓർമയായി. ഇപ്പോൾ കണ്ടൽവിശേഷങ്ങൾ അറിയാൻ എത്തുന്നവർക്ക് മൂത്തമകൻ ടോം ആണ് അറിവ് പകർന്നുനൽകുന്നത്.