വേർതിരിച്ചത് ഇല്ലാത്ത ജീവിയുടെ ജനിതകവസ്തു! തിരികെയെത്തുമോ ടാസ്മാനിയൻ ടൈഗർ?
Mail This Article
ആഴ്ചകൾക്ക് മുൻപ് ജനിതകപഠനത്തിൽ ശ്രദ്ധേയമായ ഒരു കാൽവയ്പ് സംഭവിച്ചു. വംശനാശം സംഭവിച്ച് ഭൂമിയിൽ നിന്നു മറഞ്ഞ ടാസ്മാനിയൻ ടൈഗറുകളിൽ നിന്ന് ജനിതകവസ്തുവായ ആർഎൻഎ ഒരുകൂട്ടം ശാസ്ത്രജ്ഞർ വേർതിരിച്ചെടുത്തു. തൈലാസിൻ എന്നുമറിയപ്പെടുന്ന ടാസ്മാനിയൻ ടൈഗറിന്റെ 132 വർഷം പഴക്കമുള്ള ഫോസിലിലെ ത്വക്കിൽ നിന്നും പേശികളിൽ നിന്നും ആർഎൻഎ വേർതിരിച്ചെടുത്താണ് ഗവേഷണം നടത്തിയത്.
ഒരു നൂറ്റാണ്ടു മുൻപ് ഓസ്‌ട്രേലിയയിൽ അപ്രത്യക്ഷനായ സഞ്ചിമൃഗമാണ് ടാസ്മാനിയൻ ടൈഗർ. വൻകരയിലെ ഒരേയൊരു വേട്ടക്കാരില്ലാത്ത വേട്ടക്കാരനായ സഞ്ചിമൃഗവും ടാസ്മാനിയൻ ടൈഗറായിരുന്നു. എന്നാൽ ഓസ്‌ട്രേലിയയിലേക്ക് ഇടയ്ക്ക് വേട്ടക്കാർ കടന്നുവന്നതും സ്വാഭാവികമല്ലാത്ത ജീവികൾ ആധിപത്യമുറപ്പിച്ചതുമൊക്കെ ടാസ്മാനിയൻ ടൈഗറുകളുടെ അന്ത്യത്തിലേക്കു നയിച്ചു.
രണ്ടായിരം വർഷങ്ങൾക്ക് മുൻപ് തന്നെ ഓസ്‌ട്രേലിയൻ വൻകരയിൽ നിന്ന് ടാസ്മാനിയൻ ടൈഗറുകൾ അപ്രത്യക്ഷരായിരുന്നു. എന്നാൽ ടാസ്മാനിയൻ ദ്വീപിൽ ഇവ നില നിന്നു. 1936ലാണ് ഈ ജീവിവർഗത്തിലെ അവസാന ജീവി ഹൊബാർട്ട് മൃഗശാലയിൽ അന്ത്യശ്വാസം വലിച്ചത്.
ഇതെത്തുടർന്ന് ടാസ്മാനിയൻ ടൈഗർ പലരുടെയും സ്വപ്നമായി നിലനിന്നു. ടാസ്മാനിയയിൽ പലയിടങ്ങളിലും ഇവയെ കണ്ടെന്നും മറ്റും റിപ്പോർട്ടുകൾ അനവധി പ്രചരിച്ചിരുന്നെങ്കിലും അതൊന്നും സ്ഥിരീകരിക്കാൻ സാധിച്ചില്ല.
തിരികെക്കൊണ്ടുവരാൻ ശ്രമം
1990 ൽ ജനിറ്റിക്‌സ് പ്രാധാന്യം നേടിത്തുടങ്ങിയ കാലഘട്ടത്തിലാണ് ജനിറ്റിക് എൻജിനീയറിങ്ങിലൂടെ ഇവയെ വീണ്ടും കൊണ്ടുവരാമെന്ന ആഗ്രഹം ശാസ്ത്രലോകത്ത് ഉടലെടുത്തു. അടുത്തിടെ ഇതു സംബന്ധിച്ചുള്ള ശ്രമങ്ങൾ ഊർജിതപ്പെടുത്തിയിരുന്നു. ജീൻ എഡിറ്റിങ് സാങ്കേതികവിദ്യ വഴി ടാസ്മാനിയൻ ടൈഗറിനെ തിരികെയെത്തിക്കാനായാണു ശ്രമങ്ങൾ നടക്കുന്നത്.
മെൽബൺ സർവകലാശാലയും യുഎസിലെ ജെനറ്റിക് എൻജിനീയറിങ് കമ്പനിയായ കൊളോസൽ ബയോസയൻസസും ചേർന്നാണ് ഈ തിരിച്ചെത്തിക്കൽ പദ്ധതി നടത്തുന്നത്. ടാസ്മാനിയൻ ടൈഗറുകൾ തിരികെയെത്തുന്നത്, ഓസ്‌ട്രേലിയൻ പരിസ്ഥിതി രംഗത്ത് ഗുണപരമായ മാറ്റങ്ങൾക്ക് കാരണമാകുമെന്നാണു ശാസ്ത്രജ്ഞരുടെ അഭിപ്രായം. ഇതുകൂടാതെ സഹസ്രാബ്ദങ്ങൾക്കും നൂറ്റാണ്ടുകൾക്കും മുൻപ് മൺമറഞ്ഞ ജീവികളെ തിരികയെത്തിക്കുക എന്ന ശാസ്ത്രകൗതുകവും ഇതിനു പിന്നിലുണ്ട്.
ജനിറ്റിക് ഗവേഷണത്തിലെ നിർണായക സാങ്കേതികവിദ്യയായ ക്രിസ്പർ ഉപയോഗിച്ചാണ് ഗവേഷണം. ആദ്യപടിയായി ടാസ്മാനിയൻ ടൈഗറുകളുടെ ജനിതകഘടന ശ്രേണീകരിക്കേണ്ടിവരും. ഇത്തരം അനവധി സങ്കീർണഘട്ടങ്ങളുള്ളതിനാൽ വളരെ ചെലവേറിയതാണ് ഈ ഗവേഷണം. സുപ്രസിദ്ധ സിനിമാതാരം ക്രിസ് ഹെംസ്വർത്ത് ഉൾപ്പെടെ പ്രമുഖർ ഇതിന്റെ സ്‌പോൺസർമാരായുണ്ട്.