മൂന്നരവർഷം മുൻപ് കാണാതായ ആമയെ കണ്ടെത്തി; വീട്ടിൽനിന്നും 5 മൈൽ അകലെ!
![tortoise ആഫ്രിക്കൻ സൾക്കാറ്റ ഇനത്തിൽപ്പെട്ട ആമ. (Photo: FLORIDA’S WILDEST ANIMAL RESCUE/FACEBOOK)](https://img-mm.manoramaonline.com/content/dam/mm/mo/environment/environment-news/images/2023/10/26/tortoise.jpg?w=1120&h=583)
Mail This Article
മൂന്നരവർഷം മുൻപ് വീട്ടിൽനിന്നും കാണാതായ ആമയെ കണ്ടെത്തി. അതും വീട്ടിൽനിന്ന് അഞ്ച് മൈൽ അകലെനിന്നും. ഫ്ലോറിഡയിലെ ഷെരീഫ് ഡപ്യൂട്ടി ഉദ്യോഗസ്ഥരാണ് ആമയെ ഉടമയ്ക്ക് തിരികെ നൽകിയത്. ആഫ്രിക്കൻ സൾക്കാറ്റ ഇനത്തിൽപ്പെട്ട ആമയെയാണ് ഫ്ലോറിഡ ഇന്റർലാച്ചനിലെ ഒരു വീട്ടിൽ ഓമനിച്ചു വളർത്തിയത്. എന്നാൽ ഒരു ദിവസം അതിനെ കാണാതാവുകയായിരുന്നു. പ്രദേശത്തെല്ലാം പരിശോധന നടത്തിയെങ്കിലും ആമയെ കണ്ടെത്താനായില്ല.
പിന്നീട് യാദൃശ്ചികമായാണ് ഷെരീഫ് ഡപ്യൂട്ടി ഉദ്യോഗസ്ഥർ ആമയെ കാണാനിടയായത്. ആളുകളുമായി ഇടപഴകുന്നതു കണ്ടപ്പോൾ ഇത് ആരോ വളർത്തിയതാണെന്ന് മനസ്സിലാവുകയും ആമയെക്കുറിച്ചുള്ള വിവരങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കുകയും ചെയ്തു. ഈ പോസ്റ്റ് ഫ്ളോറിഡയിലെ വൈൽഡ് ആനിമൽ റെസ്ക്യൂ ടീം കണ്ടു. 2020ൽ ഇതുപോലുള്ള ആമയെ കാണാതായ വിവരം അവർ അറിയിക്കുകയും ആമയെ തിരിച്ചുവാങ്ങുകയും ചെയ്തു.
![tortoise-2 (Photo: FLORIDA’S WILDEST ANIMAL RESCUE/FACEBOOK)](https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg)
ചെറിയ ആരോഗ്യപ്രശ്നങ്ങൾ കണ്ടതിനെ തുടർന്ന് ആമയ്ക്ക് ചികിത്സ നൽകിയതായി റെസ്ക്യൂ ടീം സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചു. ഈ വിവരം കണ്ട ആമയുടെ യഥാർഥ ഉടമ സ്ഥലത്തെത്തി തന്റെ അരുമയെ സ്വന്തമാക്കുകയായിരുന്നു.