1000 കി.മീ പോയാലും ജനിച്ചയിടത്ത് മുട്ടയിടാൻ എത്തും പെണ്ണാമകൾ: ആണുങ്ങൾ തിരിഞ്ഞുനോക്കില്ല
Mail This Article
ജന്മതീരങ്ങൾ തേടിയുള്ള ഗൃഹാതുരമായ ഒരു യാത്രയാണത്. നേറ്റൽ ഫിലോപാട്രി (natal philopatry) എന്ന ജൈവ പ്രതിഭാസം വിസ്മയകരമായി പ്രദർശിപ്പിക്കുന്ന ജീവികളിലൊന്നായ കടലാമകളുടെ യാത്രകൾ. പെൺ ആമകൾ മുട്ടയിടാനായി തിരഞ്ഞെടുക്കുന്നത് താൻ ജനിച്ചു വീണ തീരം തന്നെയിരിക്കുമെന്നതാണ് ഫിലോപാട്രിയിലെ കൗതുകം. ദേശാടനപ്രിയരായ ഇവർ ആയിരക്കണക്കിനു കിലോമീറ്റർ ഇതിനായി യാത്ര ചെയ്യാൻ മടിക്കാറില്ല. മുട്ട വിരിഞ്ഞ് കടലിലേക്കിറങ്ങിയ ആൺകടലാമകൾ പിന്നെയൊരിക്കലും കരയിലേക്ക് വരാറില്ലെങ്കിലും, പ്രായപൂർത്തിയാവുന്ന പെണ്ണാമകൾ (15-20 വർഷം പ്രായത്തിൽ) കടലിന്റെ അനന്തതയിൽ എവിടെയായിരുന്നാലും താൻ പിറന്ന തീരം തേടിയെത്തുന്നു. രാത്രികളിൽ കടൽത്തീരത്ത് ഇഴഞ്ഞു കയറി, കുഴികൾ തുരന്നുണ്ടാക്കി, അതിൽ മുട്ടയിടുന്നു. പിന്നീട് കുഴികൾ ഭദ്രമായി മൂടിയതിനു ശേഷം കടൽയാത്ര തുടരുകയും ചെയ്യും. തീരത്തെ മണൽമണ്ണിന്റെ ചൂടേറ്റ് 45-60 ദിവസം കൊണ്ട് മുട്ടകൾ വിരിയുന്നു. മുട്ട വിരിഞ്ഞിറങ്ങുന്ന കുഞ്ഞുങ്ങൾ ആരോ പഠിപ്പിച്ചുവച്ചതു പോലെ കടലിലേക്ക് യാത്രയാവുകയും ചെയ്യും.
കള്ളനും കാറ്റും ചതിച്ചില്ലെങ്കിൽ…
കടലാമകളുടെ മേൽപറഞ്ഞ കൗതുകകരമായ മുട്ടയിടൽ വിശേഷങ്ങൾക്കിടയിലാണ് ടി.എൻ.പ്രതാപൻ എംപി കാൽപനികമായ ഒരു സങ്കൽപം ചേർത്തു പറയുന്നത് ഒരിക്കൽ കേട്ടത്. അതിങ്ങനെയാണ്. ‘‘കടൽത്തീരത്ത് മുട്ടയിട്ടതിനുശേഷം കടലിലേക്ക് മടങ്ങുന്ന അമ്മ ഒരു നിമിഷം മുട്ടക്കൂടുകൾ തിരിഞ്ഞു നോക്കി പറയുമത്രേ!. ‘കള്ളനും കാറ്റും ചതിച്ചില്ലെങ്കിൽ വെള്ളാരംകല്ലിൻമേൽ കണ്ടുമുട്ടാം’ എന്ന്.’’ ജനപ്രതിനിധി എന്ന നിലയിൽ മാത്രമല്ല പരിസ്ഥിതിയോടും കടലിനോടും പുലർത്തുന്ന ബന്ധം കൊണ്ടുകൂടിയാകാം കടൽത്തീരത്ത് പറഞ്ഞു പതിഞ്ഞ ഈ മിത്ത് അദ്ദേഹം ഓർത്തു പറയാൻ കാരണം. എന്തായാലും കടലാമയുടെ മുട്ടകൾക്കും വിരിഞ്ഞിറങ്ങുന്ന കുഞ്ഞുങ്ങൾക്കും അതിജീവിക്കേണ്ടത് മനുഷ്യനും മൃഗങ്ങളുമടങ്ങുന്ന കള്ളൻമാരെയും കടൽക്കാറ്റ് ഉൾപ്പെടെയുള്ള പ്രകൃതിയെയുമാണ്. ഇവയൊന്നും ചതിക്കാതെ തന്റെ കുഞ്ഞുങ്ങൾ കടലിലെത്തിയാൽ അവിടെയുള്ള വെള്ളാരംകല്ലുകളിൽ ചെറുസസ്യങ്ങളും പായലുകളും തിന്നാനെത്തുന്ന സമയത്ത് കണ്ടുമുട്ടാമെന്ന വാഗ്ദാനവും പ്രതീക്ഷയുമാണ് ആ നിമിഷത്തിലെ നോട്ടത്തിൽ അമ്മ നൽകുന്നത് എന്നതാണ് ഈ മിത്തിന്റെ സൗന്ദര്യം. ഏറെ പ്രതിബന്ധങ്ങൾ തരണം ചെയ്താലേ മുട്ടകൾ വിരിഞ്ഞ് കടലാമക്കുഞ്ഞുങ്ങൾ കടലിലെത്തുകയുള്ളൂവെന്നും അതിനാൽ അവ സംരക്ഷണം ആവശ്യമുള്ളവരാണെന്നും ഈ കഥ നമ്മെ ഓർമിപ്പിക്കുന്നു.
കടലാമകളെ അറിയുക
ഭൂമിയിൽ മനുഷ്യൻ ജനിക്കുന്നതിനും അനേക വർഷം മുൻപ് വാസമുറപ്പിച്ച കടലാമകളെ ഒരു ചിരപുരാതന ജീവിവർഗമെന്നു വിളിക്കാം. ധ്രുവപ്രദേശങ്ങളിലൊഴികെ എല്ലായിടത്തും ഇവയുണ്ട്. ഉരഗവർഗത്തിൽപെട്ട കടലാമകൾക്ക് കരയാമകളെപ്പോലെ ശരീരം ഉൾവലിക്കാനുള്ള കഴിവില്ല. പ്രധാനമായും ഏഴിനം കടലാമകളാണ് ലോകത്തുള്ളത്. ലെതർബാക്ക്, ലോഗർ ഹെഡ്, ഹോക്സ് ബിൽ, ഒലീവ് റിഡ്‌ലി, ഗ്രീൻ, ഫ്ളാറ്റ് ബാക്ക്, കെംപ്സ് എന്നിവയാണവ. മനുഷ്യന്റെ വിവേകമില്ലാത്ത ഇടപെടൽ മൂലം പല ഇനങ്ങളും വംശനാശ ഭീഷണി നേരിടുന്നു. നൂറു വർഷത്തിലേറെ ആയുസ്സുള്ള ഇവയ്ക്ക് വെള്ളത്തിനടിയിൽ എത്ര നേരവും ചെലവഴിക്കാൻ കഴിയും. എങ്കിലും മറ്റു ഉരഗവർഗ ജീവികളേപ്പോലെ അന്തരീക്ഷവായു ശ്വസിക്കുന്നവയാണ് കടലാമകൾ. കാഴ്ചശക്തി താരതമ്യേന കുറവെങ്കിലും മണം പിടിക്കാൻ കഴിവധികമുണ്ട്. കടൽപ്പായലുകൾ, മത്സ്യങ്ങൾ, ഞണ്ട്, ചെമ്മീൻ എന്നിവയാണ് മുഖ്യഭക്ഷണം.
ഒലീവ് റിഡ്‌ലി കടലാമകൾ
കടലാമകളിലെ കുഞ്ഞൻമാരാണ് ഇവ. പസഫിക്, അറ്റ്ലാന്റിക്, ഇന്ത്യൻ മഹാസമുദ്രങ്ങളിൽ വാസം. ഇന്ത്യയുടെ കിഴക്കുഭാഗത്തെയും കേരളത്തിലെയും സമുദ്രങ്ങളിൽ കാണപ്പെടുന്ന കടലാമകളാണിവ. ആഴക്കടലിൽ സഞ്ചരിക്കുന്ന ഇവയെ സാധാരണ കാണാൻ പ്രയാസമാണ്. Lepidochelys olivacea എന്ന ശാസ്ത്രനാമമുള്ള ഇവ വംശനാശ ഭീഷണി നേരിടുന്നവരാണ്. ഒരു മീറ്റർ നീളമുള്ള പുറന്തോട് പേറുന്ന ഇവർക്ക് ഏകദേശം 50 കിലോഗ്രാം ഭാരമുണ്ടാകും. പുറന്തോടിന് ഒലിവിലയുടെ പച്ച കലർന്ന തവിട്ടു നിറവും അടിഭാഗത്തിന് ഇളം മഞ്ഞ നിറവുമാണ് കാണുക. മുതുകിലും വശങ്ങളിലും ശൽക്കങ്ങളുണ്ടാകും. ആഴക്കടലിലെ സഞ്ചാരത്തിന്റെ 10-15 മിനിറ്റ് ഇടവേളകളിൽ അന്തരീക്ഷവായു ശ്വസിക്കാൻ ഇവർ ജലോപരിതലത്തിൽ എത്തുന്നു. ജെല്ലി മത്സ്യം, കൊഞ്ച്, ഒച്ച്, ഞണ്ട്, മത്സ്യങ്ങൾ എന്നിവയാണ് ഭക്ഷണം. ഒലീവ് റിഡ്‌ലി ആമകളുടെ 50 ശതമാനവും മുട്ടയിടാൻ ഒഡീഷ തീരത്താണ് എത്താറുള്ളത്.
ഒലീവ് കടലാമകളുടെ ‘അരിബാഡ’: കടൽത്തീരങ്ങളിലെ ജീവന്റെ ഉത്സവം
കടലാമകൾ പ്രജനനകാലത്ത് മുട്ടയിടാനായി കടൽത്തീരത്തണയുന്ന പ്രതിഭാസമാണ് ‘അരിബാഡ’. ആയിരക്കണക്കിന് കടലാമകളാവും ഈ സമയത്ത് ഒരുമിച്ച് എത്തുന്നത്. അരിബാഡ ഒരു സ്പാനിഷ് വാക്കാണ്. ആഗമനം (Arrival) എന്ന് അർഥം. ഒഡീഷയിലെ ഗഹിർമാത, റിഷി കുല്യാ തീരങ്ങളിൽ ഒലീവ് റിഡ്‌ലി വിഭാഗത്തിൽപ്പെട്ട ആയിരക്കണക്കിന് കടലാമകൾ ഇങ്ങനെ പ്രജനന സമയത്ത് എത്താറുണ്ട്. കാലാവസ്ഥയും സുരക്ഷിതത്വവും അനുകൂലമാകുന്ന സമയത്ത് ലക്ഷക്കണക്കിന് എണ്ണമാകും കടലാമകൾ വരുന്നത്. വിഐപികൾ ഉൾപ്പെടെയുള്ള വൻ ജനക്കൂട്ടം ഈ അസുലഭ കാഴ്‌ച കാണാനെത്തുന്നു. 1971 ൽ ആറു ലക്ഷം കടലാമകൾ ഗഹിർമാതാ തീരത്ത് മുട്ടയിടാനെത്തിയതാണ് ഇതുവരെയുളള റെക്കോർഡ് . കോവിഡ് സമയത്ത് മനുഷ്യർ വീടിനകത്തായപ്പോൾ, സാധാരണ രാത്രിയിൽ മുട്ടയിടുന്ന ഇവ പകലും മുട്ടയിട്ടു. ആ സമയത്ത് ഗഹിർമാതാ തീരത്ത് അഞ്ചു ലക്ഷത്തോളം കടലാമകൾ കൂട്ടത്തോടെ കൂടുണ്ടാക്കി മുട്ടയിട്ടുവെന്നാണ് കണക്ക്. അങ്ങനെയെങ്കിൽ അന്ന് ആ തീരം ഏറ്റു വാങ്ങിയത് ആറുകോടിയോളം മുട്ടകളാവും.
നമ്മുടെ അതിഥികൾ
ഒലീവ് റിഡ്‌ലിക്കു പുറമേ ഗ്രീൻ, ഹോക്സ് ബിൽ, ലെതർ ബാക്ക്, ലോഗർ ഹെഡ് എന്നീ ഇനങ്ങളും ഇന്ത്യയുടെ തീരങ്ങളിൽ മുട്ടയിടാനെത്തുന്നു. സാധാരണ നവംബറിലാണ് ഇവ കൂട്ടമായി എത്താറുള്ളത്. ലോഗർ ഹെഡ് തമിഴ്നാട്ടിലെ തെക്കൻ തീരപ്രദേശങ്ങളിലും ഹോക്സ് ബിൽ ആൻഡമാൻ ദ്വീപുകളിലും ഗ്രീൻ ടർട്ടിലുകൾ ഗുജറാത്ത്, ലക്ഷദ്വീപ്, ആൻഡമാൻ തീരങ്ങളിലും അതിഥിയായെത്തുന്നു. ഒലിവ് റിഡ്‌ലിയാകട്ടെ ഇന്ത്യയുടെ കിഴക്കൻ തീരപ്രദേശങ്ങളുടെ വിശേഷാതിഥിയാണ്.
കടലാമകളുടെ പ്രാധാന്യം
കടലിന്റെ ആരോഗ്യപരമായ നിലനിൽപിൽ കടലാമകൾക്കും പങ്കുണ്ട്. കടൽക്കളകളെ ഭക്ഷണമാക്കുന്ന ഇവർ അവയുടെ വളർച്ചയും വ്യാപനവും ഉറപ്പാക്കുന്നു. കടൽക്കളകളാകട്ടെ മത്സ്യങ്ങളുടെ ഭക്ഷണമാകുന്നു. കടലിലെ ഭക്ഷ്യ ശൃംഖലയുടെ ആരോഗ്യപരമായ നിലനിൽപിൽ കടലാമകൾ കണ്ണിയാകുന്നു.
കടൽ മലിനീകരണം, തീരമലിനീകരണം, അശാസ്ത്രീയ മത്സ്യ ബന്ധനം, തീരപ്രദേശത്തെ നിർമാണ പ്രവർത്തനങ്ങൾ തുടങ്ങി മനുഷ്യൻ നടത്തുന്ന പ്രവർത്തനങ്ങൾ നേരിട്ടും അല്ലാതെയും കടലാമകളെ ബാധിക്കുന്നു. ആഗോളതാപനവും കാലാവസ്ഥാ മാറ്റവും ആമകളുടെ പ്രജനനരീതികളെയും മുട്ട വിരിയലിനെയും മാറ്റിമറിക്കുന്നു. പ്ലാസ്റ്റിക് തിന്നേണ്ടി വരുന്ന, ട്രോളിങ് നെറ്റിൽ കുരുങ്ങുന്ന, കടൽഭിത്തി മൂലം തീരത്തണയാൻ കഴിയാത്ത കടലാമകൾ അതിജീവന ഭീഷണിയിലാണ്. മുട്ട വിരിഞ്ഞിറങ്ങുന്ന ആമക്കുഞ്ഞുങ്ങൾക്കു പോലും കടലിൽ ജീവിതം തുടങ്ങുന്നതു വരെ നിരവധി സ്വാഭാവിക ശത്രുക്കളിൽനിന്നു രക്ഷപ്പെടണം. അതായത് വെള്ളാരംകല്ലിൽ കള തിന്നാൻ എത്തണമെങ്കിൽ കള്ളനും കാറ്റും ചതിക്കാതിരിക്കണമെന്നർഥം.
കൈത്തൊട്ടിൽ തീർക്കുന്ന പരിസ്ഥിതി സ്നേഹികൾ
എല്ലാ വർഷവും ഒരു നിശ്ചിത സമയത്ത് തീരപ്രദേശങ്ങളിൽ മുട്ടയിടാനെത്തുന്ന കടലാമകളുടെ മുട്ടകൾ ശേഖരിച്ച് സുരക്ഷിതമായി വിരിയിച്ച് ആമക്കുഞ്ഞുങ്ങളെ കടലിലെത്തിക്കുന്ന നിരവധി പരസ്ഥിതി പ്രവർത്തകരും പ്രസ്ഥാനങ്ങളും ഇന്ത്യയുടെ തീരദേശങ്ങളിലും നമ്മുടെ കേരളത്തിലുമുണ്ട്. കടലാമകളുടെ വംശം ക്ഷയിക്കാതിരിക്കാൻ കൂടൊരുക്കുന്നവരാണിവർ. ആമമുട്ടയും ഇറച്ചിയും രോഗശമനം തരുമെന്നു വിശ്വസിച്ച് അവയെ പിടിച്ചു വിൽക്കുന്നവരുമുണ്ട് ഇപ്പോഴും നമ്മുടെ നാട്ടിൽ. എന്തായാലും വന്യജീവി സംരക്ഷണ നിയമത്തിന്റെ ഒന്നാം ഷെഡ്യൂളിൽ പെടുത്തി സംരക്ഷണ കവചം തീർക്കപ്പെട്ടവയാണ് കടലാമകൾ.