അന്റാർട്ടിക്കയിൽ ആദ്യമായി പക്ഷിപ്പനി സ്ഥിരീകരിച്ചു; ബാധിച്ചത് ബ്രൗൺ സ്കുവയെ: 50,000 ജോഡി പെൻഗ്വിനുകൾക്ക് ഭീഷണി
Mail This Article
ജന്തുജന്യ രോഗങ്ങൾ ബാധിക്കാത്ത ആന്റാർട്ടിക്കയിൽ ആദ്യമായി പക്ഷിപ്പനി സ്ഥിരീകരിച്ചു. ബേഡ് ഐലൻഡിലെ ബ്രൗൺ സ്കുവ പക്ഷികളിലാണ് പക്ഷിപ്പനി (H5N1) കണ്ടെത്തിയത്. വൻതോതിൽ പക്ഷികൾ ചത്തൊടുങ്ങിയതിനെ തുടർന്ന് ബ്രിട്ടിഷ് അന്റാർട്ടിക് സർവേയിലെ ഗവേഷകർ പക്ഷികളുടെ സ്രവങ്ങൾ യുകെയിലെ ലാബിലേക്ക് അയക്കുകയായിരുന്നു.
തെക്കേ അമേരിക്കയിൽ പക്ഷിപ്പനി വ്യാപകമാണ്. ഇവിടങ്ങളിൽ ദേശാടനത്തിന് പോയപ്പോഴാകാം ബ്രൗണ്‍ സ്കുവകൾക്ക് രോഗം ബാധിച്ചതെന്ന് കരുതുന്നു. ചിലി, പെറു എന്നിവിടങ്ങളിൽ പക്ഷിപ്പനി മൂലം 5 ലക്ഷത്തിലധികം കടൽപ്പക്ഷികളാണ് ചത്തൊടുങ്ങിയത്. ഇതുവരെ പക്ഷിപ്പനി പോലുള്ള രോഗങ്ങൾ അഭിമുഖീകരിക്കാത്ത അന്റാർട്ടിക്കയിലെ ജീവജാലങ്ങളെ എങ്ങനെ ഇത് ബാധിക്കുമെന്ന് വ്യക്തമല്ല.
ദക്ഷിണ ജോർജിയയുടെ വടക്കുപടിഞ്ഞാറൻ ഭാഗത്തായി, ഫോക്ക്‌ലാൻഡ് ദ്വീപുകളിൽ നിന്ന് ഏകദേശം 600 മൈൽ തെക്ക്– കിഴക്കുള്ള ദ്വീപാണ് ബേഡ് ഐലൻഡ്. ഇവിടെ പ്രത്യുൽപാദനം നടത്തുന്ന 50,000 ജോഡി പെൻഗ്വിനുകളും 65,000 ജോഡികൾ ഫർ സീലുകളും വസിക്കുന്നു. പക്ഷിപ്പനി ബാധ ഇവയുടെ നിലനിൽപ്പിനെ കൂടി ബാധിക്കുമോയെന്ന ഭയം ഗവേഷകർക്കുണ്ട്.
സയന്റിഫിക് കമ്മിറ്റി ഓൺ അന്റാർട്ടിക് റിസർച്ച് (SCAR) നടത്തിയ പഠനങ്ങളനുസരിച്ച് പക്ഷിപ്പനി ആദ്യം ബാധിക്കുന്നത് ഫർ സീലുകൾ, സ്കുവ, കടൽകാക്ക എന്നിവയെയാണ്. പെൻഗ്വിനുകൾ രണ്ടാം സ്ഥാനത്താണുള്ളത്.
പക്ഷികളിൽ കടുത്ത ശ്വാസകോശ സംബന്ധമായ രോഗത്തിനിടയാക്കുന്ന പകർച്ചവ്യാധിയാണ് പക്ഷിപ്പനി. ഒരുതരം ഇൻഫ്ളുവൻസ വൈറസായ ഇത് സ്രവങ്ങളിൽ നിന്നാണ് പകരുന്നത്. രോഗാണുക്കളുള്ള പക്ഷിക്കൂട്, തീറ്റ, തൂവൽ എന്നിവ വഴിയും രോഗം പടരുന്നു.