ADVERTISEMENT

ബ്രിട്ടനിലെ കെന്റിൽ ആകാശം പിങ്ക് നിറത്തിലായത് പ്രദേശവാസികളെ ആശ്ചര്യത്തിലാഴ്ത്തി. പല അഭ്യൂഹങ്ങളാണ് ഇതുമായി ബന്ധപ്പെട്ട് ഉയർന്നത്. എന്താണ് ഇതിനു വഴിവയ്ക്കുന്നതെന്നതു സംബന്ധിച്ച് വിവിധ അഭ്യൂഹങ്ങൾ താമസിയാതെ ഉയർന്നു. ലോകവസാനമാണെന്നും അന്യഗ്രഹജീവികൾ വരുന്നതാണെന്നുമൊക്കെ സമൂഹമാധ്യമങ്ങളിൽ കഥകളുമിറങ്ങി.

എന്നാൽ പിന്നീടാണ് ഇതിനു പിന്നിലെ കാരണം കണ്ടെത്തിയത്. ഒരു വലിയ കൃഷിയിടത്തിൽ നിന്നുള്ള പ്രകാശമാണ് ഇതിനു വഴിവയ്ക്കുന്നതെന്നാണു കണ്ടെത്തിയത്. താനെറ്റ് എർത്ത് എന്നറിയപ്പെടുന്ന ഈ ഫാമിൽ 40 കോടി തക്കാളികളാണ് പ്രതിവർഷം ഉത്പാദിപ്പിക്കുന്നത്. 90 ഏക്കർ സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഈ ഫാമിലെ പിങ്ക് എൽഇഡി ലൈറ്റുകളാണ് ആകാശത്ത് പിങ്ക് നിറത്തിനു കാരണമായത്.

ബിർക്കിങ്ടനിൽ നിന്നുള്ള കാഴ്ച ( Photo: Twitter/The Swan at Westgate)
ബിർക്കിങ്ടനിൽ നിന്നുള്ള കാഴ്ച ( Photo: Twitter/The Swan at Westgate)

അന്റാർട്ടിക്കയിൽ കഴിഞ്ഞ വർഷം ആകാശം കടുംപിങ്ക്, വയലറ്റ് നിറത്തിലായത് ശാസ്ത്രജ്ഞരെ ഞെട്ടിച്ചിരുന്നു. എന്നാൽ താമസിയാതെ ഈ വിചിത്ര പ്രതിഭാസത്തിന്റെ കാരണം ശാസ്ത്ര സമൂഹം കണ്ടെത്തി. ടോംഗ ഭൂചലനമാണ് ഇതിനു പിന്നിലെന്നാണു ശാസ്ത്രജ്ഞർ പറയുന്നത്.

അന്റാർട്ടിക്കയിൽ നിന്നുള്ള കാഴ്ച (Photo: Twitter/@OverallCrypto)
അന്റാർട്ടിക്കയിൽ നിന്നുള്ള കാഴ്ച (Photo: Twitter/@OverallCrypto)

പസിഫിക് സമുദ്രത്തിൽ സ്ഥിതി ചെയ്യുന്ന ദ്വീപരാഷ്ട്രമാണ് ടോംഗ.ടോംഗയുടെ തലസ്ഥാനം നുകുവലോഭയിൽ നിന്ന് 64 കിലോമീറ്റർ അകലെയായി സ്ഥിതി ചെയ്ത ഹുംഗ ടോംഗ എന്ന സമുദ്രാന്തര അഗ്നിപർവതമാണു പൊട്ടിത്തെറിച്ചത്. 

മിൽഡുരയിൽ നിന്നുള്ള കാഴ്ച (Photo: Twitter/@nuicemedia)
മിൽഡുരയിൽ നിന്നുള്ള കാഴ്ച (Photo: Twitter/@nuicemedia)

2022ൽ ഓസ്ട്രേലിയയിലെ മിൽഡുരയിലും സമാനമായ ആകാശദൃശ്യം ഉടലെടുത്തു. ഒരു ഫാർമസ്യൂട്ടിക്കൽ കമ്പനിയായ കാൻ ഗ്രൂപ്പ് മിൽഡുരയ്ക്കടുത്ത് ഒരു കഞ്ചാവ് തോട്ടം പരിപാലിക്കുന്നുണ്ട്. ഔഷധ ആവശ്യത്തിനായുള്ള കഞ്ചാവ് ഉത്പാദിപ്പാനായാണ് ഈ തോട്ടം കമ്പനി സൃഷ്ടിച്ചത്.

കഞ്ചാവ് ചെടികൾ വളർത്തിയെടുക്കാനായി ചുവന്ന പ്രകാശമുള്ള ലൈറ്റ് തോട്ടത്തിൽ ഉപയോഗിച്ചിരുന്നു. സാധാരണഗതിയിൽ ഇത്തരം പ്രകാശം പുറത്തേക്കു പോകുന്നതു തടയാനായി ബ്ലാക്ക്ഔട്ട് സ്ക്രീനുകൾ വയ്ക്കാറുണ്ട്. എന്നാൽ മിൽഡുരയിലെ തോട്ടത്തിൽ ഈ സ്ക്രീൻ സംഭവദിവസം പ്രവർത്തിച്ചില്ല. ഇതു മൂലം പ്രകാശം പുറത്തേക്കു പോകുകയും ആകാശത്തിൽ പിങ്ക് നിറം സൃഷ്ടിക്കുകയുമായിരുന്നു.

കഴിഞ്ഞവർഷം ചൈനയിലെ തുറമുഖനഗരമായ സൂഷാനിലെ ആകാശം രക്തനിറത്തിൽ ചുവന്നു തുടുത്തത് ആളുകളിൽ ആകാംഷയും അദ്ഭുതവും പരിഭ്രമവും ജനിപ്പിച്ചിരുന്നു. ജനങ്ങളിൽ പലരും കടുംചുവപ്പു നിറത്തിലുള്ള ആകാശത്തിന്റെ ചിത്രങ്ങളും വിഡിയോകളും എടുക്കുകയും അതു സോഷ്യമീഡിയയിൽ പ്രചരിപ്പിക്കുകയും ചെയ്തു. ട്വിറ്ററിൽ നിഗൂഢവാദ സിദ്ധാന്തക്കാർക്കിടയിൽ ചർച്ചകൾക്കും ഇതു വഴിവച്ചു. ലോകാവസാനത്തിന്റെ ചിഹ്നമാണ് ഇതെന്നായിരുന്നു ചിലർ വാദിച്ചത്.

സിദ്ധാന്തങ്ങൾ ചൂടുപിടിക്കുന്നതിനിടെ സൂഷാനിലെ അധികൃതർ പ്രതിഭാസത്തിന്റെ ശാസ്ത്രീയ കാരണവുമായി രംഗത്തെത്തി. തുറമുഖത്തിനടുത്ത് പ്രകാശത്തിന്റെ അപവർത്തനം, ചിതറൽ എന്നീ പ്രതിഭാസങ്ങളാണ് ചുവന്നു തുടുത്ത വിചിത്ര ആകാശത്തിനു കാരണമായതെന്ന് അവർ പ്രസ്താവിച്ചു.

English Summary:

Mysterious Pink Sky in Kent: Unraveling the Truth Behind the Astonishing Phenomenon

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com