ചിമ്പാൻസികൾക്കും ആർത്തവവിരാമമുണ്ട്! തെളിഞ്ഞത് 20 വർഷങ്ങളുടെ പഠനത്തിനുശേഷം
Mail This Article
ലോകത്തെ സസ്തനികളിൽ മനുഷ്യരും ചില തിമിംഗലങ്ങളുമൊഴിച്ച് മറ്റുള്ള ജീവികൾ മരണം വരെ പ്രജനനശേഷിയുള്ളവരാണ്. എന്നാൽ മനുഷ്യ സ്ത്രീകളിൽ ആർത്തവവിരാമം പ്രജനനത്തിന് പ്രായം നിശ്ചയിച്ചിരുന്നു. ആർത്തവവിരാമം ചിമ്പാൻസികളിലുമുണ്ടെന്നാണു പുതിയ പഠനം. ആഫ്രിക്കൻ രാജ്യമായ യുഗാണ്ടയിലെ കിബലെ ദേശീയോദ്യാനത്തിലുള്ള ചിമ്പാൻസികളെ രണ്ടു പതിറ്റാണ്ടിലേറെ പഠിച്ചശേഷമാണ് ശാസ്ത്രജ്ഞർ നിഗമനത്തിലെത്തിയത്.
എന്നാൽ മനുഷ്യരിൽ നിന്നു വ്യത്യസ്തമാണ് ചിമ്പാൻസികളിലെ ആർത്തവവിരാമം. അത്ര ഉചിതമല്ലാത്ത പരിതസ്ഥിതികളോടുള്ള താൽക്കാലികമായ പ്രതികരണമാകാം ഈ ആർത്തവവിരാമമെന്നാണ് ഒരു വാദം. എന്നാൽ ആർത്തവവിരാമം പണ്ടേ ചിമ്പാൻസികളിലുണ്ടെന്നും മനുഷ്യർ ഇപ്പോഴാകാം അതു ശ്രദ്ധിക്കാൻ തുടങ്ങിയതെന്നുമാണ് മറ്റൊരുവാദം.1995 മുതൽ 2016 വരെയുള്ള കാലയളവിൽ 185 ചിമ്പാൻസികളുടെ പ്രജനനത്തോത് പഠിച്ചാണ് ഗവേഷകർ ഈ നിഗമനത്തിലെത്തിച്ചേർന്നത്.
പരിണാമ പ്രക്രിയയിൽ വേർപെട്ട, മനുഷ്യന്റെ ഏറ്റവും അടുത്ത ബന്ധുക്കളാണ് ആൾക്കുരങ്ങുകൾ. ചിമ്പാൻസി, ഗൊറില്ല, ബൊനോബോസ്, ഒറാങ്ഉട്ടാൻ എന്നിവയാണ് ആൾക്കുരങ്ങുകളിലെ പ്രധാനികൾ. ഗ്രേറ്റ് ഏപ്‌സ് എന്ന് ഇവർ അറിയപ്പെടുന്നു. ഇവയ്ക്കു കുരങ്ങുകളെക്കാൾ മനുഷ്യരുമായിട്ടാണു സാമ്യം. കാട്ടിൽ താമസിക്കുന്ന ചിമ്പാൻസികളുടെ ശരാശരി ജീവിതദൈർഘ്യം 33 വയസ്സാണ്. എന്നാൽ മൃഗശാലകളിലും മറ്റും ഇവ 63 വയസ്സൊക്കെ വരെ ജീവിച്ചിരിക്കാറുണ്ട്. വംശനാശ ഭീഷണി അഭിമുഖീകരിക്കുന്ന ജീവികളായ ചിമ്പാൻസികൾ ആഫ്രിക്കയിൽ നിന്നുള്ളവരാണ്. ഒരു ലക്ഷത്തിലധികം ചിമ്പാൻസികൾ മാത്രമാണ് ഇപ്പോഴുള്ളതെന്നു സാൻ ഫ്രാൻസിസ്‌കോ മൃഗശാല അധികൃതർ പറയുന്നു.
പരിണാമദിശയിൽ മനുഷ്യനോട് ഏറെ അടുത്തു നിൽക്കുന്ന, അതിബുദ്ധിമാൻമാരായ ജീവികളായ ചിമ്പൻസികളിൽ ക്രൂരതയും ആക്രമണ മനോഭാവവും ഗൊറില്ല പോലുള്ള മറ്റ് ആൾക്കുരങ്ങു വർഗങ്ങളെ അപേക്ഷിച്ച് കൂടുതലാണ്.ഒരു തലവൻ ചിമ്പാൻസിക്ക് കീഴിൽ അണിനിരത്തപ്പെട്ട സമൂഹങ്ങളായാണ് ചിമ്പാൻസികൾ കഴിയുന്നത്.