രോഗിയെന്ന് അറിഞ്ഞപ്പോൾ അമ്മയാന ഉപേക്ഷിച്ചു; ‘കുത്തനടി ജുംബി’ക്ക് ചുംബനം നൽകി ചേർത്തു പിടിച്ച് ശാന്തി
Mail This Article
അമ്മയാന ഉപേക്ഷിച്ചുപോയ കുട്ടിയാനയെ കുഞ്ഞിനെ പോലെ പരിചരിക്കുന്ന ഒരമ്മ! പേര് ശാന്തി. കുത്തനടി ജുംബി എന്നു പേരിട്ട കുട്ടിയാനയും ശാന്തിയുമാണ് ഇപ്പോൾ വാർത്തകളിൽ ഇടം നേടുന്നത്. ആ സ്നേഹത്തിന്റെ കഥയിങ്ങനെ:
രോഗബാധ കണ്ടതോടെയാണ് ആറ് മാസം പ്രായമുള്ള കുട്ടിയാനയെ അമ്മയാന വനത്തിൽ ഉപേക്ഷിച്ച് മടങ്ങിയത്. അഗളി വനം റേഞ്ചിലെ കുത്തനടി കാട്ടില്‍ നിന്ന് വനപാലകർ കണ്ടെത്തുമ്പോൾ കുട്ടിയാനയുടെ ആരോഗ്യനില മോശമായിരുന്നു. പൊക്കിൾക്കൊടിയിൽ മുറിവും പഴുപ്പും അണുബാധയും കണ്ടതിനെത്തുടർന്നു വെറ്ററിനറി സർജന്റെ നിർദേശ പ്രകാരം വനപാലകർ മരുന്നും ഭക്ഷണവും നൽകി. വനത്തിൽ തന്നെ മരത്തടി ഉപയോഗിച്ചു പ്രത്യേക സംരക്ഷണ കേന്ദ്രമൊരുക്കി പരിചരിച്ചു. കുട്ടിയാനയെ കുത്തനടി ജുംബി എന്ന് വിളിച്ചുതുടങ്ങി.
ജുംബിയ്ക്ക് സമീപം ആനക്കൂട്ടം നിലയുറപ്പിച്ചതിനാൽ അവളെ തിരിച്ചുകൊണ്ടുപോകുമെന്ന് വനപാലകർ കരുതി. എന്നാൽ അത് നടക്കാതെയായപ്പോൾ വിദഗ്ധ പരിചരണത്തിനും ചികിത്സയ്ക്കുമായി ജുംബിയെ ധോണിയിലെ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി. മണ്ണാർക്കാട് ഡിഎഫ്ഒ യു.ആഷിക് അലി, വനം വെറ്ററിനറി സർജൻ ഡോ.ഡേവിഡ് എബ്രഹാം, അഗളി റേഞ്ച് ഫോറസ്റ്റ് ഓഫിസർ സി.സുമേഷ് എന്നിവരുടെ മേൽനോട്ടത്തിൽ പ്രത്യേക വാഹനത്തിലാണ് കുട്ടിയാനയെ ധോണിയിലെത്തിച്ചത്.
അവിടെ ജുംബിയെയും കാത്ത് കാട്ടാന പിടി 7 (ധോണി) ആനയുടെ പാപ്പാൻ മാധവന്റെ അമ്മ ശാന്തി ഉണ്ടായിരുന്നു. സ്നേഹചുംബനം നൽകിയാണ് ജുംബിയെ അവർ ക്യാംപിലേക്ക് സ്വീകരിച്ചത്. ധോണിയിൽ കുടുംബത്തോടെ താമസിക്കുകയാണ് ശാന്തിയും മക്കളും. പിടി 7നൊപ്പം ജുംബിയെ കൂടി ഈ കുടുംബം പരിപാലിക്കുന്നു. ജുംബിക്കായി തയാറാക്കിയ താൽക്കാലിക കൂടിനു സമീപം കട്ടിൽ ചേർത്തിട്ടാണു ശാന്തി കിടക്കുന്നത്.