ഓറഞ്ചും സ്വർണവും കലർന്ന നിറം; വെള്ളം തേടി കരയിൽ ഇഴഞ്ഞിഴഞ്ഞ് സലാമാണ്ടർ–വിഡിയോ
Mail This Article
ലോകത്തെ ഏറ്റവും വലിയ ഉഭയജീവികളിൽ ഒന്നാണ് സലാമാണ്ടർ. മധ്യ ചൈനയിലെ യാങ്‌സി നദീതടത്തിലെ തടാകങ്ങളിലും പാറ നിറഞ്ഞ പർവത അരുവികളിലുമാണ് ഇവയെ സാധാരണ കാണുന്നത്. ഓറഞ്ച് കലർന്ന സ്വർണ നിറത്തിലുള്ള സലാമാണ്ടർ വെള്ളം തേടി കരയിലെത്തുന്ന വിഡിയോ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു.
കരയിൽനിന്ന് ഇഴഞ്ഞിഴഞ്ഞ് വെള്ളത്തിലേക്ക് എത്തുന്നത് വിഡിയോയിൽ കാണാം. ചൈനയിലെ ഭക്ഷണവിഭവങ്ങളിലൊന്നാണ് സലാമാണ്ടർ. അനിയന്ത്രിതമായ വേട്ടയാണ് വംശനാശത്തിന് കാരണമായത്. സലാമാണ്ടറുകൾ ചിലതിന് 1.24 ലക്ഷം രൂപ വരെ വിലയുണ്ട്. പൂർണമായും ജലജീവിയായ ഇവ ആറടിവരെ നീളും. 2004ല്‍ ഇന്റർനാഷനൽ യൂണിയൻ ഫോർ കൺസർവേഷൻ ഓഫ് നേച്ചർ (IUCN) വംശനാശ ഭീഷണി നേരിടുന്ന പട്ടികയിൽ സലാമാണ്ടറിനെയും ചേർത്തിരുന്നു.
1980ൽ സലാമാണ്ടറുകൾക്ക് 14 പ്രകൃതി സംരക്ഷണ കേന്ദ്രങ്ങൾ തുറന്നെങ്കിലും ഇവയുടെ എണ്ണം ഇപ്പോഴും കുറവാണ്. കഴിഞ്ഞ വർഷങ്ങളിൽ എപ്പിസൂട്ടിക് റാണ വൈറസ് ബാധിച്ച് നിരവധി സലാമാണ്ടറുകൾ ചത്തിരുന്നു. ഹുംപിങ്ഷാൻ നാച്ചുറൽ നേച്ചർ റിസർവിൽ ഓരോ വർഷവും 100 സലാമാണ്ടറുകൾ നിയമവിരുദ്ധമായി വേട്ടയാടപ്പെടുന്നുണ്ടെന്ന് കണക്കുകൾ വ്യക്തമാക്കുന്നു.