ADVERTISEMENT

മനുഷ്യർ ആദ്യമായി ഇണക്കി വളർത്തിയ മൃഗമാണ് നായ. പിന്നെയൊരു ഘട്ടത്തിൽ മറ്റു മൃഗങ്ങൾക്കൊപ്പം പൂച്ചകളെയും നമ്മൾ കൂടെ കൂട്ടി. ഇന്ന് ലോകമെമ്പാടുമുള്ള മനുഷ്യരുടെ ജീവിതത്തിന്റെ അവിഭാജ്യഘടകമാണ് അവരുടെ പെറ്റ്സ്. മനുഷ്യരും അരുമമൃഗങ്ങളുമായുള്ള ബന്ധത്തിന്റെ ആഴവും പരപ്പും വർധിച്ചതോടെ അനുബന്ധമായി പെറ്റ് വ്യവസായവും ലോകമെമ്പാടും വളർന്നു. ആഗോളതാപനവും കാലവസ്ഥാ വ്യതിയാനവും ആഗോള ഭീഷണിയായി കണക്കാക്കപ്പെടുന്ന നൂറ്റാണ്ടിൽ, ഓരോ മനുഷ്യന്റെയും കാർബൺ പാദമുദ്ര (carbon footprint ) പ്രധാന ഘടകമാണ്. ഇപ്പോഴിതാ മനുഷ്യന്റെ സന്തതസഹചാരികളായ അരുമമൃഗങ്ങളും അവയുമായി ബന്ധപ്പെട്ട പ്രവൃത്തികളും വ്യവസായവും കാലാവസ്ഥാ വ്യതിയാനത്തിൽ നൽകുന്ന സംഭാവനയും ചർച്ചാവിഷയമാകുന്നു. അരുമകളെ ഇഷ്ടപ്പെടുന്നവരോട് പരിസ്ഥിതിയെ കരുതുന്നവർ ചോദിച്ചു തുടങ്ങിയിരിക്കുന്നു: ‘നിങ്ങളുടെ ഓമനമൃഗത്തിന്റെ കാർബൺ നഖപാദ മുദ്ര (carbon pawprint) എത്രയാണ്?’

നായയ്ക്കൊപ്പം പൂച്ചകള്‍ (Credit: Nataba / Istock)
നായയ്ക്കൊപ്പം പൂച്ചകള്‍ (Credit: Nataba / Istock)

വിവിധ ഉദ്ദേശ്യങ്ങൾക്കായി നടത്തുന്ന മൃഗപരിപാലന, ഉൽപാദന പ്രവർത്തനങ്ങളിലൂടെ പുറത്തു വിടുന്ന ഹരിതഗൃഹ വാതകങ്ങളുടെ നാലിലൊന്നും, നായ്ക്കളും പൂച്ചകളും ഉൾപ്പെടുന്ന അരുമമൃഗങ്ങളിൽ നിന്നാണെന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തു വരുന്നത്. അരുമകളുടെ തീറ്റ ഉൽപാദന പ്രവർത്തനം പുറത്തുവിടുന്നത് 64 ദശലക്ഷം ടൺ കാർബൺ ഡയോക്സൈഡിന് തുല്യമായ അളവ് ഹരിതഗൃഹ വാതകങ്ങളാണത്രേ! 

കാലാവസ്ഥാ വ്യതിയാനത്തിൽ ഒരു വ്യക്തിയുടെ പ്രവർത്തനങ്ങളുടെ പങ്ക് എങ്ങനെയെന്നു കണക്കുകൂട്ടിയാൽ അതിലൊരെണ്ണം അയാൾക്ക് ഒരു നായയോ പൂച്ചയോ ഉണ്ട് എന്നതായിരിക്കുമെന്ന് ഗവേഷകർ കരുതുന്നു. നായയുടെയും പൂച്ചയുടെയും ഭക്ഷണത്തിന്റെ മുഖ്യഘടകം മാംസമാണല്ലോ. ഹരിതഗൃഹവാതകങ്ങൾ പുറത്തുവിടുന്നതിൽ മാംസോൽപാദന മേഖല ഏറെ മുന്നിലാണ്. സംസ്കരിച്ച മാംസഭക്ഷണം ശീലമാക്കുന്നതോടെ അരുമമൃഗങ്ങളുടെ കാർബൺ സംഭാവന വർധിക്കുന്നു. ആഗോള തലത്തിലെ കണക്കെടുക്കുമ്പോൾ ഈ അളവ് ഏറെ അധികമാകുകയും ചെയ്യും. എന്നാൽ മറ്റു ചില ഗവേഷകരുടെ അഭിപ്രായത്തിൽ അരുമകളെ സ്വന്തമാക്കുന്നതുമൂലം ഉണ്ടാകുന്ന മോശം ഫലങ്ങളെ പരിഹരിക്കുന്നതിന് അവയുടെ ഉടമകൾ ചെയ്യുന്ന നല്ല ചില വ്യക്തിഗത ശീലങ്ങൾ സഹായിക്കുന്നുണ്ട്. വാഹനം ഉപേക്ഷിച്ച് നായയ്ക്കൊപ്പമുള്ള നടത്തം ശീലമാക്കുന്നത് ഉദാഹരണം.

ഇനങ്ങളുടെ തിരഞ്ഞെടുപ്പും പ്രധാനം

നായ്ക്കളെ വളർത്തുമ്പോൾ എടുക്കുന്ന ചില തീരുമാനങ്ങൾ പരിസ്ഥിതി സൗഹൃദപരമാക്കാൻ നമുക്കു കഴിയുമെന്ന് വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു. വലുപ്പമുള്ള നായ ഇനങ്ങളെ അപേക്ഷിച്ച് ചെറുനായകൾക്ക് കാർബൺ പാദമുദ്ര കുറവായിരിക്കും. ജാക്ക് റസൽ ടെറിയർ, ലാബ്രഡോർ റിട്രീവർ, സെന്റ് ബർണാഡ് എന്നീ മൂന്നു നായ ജനുസുകളെ ഉൾപ്പെടുത്തി നടത്തിയ പഠനത്തിന്റെ ഫലങ്ങൾ ഇപ്രകാരമായിരുന്നു. നായ് ഭക്ഷണത്തിന്റെ ഉൽപാദന മേഖലയാണ് അവയുടെ കാർബൺ മുദ്രയിൽ മുഖ്യ പങ്ക് വഹിക്കുന്നത്. കളിപ്പാട്ടങ്ങൾ., യാത്രകൾ എന്നിവയുമായി ബന്ധപ്പെട്ട ഭാഗം തുലോം കുറവാണ്. ജാക്ക് റസൽ ബ്രീഡ് ഒരു വർഷം 20 കിലോഗ്രാം കാർബൺ ഡയോക്സൈഡ് സംഭാവന ചെയ്യുമ്പോൾ, ലാബ്രഡോർ 60 കിലോഗ്രാമും സെന്റ് ബർണാഡ് 90 കിലോഗ്രാമും ആണ് പുറത്തുവിടുന്നത്. 

ലാബ്രഡോർ (Credit:Chalabala / Istock)
ലാബ്രഡോർ (Credit:Chalabala / Istock)

ഇതേ ബ്രീഡുകളിൽ നടന്ന മറ്റൊരു പഠനത്തിൽ നിന്നുള്ള നിഗമനപ്രകാരം ഇവ യഥാക്രമം 600 കിലോഗ്രാം, 1.6 ടൺ, 2.3 ടൺ എന്ന വിധത്തിലാണ് കണക്കാക്കപ്പെട്ടത്. അരുമകളുടെ കാർബൺ പാദമുദ്രയുമായി ബന്ധപ്പെട്ടു നടന്ന രണ്ടു പഠനങ്ങൾ തികച്ചും വ്യത്യസ്തമായ അളവുകൾ നൽകിയതിനാൽ ഈ മേഖലയിൽ കൂടുതൽ ഗവേഷണം ആവശ്യമാണ്. ചില പഠനങ്ങൾ അരുമകളുടെ ഉടമസ്ഥതയെ കാലാവസ്ഥാ വ്യതിയാനത്തിനു സംഭാവന നൽകുന്ന വ്യക്തിഗത ശീലമായി കണക്കാക്കുമ്പോൾ, മറ്റു ചിലർ ഇവയെ കാര്യമാത്ര പ്രസക്തമായി കാണുന്നില്ല എന്നതും ശ്രദ്ധേയമാണ്.

ഭക്ഷണം കഴിക്കുന്ന പൂച്ചയും നായയും (Credit:humonia/ Istock)
ഭക്ഷണം കഴിക്കുന്ന പൂച്ചയും നായയും (Credit:humonia/ Istock)

പല വികസ്വര രാജ്യങ്ങളിലും അരുമകളുടെ എണ്ണം കൂടി വരുന്നത് കൂടുതൽ കാർബൺ ഉത്സർജനമുണ്ടാക്കാം. മാംസാഹാരികളല്ലാത്ത അരുമകളെ സ്വന്തമാക്കാൻ ഉപദേശിക്കുന്ന പരിസ്ഥിതിവാദികളുമുണ്ട്. അമിതമായ ഭക്ഷണം ഒഴിവാക്കുക, ഭക്ഷണം പാഴാക്കാതിരിക്കുക, പ്രോട്ടീൻ ഭക്ഷണത്തിനു ബദൽ കണ്ടെത്തുക തുടങ്ങിയ പല പരിഹാരങ്ങളും വിദഗ്ധർ നിർദേശിക്കുന്നു.

English Summary:

Unleashing the Truth: Your Pet's Hidden Impact on Climate Change

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com