അതിർത്തി തർക്കം, കടുവാപ്പോര്: 50 കുട്ടികളുടെ അച്ഛനായ ബജ്റംഗ് കൊല്ലപ്പെട്ടു
Mail This Article
മഹാരാഷ്ട്രയിലെ തഡോബ അന്ധാരി കടുവാ സങ്കേതത്തിൽ കടുവകൾ തമ്മിലുള്ള സംഘട്ടനത്തിൽ ഒരു കടുവ കൊല്ലപ്പെട്ടു. 50 കുഞ്ഞുങ്ങളുടെ അച്ഛനായ 13 വയസുള്ള ‘ബജ്റംഗ്’ ആണ് കൊല്ലപ്പെട്ടത്. ഛോട്ടാ മട്ക എന്ന കടുവയാണ് ആക്രമിച്ച് കൊലപ്പെടുത്തിയതെന്ന് റിപ്പോർട്ടുകൾ പറയുന്നു. ബ്രഹ്മപുരി ഫോറസ്റ്റ് ഡിവിഷനു കീഴിലുള്ള ഖഡ്സംഗി ബഫർ ഏരിയയുടെ അതിർത്തിക്ക് പുറത്തുള്ള വയലിലാണ് സംഘർഷം നടന്നതെന്ന് കടുവാ സങ്കേതം ഫീൽഡ് ഡയറക്ടർ ഡോ. ജിതേന്ദ്ര രാംഗോങ്കർ പറഞ്ഞു.
ബജ്റംഗും ഛോട്ടയും തമ്മിൽ അതിർത്തി തർക്കമായിരിക്കുമെന്ന് വന്യജീവി വിദഗ്ധൻ നിഖിൽ അഭ്യശങ്കർ പറയുന്നു. കനത്ത പോരാട്ടം തന്നെയാണ് നടന്നിരിക്കുന്നത്. അതിനാൽ കൊലയാളിക്കും സാരമായി പരുക്കേറ്റിട്ടുണ്ടാകും. ഉടൻ ഛോട്ടോ മട്കയെ കണ്ടെത്തി അതിന്റെ ആരോഗ്യം പരിശോധിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
മൂന്ന് പെൺ കടുവകളിൽ നിന്നുണ്ടായ 8 കുഞ്ഞുങ്ങളുടെ അച്ഛനാണ് ഛോട്ടാ മട്ക. ശക്തനായ കടുവ തന്റെ കുഞ്ഞുങ്ങളെ സംരക്ഷിക്കുകയും തന്റെ പ്രദേശത്തേക്ക് അതിക്രമിച്ചു കയറുന്നവരെ കൊല്ലുമെന്നും ഡോ.ജിതേന്ദ്ര രാംഗോങ്കർ പറയുന്നു. ജനുവരി മുതൽ 42 കടുവകളാണ് മഹാരാഷ്ട്രയിൽ കൊല്ലപ്പെട്ടതെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.