150 വർഷം പഴക്കുമുള്ള മൾബറി മരത്തിൽ നിന്ന് വെള്ളം പുറത്തേക്ക്; പ്രകൃതി ഒരുക്കിയ കൗതുകകാഴ്ച
Mail This Article
തെക്കൻ യൂറോപ്പില്‍ 150 വർഷത്തോളം മഴക്കമുള്ള മൾബറി മരത്തിൽ (Mulberry tree) നിന്നും വെള്ളം ഒഴുകുന്നു. തറ നിരപ്പിൽ നിന്നും ഏകദേശം ഒരു മീറ്ററിന് മുകളിലായി തടിയിൽ നിന്നുമാണ് വെള്ളം ഒഴുകുന്നത്. ഇതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.
മോണ്ടിനെഗ്രോയിലെ ദിനോസ ഗ്രാമത്തിലാണ് മൾബറി മരമുള്ളതെന്ന് ബിബിസി റിപ്പോർട്ട് ചെയ്യുന്നു. 1990 മുതലാണ് ഈ കൗതുകകാഴ്ച കണ്ടുവരുന്നത്. എല്ലാ വർഷവും ചില ദിവസങ്ങളിൽ മാത്രമാണ് വെള്ളം ഒഴുകുക. ഈ വെള്ളം ഭൂഗർഭ അരുവികളിൽ ചേരുന്നു. മഴയ്ക്ക് ശേഷം ഉണ്ടാകുന്ന മർദ്ദത്താൽ ഭൂഗർഭ നീരുറവയിലെ വെള്ളം തടിയിലെ പൊള്ളയായ ഭാഗത്ത് കൂടി മുകളിലേക്ക് ഉയരുന്നു. ഇത് മരത്തിലെ വിടവിലൂടെ പിന്നീട് പുറത്തേക്ക് ഒഴുകുന്നുവെന്ന് ബിബിസി റിപ്പോർട്ട് ചെയ്യുന്നു.
കൗതുകകരമായ പ്രകൃതി പ്രതിഭാസമെന്നാണ് വിഡിയോ കണ്ടവർ പറയുന്നത്. രണ്ട് കോടിയിലധികം പേരാണ് വിഡിയോ കണ്ടത്. തുർക്കിയിലെ യാകാപാർക്ക് ട്രൗട്ട് ഫാമിലെ ഒരു മരത്തിൽ നിന്നും സമാനമായ രീതിയിൽ വെള്ളം ഒഴുകുന്നതായി കാഴ്ചക്കാരിൽ ഒരാൾ പറഞ്ഞു. അതിന്റെ ചിത്രവും അവർ സമൂഹമാധ്യമത്തിൽ പങ്കുവച്ചിട്ടുണ്ട്.