കാറിനെ 2 ദിവസം പിന്തുടർന്നത് ഇരുപതിനായിരം തേനീച്ചകൾ! ഇന്നും ചുരുളഴിയാത്ത ദുരൂഹസംഭവം
Mail This Article
ജന്തുലോകത്ത് നിന്നു പല കൗതുകകരമായ സംഭവങ്ങളും ഉണ്ടാകാറുണ്ട്. ഇത്തരത്തിലുള്ള ഒന്ന് നടന്നത് 7 വർഷം മുൻപാണ്. ബ്രിട്ടനിലായിരുന്നു ഈ സംഭവം.
ഒരു പ്രകൃതി ഉദ്യാനത്തിൽ നിന്നു മടങ്ങുകയായിരുന്നു കാരോൾ ഹോവാർത്ത് എന്ന 68 വയസ്സുള്ള ബ്രിട്ടിഷ് വനിത. തന്റെ മിത്സുബിഷി ഔട്‌ലാൻഡർ കാറിലായിരുന്നു കാരോളിന്റെ മടക്കം. പടിഞ്ഞാറൻ വെയിൽസിലെ പട്ടണമായ ഹാവർഫോർഡ് വെസ്റ്റിൽ എത്തിയശേഷം കാരൾ ഷോപ്പിങ്ങാനായി പോയി. എന്നാൽ ഈ കാറിനെ പിന്തുടർന്നു വേറൊരുകൂട്ടർ വരുന്നുണ്ടായിരുന്നു. ഇരുപതിനായിരത്തിലധികം അംഗങ്ങളുള്ള ഒരു തേനീച്ചപ്പട.
റോഡിൽ നിർത്തിയിട്ടിരുന്ന കാരോളിന്റെ കാറിനെ തേനീച്ചപ്പട പൊതിഞ്ഞു. പലരും ഈ ദൃശ്യവും വിഡിയോയും ഫോണിൽ പകർത്തി. ചിലർ മൃഗസംരക്ഷണ അധികൃതരെ വിളിച്ചു. അധികൃതർ പാഞ്ഞെത്തുകയും പണിപ്പെട്ട് തേനീച്ചകളെ ഒരു കൂട്ടിലേക്കു മാറ്റി കൊണ്ടുപോകുകയും ചെയ്തു. കാരോൾ ആശ്വാസത്തോടെ വീട്ടിലേക്കു പോയി. എന്നാൽ പിറ്റേദിവസവും തേനീച്ചകൾ കാറിനെ വന്നു പൊതിഞ്ഞു. ഉടൻതന്നെ കാരൾ അധികൃതരെ വിളിച്ചു. വൈകുന്നേരം ആറോടെയാണ് എല്ലാ തേനീച്ചകളെയും മാറ്റാൻ സാധിച്ചത്.
എന്തായിരിക്കാം തേനീച്ചകൾക്ക് കാരളിന്റെ കാറിനോട് ഇത്രയും ആകർഷണം തോന്നാൻ ഇടയാക്കിയത്. കാറിനുള്ളിൽ അവരുടെ റാണി ഉൾപ്പെട്ടിരിക്കാം എന്ന സാധ്യതയാണ് വിഷയം പഠിച്ച വിദഗ്ധർ മുന്നോട്ടുവച്ചത്. തേനീച്ചകളുടെ ലോകം റാണിയെ ചുറ്റപ്പറ്റിയാണ്. റാണി പോയാൽ അവ പിന്തുടരും. കാറിനുള്ളിലുണ്ടായിരുന്ന എന്തെങ്കിലും ഭക്ഷണസാധനങ്ങളോ അല്ലെങ്കിൽ സുഗന്ധവസ്തുക്കളോ റാണിത്തേനീച്ചയെ ആകർഷിച്ചു കാണും. അങ്ങനെ റാണി കാറിൽ കയറിയിട്ടുണ്ടാകും. റാണിക്കു പുറകേ വന്നതാകാം ഇരുപതിനായിരത്തോളം പ്രജകൾ.
ഏതായാലും വർഷമിത്ര കഴിഞ്ഞിട്ടും വെയിൽസിലെ ഈ വിചിത്ര തേനീച്ചയാത്രയുടെ രഹസ്യം മാത്രം കണ്ടെത്താനായിട്ടില്ല.