സൂക്ഷിക്കണം, തൊട്ടാൽ കേസ്: നാട്ടിലെ ശല്യക്കാരും സംരക്ഷണ പട്ടികയിൽ ഒന്നാം സ്ഥാനത്ത്
Mail This Article
നിങ്ങളുടെ കൃഷിയിടത്തും വീടിനുമുകളിലുമൊക്കെ കുരങ്ങ് വരാറുണ്ടോ? വന്നാൽ കല്ലെടുത്ത് എറിയുകയും തല്ലിയോടിക്കുകയും ചെയ്യുമോ? എന്നാൽ ഇനി ചെയ്യുമ്പോൾ സൂക്ഷിക്കണം. പഴയതുപോലെ അവയെ ഉപദ്രവിച്ചാൽ പിഴയീടാക്കുകയോ ജയിലിൽ അടയ്ക്കുകയോ ചെയ്യും. നാട്ടിൽ ശല്യക്കാരായ കുരങ്ങുകൾ ഉൾപ്പെടെയുള്ള പല മൃഗങ്ങളേയും വന്യജീവി സംരക്ഷണ നിയമഭേദഗതി ഒന്നാം പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുകയാണ്. നേരത്തെ ഷെഡ്യൂൾഡ് രണ്ടിലായിരുന്നു.
2022 ഡിസംബർ 20നാണ് കേന്ദ്രം നിയമം പാസാക്കിയത്. കേരളത്തില്‍ നിലവിൽ വന്നത് 2023 ഏപ്രിൽ ആണ്. രണ്ടാം പട്ടികയിൽ ഉൾപ്പെട്ടിരുന്ന നാടൻകുരങ്ങ്, കുറുക്കൻ, മുള്ളൻപന്നി, കീരി, കാട്ടുപട്ടി, കേഴ, മ്ലാവ് തുടങ്ങിയ ജീവികളെയാണ് ഒന്നാം പട്ടികയിൽ ഉൾപ്പെടുത്തിയത്. വേട്ടയാടൽ സാധ്യത കൂടുതല്‍ ആതിനാലാണിത്.
ആന, കടുവ, പുലി, കരടി തുടങ്ങിയ വന്യജീവികള്‍ നേരത്തെ പട്ടികയിൽ ഇടംനേടിയവരാണ്. ഇവയെ, മുറിപ്പെടുത്തുക, വിഷംവയ്ക്കുക, കൊല്ലുക, ഭയപ്പെടുത്തുക, കെണിവയ്ക്കുക എന്നിവയെല്ലാം കുറ്റകരമാണ്. 3 വർഷം മുതൽ 7 വർഷംവരെ തടവും ഒരു ലക്ഷംരൂപവരെ പിഴയുമാണ് ശിക്ഷ. കുരങ്ങുകൾ ഒന്നാം പട്ടികയിലാണ് ഉൾപ്പെട്ടിരിക്കുന്നത്. അതിനാൽ അവയ്ക്കെതിരെ നടപടിയെടുക്കണമെങ്കിൽ ചീഫ് വൈൽഡ് ലൈഫ് വാർഡന്റെ അനുവാദവും പ്രോട്ടക്കോളും വേണമെന്നുമാണ് നിയമഭേദഗതിയിൽ പറയുന്നത്.