കർഷകർക്ക് വേണ്ടി നിർമിച്ച കുളത്തിൽ വീണ് കുട്ടിയാന; ജെസിബി ഉപയോഗിച്ച് രക്ഷപ്പെടുത്തൽ– വിഡിയോ
Mail This Article
കോയമ്പത്തൂരിൽ കുളത്തിൽ വീണ കാട്ടാനയെ ജെസിബി ഉപയോഗിച്ച് രക്ഷപ്പെടുത്തി. മധുക്കരൈ ഫോറസ്റ്റ് റേഞ്ചിൽ കർഷകർക്കായി നിർമിച്ച കുളത്തിലാണ് നാല് വയസ് പ്രായമുള്ള കുട്ടിയാന വീണത്. തമിഴ്നാട് വനംവകുപ്പ് ഉദ്യോഗസ്ഥർ പട്രോളിങ് നടത്തുന്നതിനിടെയാണ് ഇത് കണ്ടത്. ഉടൻതന്നെ രക്ഷാപ്രവർത്തനം ആരംഭിക്കുകയായിരുന്നു.
വ്യാഴാഴ്ച പുലർച്ചെയാണ് സംഭവം. ജെസിബിയുടെ കൈഭാഗം കുളത്തിലേക്ക് നീട്ടിയപ്പോൾ ആന അതിന്റെ അടുത്തേക്ക് എത്തുകയായിരുന്നു. ടോർച്ച് വെളിച്ചത്തിലാണ് രക്ഷാപ്രവർത്തനം നടത്തിയത്. ആന അനങ്ങാതെ നിന്ന സമയം, ജെസിബി കുളത്തിന്റെ ഒരു വശം ഇടിച്ച് മുകളിലേക്ക് കയറാനുള്ള വഴി ഒരുക്കുകയായിരുന്നു. മണ്ണ് നീക്കുന്നതനുസരിച്ച് ആന മുൻപോട്ട് വരികയും മുകളിലേക്ക് കയറി രക്ഷപ്പെടുകയും ചെയ്തു.
കോയമ്പത്തൂർ ജില്ലയിൽ വനാതിർത്തി ചേർന്നുള്ള ഗ്രാമങ്ങളിൽ കാട്ടാനശല്യം രൂക്ഷമാണ്. പലപ്പോഴും ട്രെയിനുമായി കൂട്ടിയിടിച്ച് ആനകൾ ചരിയാറുണ്ട്. അതിനാൽ പലയിടത്തും പട്രോളിങ്ങിനായുള്ള ജീവനക്കാരുടെ എണ്ണം വർധിപ്പിച്ചിട്ടുണ്ട്. എഐ അടിസ്ഥാനമാക്കിയുള്ള നിരീക്ഷണവും 12 ടവറുകളിൽ തെർമൽ ക്യാമറകളും ഘടിപ്പിച്ചിട്ടുണ്ട്.