ലണ്ടന്റെ രണ്ടിരട്ടി വലുപ്പം: ലോകത്തെ ഏറ്റവും വലിയ മഞ്ഞുമല നീങ്ങുന്നു; വിദഗ്ധരുടെ മുന്നറിയിപ്പ്
Mail This Article
ലോകത്തെ ഏറ്റവും വലിയ മഞ്ഞുമലയ്ക്ക് സ്ഥാനചലനം സംഭവിച്ചതായി റിപ്പോർട്ടുകൾ. 30 വർഷത്തോളം സമുദ്രത്തിന്റെ അടിത്തട്ടിൽ കുടുങ്ങികിടന്ന ലണ്ടന്റെ രണ്ടിരട്ടി വലുപ്പമുള്ള A23a എന്ന മഞ്ഞുമല ഇപ്പോൾ സ്വതന്ത്രമായി ചലിച്ചുതുടങ്ങിയതായി വിദഗ്ധർ പറയുന്നു. ഒരു ബ്രിട്ടിഷ് ദ്വീപിന് സമീപത്തേക്കാണ് ഇപ്പോൾ നീങ്ങുന്നതെന്നാണ് വിവരം.
1986 ലാണ് അന്റാർട്ടിക് തീരപ്രദേശത്ത് നിന്ന് അടർന്ന് മാറിയ ഭാഗം സമുദ്രത്തിന്റെ അടിത്തട്ടിൽ പതിക്കുകയും ഐസ് ദ്വീപായി മാറുകയും ചെയ്തത്. 3,884 ചതുരശ്ര കിലോമീറ്റർ വലുപ്പമുള്ള ഈ മഞ്ഞുമലയുടെ കനം 399 മീറ്റർ ആണ്. അതിശക്തമായ കാറ്റും പ്രവാഹങ്ങളും ആണ് സ്ഥാനചലനത്തിനു കാരണമെന്നും 2020ലാണ് ആദ്യത്തെ ചലനം കണ്ടെത്തിയതെന്നും ബ്രിട്ടിഷ് അന്റാർട്ടിക് സർവേയിൽ നിന്നുള്ള റിമോട്ട് സെൻസിങ് വിദഗ്ധനായ ഡോ. ആൻഡ്രൂ ഫ്ലെമിങ് പറയുന്നു.
സൗത്ത് ജോർജിയയ്ക്ക് സമീപം A23a കുടുങ്ങുമെന്നാണ് ഇപ്പോഴത്തെ വിലയിരുത്തൽ. അങ്ങനെ സംഭവിച്ചാൽ ജോർജിയയിൽ വസിക്കുന്ന ദശലക്ഷക്കണക്കിന് സീലുകളുടെയും പെൻഗ്വിനുകളുടെയും ജീവന് ഭീഷണിയാകും. മഞ്ഞുമല കാരണം തീറ്റതേടാനുള്ള അവസരം അവർക്ക് നഷ്ടമാകുകയും മരണത്തിന് കീഴടങ്ങുകയും ചെയ്യും. എല്ലാ മഞ്ഞുമലയും ക്രമേണ ഉരുകുമെന്നും വിദഗ്ധർ അഭിപ്രായപ്പെടുന്നുണ്ട്.