14,700 മടങ്ങ് കൂടുതൽ കരുത്തുറ്റ വാതകം; അതീവ ഹാനികരം: ചൈന പുറത്തുവിടുന്നെന്ന് റിപ്പോർട്ട്
Mail This Article
ഇന്ന് ദേശീയ മലിനീകരണ നിയന്ത്രണദിനം. മലിനീകകാരണം ഒരു ആഗോള പ്രശ്‌നമാണ്. ലോകത്ത് എവിടെനിന്നുമുള്ള മാലിന്യ വ്യാപനം ലോകത്തെങ്ങും പ്രശ്‌നമുണ്ടാക്കാൻ പര്യാപ്തമായതിനാൽ ഇതൊരു വലിയ പ്രതിസന്ധിയാണ്. കഴിഞ്ഞ ദിവസം ചൈനയുടെ കിഴക്കൻഭാഗത്തു നിന്നുള്ള അന്തരീക്ഷ പരിശോധനാഫലത്തിൽ ഒരു കാര്യം പുറത്തായി. ഉയർന്ന തോതിലുള്ള അളവിൽ ഹൈഡ്രോഫ്‌ളൂറോ കാർബൺ 23 എന്ന ഹരിതഗൃഹവാതകം പുറന്തള്ളുന്നുണ്ടെന്നാണു കണ്ടെത്തിയത്. കാർബൺ ഡയോക്‌സൈഡിനേക്കാൾ ശക്തമായ ഹരിതഗൃഹവാതകമാണ് ഇതെന്ന് വേൾഡ് മിറ്റീരിയോളജിക്കൽ അസോസിയേഷൻ പറയുന്നു. ക്ലൈമറ്റ് സൂപ്പർ പൊള്യൂറ്റന്റ് എന്നറിയപ്പെടുന്ന ഈ വാതകം 14,700 മടങ്ങ് കൂടുതൽ കരുത്തുറ്റതാണ്.
രാജ്യാന്തര ഉടമ്പടി പ്രകാരം ഈ വാതകം പുറത്തുവിടുന്നത് ചൈന നിർത്തേണ്ടതാണെങ്കിലും ജെജു ദ്വീപിനു സമീപത്തു നിന്നു ശേഖരിച്ച വായു സാംപിളുകളിൽ ഇത് ഉയർന്ന നിലയിൽ അടങ്ങിയിട്ടുണ്ട്. ചൈനയാണ് ഈ വാതകത്തിന്റെ ഉറവിടമെന്നും ശാസ്ത്രജ്ഞർ കണ്ടെത്തി. 2021 ജൂണിൽ മോൺട്രിയൽ പ്രോട്ടോക്കോളിലെ കിഗാലി അമെൻമെൻഡ് ചൈന ഔദ്യോഗികമായി അംഗീകരിച്ചിരുന്നു. പരിസ്ഥിതി, കാലാവസ്ഥാ പ്രശ്‌നങ്ങൾക്കു കാരണമായ ഹൈഡ്രോഫ്‌ളൂറോ കാർബൺ വ്യാപനത്തിനു നിയന്ത്രണം ഏർപ്പെടുത്താനുള്ള ശ്രമങ്ങളിലെ നിർണായകമായ ഒരു ഉടമ്പടിയാണ് ഇത്.
2021 സെപ്റ്റംബറിൽ ചൈന ഈ ഉടമ്പടിയിൽ ഒപ്പിട്ടതോടെ എച്ച്എഫ്‌സി 23 വികിരണം 2021ൽ തന്നെ കുറയ്ക്കണമെന്ന് ചൈനയ്ക്കു മേൽ ഉപാധിയുണ്ടായിരുന്നു.
ഹൈഡ്രോക്ലോറോഫ്ലൂറോ കാർബൺ 22 എന്ന രാസവസ്തുവിന്റെ ഉപോത്പന്നമായാണ് എച്ച്എഫ്‌സി 23 പുറത്തുവരുന്നത്. ടെഫ്‌ളോൺ പോലുള്ള ഫ്‌ളൂറിൻ അടങ്ങിയ രാസവസ്തുക്കളുടെ നിർമാണത്തിൽ ഇതു വ്യാപകമായി ഉപയോഗിക്കപ്പെടുന്നുണ്ട്. 2009 മുതൽ ലോകത്തെ ഹൈഡ്രോക്ലോറോഫ്‌ളൂറോ കാർബൺ 22ന്‌റെ നിർമാണത്തിൽ 50 ശതമാനവും ചൈനയാണ് നടത്തുന്നതെന്ന് യുഎൻ എൻവയോൺമെന്‌റ് പ്രോഗ്രാം അറിയിച്ചിരുന്നു.
ദിവസങ്ങൾക്കു മുൻപ് യൂറോപ്യൻ യൂണിയൻ കാലാവസ്ഥാകാര്യ കമ്മിഷണറായ വോപ്‌കെ ഹോസ്ട്ര, കാലാവസ്ഥാ വ്യതിയാനത്താൽ വലയുന്ന ദരിദ്രരാജ്യങ്ങളെ ചൈന സഹായിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. മനുഷ്യപ്രവർത്തനങ്ങളുടെ ഭാഗമായുള്ള ഹരിതഗൃഹ വാതക വികിരണമാണ് കാലാവസ്ഥാ വ്യതിയാനത്തിന്റെ പ്രധാന കാരണം. ആഗോളതാപനത്തിന്‌റെ ആക്കം ഇതു വലിയ രീതിയിൽ കൂട്ടുന്നുണ്ട്. ശക്തമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയില്ലെങ്കിൽ വികിരണങ്ങൾ 130 ശതമാനമായി 2050ൽ ഉയരുമെന്ന് രാജ്യാന്തര ഊർജ ഏജൻസി റിപ്പോർട്ട് ചെയ്തിരുന്നു.
അന്തരീക്ഷ മലിനീകരണം നടത്തുന്നതിൽ ഒന്നാം സ്ഥാനത്തുള്ള രാജ്യമാണ് ചൈന. വ്യാവസായികമായി കുതിച്ചുകൊണ്ടിരിക്കുന്ന ചൈനയ്ക്ക് വലിയൊരു കയറ്റുമതി മാർക്കറ്റുണ്ട്. ചൈനയിലെ പ്രധാന 5 വ്യാവസായിക പ്രവിശ്യകളിൽ നിന്നു പുറന്തള്ളുന്ന ഡയോക്‌സൈഡ് മാലിന്യം ലോകത്തെ ഏതൊരു രാജ്യത്തേക്കാളും കൂടുതലാണെന്ന് കണ്ടെത്തിയിട്ടുണ്ട്.
ഇന്ന് ലോകത്തെ അന്തരീക്ഷ മലിനീകരണത്തിൽ 30 ശതമാനവും ചൈനയിൽ നിന്നാണ് സംഭവിക്കുന്നതെന്ന് സസ്‌റ്റെയിനബിലിറ്റി ഫോർ ആൾ റിപ്പോർട്ട് ചെയ്യുന്നു. ഇക്കാരണത്താൽ ഒട്ടേറെ റെഡ് അലർട്ടുകൾ രാജ്യത്തിനു ലഭിച്ചിട്ടുണ്ട്.