ദിവസം പതിനായിരം തവണ ഉറങ്ങും! ചിൻസ്ട്രാപ് പെൻഗ്വിനുകളുടെ സ്വഭാവം കണ്ടെത്തി ശാസ്ത്രജ്ഞർ
Mail This Article
ഒരു ദിവസം നമ്മൾ എത്ര തവണ ഉറങ്ങും. കൂടിപ്പോയാൽ പകൽ രണ്ടുനേരം, രാത്രിയിൽ ഒരു നേരം. എന്നാൽ ചിൻസ്ട്രാപ് വിഭാഗത്തിൽ പെടുന്ന പെൻഗ്വിനുകളുടെ വിചിത്രരീതി കണ്ടെത്തിയിരിക്കുകയാണ് ഇപ്പോൾ ശാസ്ത്രജ്ഞർ. ഈ പെൻഗ്വിനുകൾ ഉറങ്ങുന്നത് ഒന്നും രണ്ടും തവണയൊന്നുമല്ല, മറിച്ച് ദിവസം പതിനായിരം തവണയാണ്.
ബ്രീഡിങ് കോളനികളിൽ താമസിക്കുന്നവയാണ് ഈ പെൻഗ്വിനുകൾ. പതിനായിരക്കണക്കിന് പെൻഗ്വിനുകളാണ് ഓരോ കോളനികളിലും താമസിക്കുന്നത്. ഇവയ്ക്ക് എപ്പോഴും ജാഗരൂകരായി ഇരിക്കേണ്ടതിന്‌റെ ആവശ്യകതയുണ്ട്. സ്‌കുവ പക്ഷികളും മറ്റ് വേട്ടയാടുന്ന ജീവികളും തങ്ങളെയും മുട്ടകളെയും ആക്രമിക്കാതിരിക്കാനാണ് ഇത്.
ഇതു കൊണ്ടാണ് ചെറിയ ചെറിയ ഉറക്കങ്ങൾ ഇവ അവലംബിക്കുന്നത്, ഒരുറക്കം 4 സെക്കൻഡ് വരെയൊക്കെയാകും നീണ്ടുനിൽക്കുക. ഇത് പെൻഗ്വിനുകളെ ഉറക്കത്തിനിടയിൽ പോലും ജാഗ്രതയുള്ളവരാക്കി നിർത്താൻ അനുവദിക്കുന്നു.
പഠനഫലങ്ങൾ സയൻസ് എന്ന ജേണലിൽ പ്രസിദ്ധീകരിച്ചു. തങ്ങളുടെ മുട്ടകൾ സംരക്ഷിക്കേണ്ട ആവശ്യകതയും അതേസമയം ഉറങ്ങേണ്ടതിന്‌റെ ആവശ്യകതയും ഇത്തരമൊരു നിദ്രാഘടനയിലേക്കു നയിച്ചിരിക്കാമെന്നാണ് ശാസ്ത്രജ്ഞർ പറയുന്നത്. പൈഗോസെലിസ് അന്‌റാർട്ടിക്കസ് എന്നാണ് ചിൻസ്ട്രാപ് പെൻഗ്വിനുകളുടെ ശാസ്ത്രനാമം. ഇവയുടെ ശരീരത്തിലുള്ള ചെറിയ കറുത്ത വര കാരണമാണ് ചിൻസ്ട്രാപ് പെൻഗ്വിനുകൾ എന്നിവർക്ക് പേര് കിട്ടിയത്.
തെക്കൻ പസിഫിക്, അന്‌റാർട്ടിക് സമുദ്രതീരങ്ങളിലാണ് ഈ പെൻഗ്വിനുകൾ അധിവസിക്കുന്നത്. റിങ് പെൻഗ്വിൻ, ബേർഡഡ് പെൻഗ്വിൻ, സ്റ്റോൺക്രാക്കർ പെൻഗ്വിൻ എന്നീ പേരുകളിലും ഇവ അറിയപ്പെടാറുണ്ട്. മീനുകളെയും കൊഞ്ച് വർഗത്തിലെ ജീവികളെയും കണവകളെയുമൊക്കെയാണ് ഇവ ഭക്ഷിക്കുന്നത്.
ലെപേഡ് സീൽ എന്നറിയപ്പെടുന്ന നീർനായകളാണ് ഇവയെ പ്രധാനമായും വേട്ടയാടുന്നത്. എല്ലാ വർഷവും ചിൻസ്ട്രാപ് പെൻഗ്വിനുകളുടെ എണ്ണത്തിൽ 5 മുതൽ 20 ശതമാനം കുറവ് ലെപ്പേഡ് സീലുകളുടെ വേട്ടമൂലം ഉണ്ടാകാറുണ്ട്.