ADVERTISEMENT

കാസർകോട് ∙ കഴിഞ്ഞ ഒന്നര മാസത്തിനിടെ ജില്ലയിലെ പക്ഷി ഭൂപടത്തിലേക്ക് പുതിയ അതിഥികളായെത്തിയത് 4 ഇനങ്ങൾ കൂടി. ഇതോടെ ജില്ലയിലാകെ കണ്ടെത്തിയ പക്ഷിയിനങ്ങളുടെ എണ്ണം 396 ആയി. തവിടൻ നോടി ആള (ബ്രൗൺ നോഡി), തോട്ടിക്കഴുകൻ (ഈജിപ്ഷ്യൻ വൾച്ചർ), കിഴക്കൻ നട്ട്(ഗ്രേറ്റ് നോട്ട്), ചന്ദനക്കുറി എരണ്ട(യൂറേഷ്യൻ വീജിയൻ) എന്നീ പക്ഷികളെയാണ് കഴിഞ്ഞ ഒന്നര മാസത്തിനിടെ ജില്ലയിൽ പുതുതായി കണ്ടെത്തിയത്. 

ബ്രൗൺ നോഡി, യൂറേഷ്യൻ വീജിയൻ എന്നീ പക്ഷികളെ പക്ഷി നിരീക്ഷകനായ വെള്ളിക്കോത്ത് സ്വദേശി ശ്യാം കുമാർ പുറവങ്കരയാണു കണ്ടെത്തിയത്. ഈജിപ്ഷ്യൻ വൾച്ചറിനെ രാവണീശ്വരം സ്വദേശി ഹരീഷ് ബാബുവും, ഗ്രേറ്റ് നോട്ടിനെ ഹരീഷ് ബാബുവും കെ.എം.അനൂപ് എന്നിവർ ചേർന്നുമാണ് കണ്ടെത്തിയത്. 

യൂറേഷ്യൻ വീജിയൻ
യൂറേഷ്യൻ വീജിയൻ

ചിത്താരി അഴിമുഖത്തു നിന്നാണ് ബ്രൗൺ നോഡിയെയും, ഗ്രേറ്റ് നോട്ടിനെയും കണ്ടെത്തിയത്. പക്ഷികളെ സംബന്ധിക്കുന്ന ഇ –ബേഡ് രേഖകൾ പ്രകാരം ബ്രൗൺ നോഡിയെ 12 തവണ മാത്രമാണ് സംസ്ഥാനത്ത് കണ്ടതായി റിപ്പോർട്ടുകളുള്ളത്. സാധാരണ പുറം കടലിൽ കാണപ്പെടുന്ന ഇവ അപൂർവമായി മാത്രമാണു തീരത്തെത്തുന്നത്. താറാവ് ഇനത്തിൽ പെട്ട യൂറേഷ്യൻ വീജിയനെ ഉദിനൂർ വയലിൽ നിന്നാണു കണ്ടെത്തിയത്. 

ജില്ലയിൽ ആദ്യമായാണ് കഴുകൻ ഇനത്തിലെ പക്ഷിയെ കണ്ടെത്തുന്നത്. ഈജിപ്ഷ്യൻ വൾച്ചറിനെ കണ്ടെത്തിയത് കാഞ്ഞങ്ങാട് ചെമ്മട്ടംവയലിൽ നിന്നാണ്. സംസ്ഥാനത്ത് തന്നെ അപൂർവമായി മാത്രമാണ് ഇവയെ കണ്ടെത്തിയിട്ടുള്ളത്. വയനാട്, എറണാകുളം, തൃശൂർ, പാലക്കാട് ജില്ലകളിൽ ഇവയെ മുൻപ് കണ്ടതായി റിപ്പോർട്ടുകളുണ്ട്. 

ഗ്രേറ്റ് നോട്ട്
ഗ്രേറ്റ് നോട്ട്

കാസർകോട് ബേഡേഴ്സ് കൂട്ടായ്മയുടെ നേതൃത്വത്തിലാണ് ജില്ലയിലെ പക്ഷി നിരീക്ഷണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്. ഈ വർഷം ഇതുവരെ 9 പക്ഷിയിനങ്ങളെയാണ് ജില്ലയിൽ പുതുതായി കണ്ടെത്തിയത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com