ഭൂമിയിൽ നരകത്തിന്റെ നിറമുള്ള പടിവാതിൽ: ഇത്യോപ്യയിലെ ഡാനാകിൽ ഡിപ്രഷൻ
Mail This Article
വ്യത്യസ്തതകളും വൈചിത്ര്യങ്ങളുംകൊണ്ട് മനുഷ്യനെ അമ്പരപ്പിക്കുന്ന ആയിരക്കണക്കിന് കാര്യങ്ങളാണ് ഭൂമിയിലുള്ളത്. ചിലതിനെക്കുറിച്ച് അറിയുമ്പോൾ ഇങ്ങനെയൊന്ന് യഥാർത്ഥത്തിൽ നിലനിൽക്കുന്നുണ്ടോ എന്ന് പോലും അത്ഭുതപ്പെട്ടു പോകും. അക്കൂട്ടത്തിൽ ഒന്നാണ് ഇത്യോപ്യയിലെ ഡാനാകിൽ ഡിപ്രഷൻ. ചുടുനീരുറവകളും ആസിഡ് കുളങ്ങളും ഉപ്പു കൂനകളുമൊക്കെ നിറഞ്ഞ ഈ സ്ഥലം ആദ്യകാഴ്ചയിൽ സയൻസ് ഫിക്ഷൻ സിനിമകളെ ഓർമ്മിപ്പിക്കും.
ആവി പറക്കുന്ന വിള്ളലുകളുള്ള ഈ സ്ഥലം സൗരയൂഥത്തിലെ മറ്റു ഗ്രഹങ്ങളെക്കുറിച്ചുള്ള ഗവേഷണങ്ങൾക്കായും ശാസ്ത്രജ്ഞർ ഉപയോഗിക്കുന്നുണ്ട്. ഭൂമിയിലെ ഏറ്റവും ചൂടറിയ സ്ഥലങ്ങളിൽ ഒന്നാണിത്. അതേപോലെ സമുദ്രനിരപ്പിൽ നിന്നും 410 അടി താഴ്ച്ചയിൽ സ്ഥിതി ചെയ്യുന്ന ഡാനാകിൽ ഡിപ്രഷൻ ഏറ്റവും താഴ്ന്ന സ്ഥലങ്ങളുടെ പട്ടികയിലും മുൻനിരയിലുണ്ട്. ശാസ്ത്രജ്ഞരെ കൂടാതെ സഞ്ചാരികളും ഉപ്പു ഖനി തൊഴിലാളികളുമാണ് ഇവിടേയ്ക്ക് എത്തുന്നവരിൽ അധികവും. ഇവിടെനിന്നും ഖനനം ചെയ്തെടുക്കുന്ന ഉപ്പു സ്ലാബുകളെ വെളുത്ത സ്വർണം എന്നാണ് വിശേഷിപ്പിക്കുന്നത്.
ഇത്യോപ്യയുടെ വടക്കുകിഴക്കൻ ഭാഗത്ത് എറിത്രിയയുടെ അതിർത്തിയോട് ചേർന്നാണ് ഡാനാകിൽ ഡിപ്രഷൻ സ്ഥിതി ചെയ്യുന്നത്. ആഫ്രിക്കൻ, അറേബ്യൻ, സൊമാലിയൻ എന്നീ മൂന്ന് ടെക്റ്റോണിക് പ്ലേറ്റുകൾ വ്യതിചലിക്കുന്നതിനെ തുടർന്നാണ് ഈ മാന്ദ്യം രൂപം കൊണ്ടത് എന്ന് പഠനങ്ങൾ പറയുന്നു. ഒരുകാലത്ത് ചെങ്കടലിന്റെ ഭാഗമായിരുന്നു ഈ പ്രദേശം. കാലക്രമേണ അഗ്നിപർവ്വത സ്‌ഫോടനങ്ങളിലൂടെ പുറത്തുവന്ന ലാവ വരണ്ട കാലാവസ്ഥയിൽ ബാഷ്പീകരിക്കപ്പെട്ടതിനെ തുടർന്നാണ് സമതലം രൂപപ്പെട്ടത്. സജീവമായ അഗ്നിപർവ്വതങ്ങൾ, ഹൈഡ്രോതെർമൽ സംവിധാനങ്ങൾ, ധാതു നിക്ഷേപങ്ങൾ, സൂക്ഷ്മജീവ സമൂഹങ്ങൾ എന്നിവയുടെ സാന്നിധ്യംകൊണ്ട് ജീവശാസ്ത്രപരമായും ഭൂമിശാസ്ത്രപരമായും സങ്കീർണത നിറഞ്ഞ ഒരു ഭൂപ്രദേശമാണ് ഇത്.
50 ഡിഗ്രി സെൽഷ്യസ് വരെ ഈ മേഖലയിലെ താപനില ഉയരുമെങ്കിലും ഇതിനോട് പൊരുത്തപ്പെട്ട് പോകാൻ സാധിക്കുന്ന സസ്യ ജന്തുജാലങ്ങൾ ഇവിടെയുണ്ട്. വർഷം മുഴുവൻ ഈ പ്രദേശത്തെ താപനില ഉയർന്നു തന്നെ നിൽക്കും. വളരെ കുറച്ചു മാത്രമേ മഴ ലഭ്യതയുള്ളൂ. ഈ പ്രത്യേകതകളെല്ലാം കണക്കിലെടുത്താണ് മറ്റു ഗ്രഹങ്ങളിൽ ജീവൻ ഉണ്ടാകാനുള്ള സാധ്യതയെ കുറിച്ച് പഠിക്കാനുള്ള ഏറ്റവും അനുയോജ്യമായ സ്ഥലമായി ഡനാകിൽ ഡിപ്രഷനെ കാണുന്നത്.
ഉപ്പു കൂനകളും ആസിഡ് കുളങ്ങളുമെല്ലാം ചേർന്ന് വർണ്ണ വൈവിധ്യം നിറഞ്ഞ ഒരു കാഴ്ചയാണ് ഡാനാകിൽ ഡിപ്രഷൻ ഒരുക്കുന്നത്. എന്നാൽ കാഴ്ചയിലെ ഭംഗിക്കപ്പുറം സ്വാഭാവികാവസ്ഥയിൽ ജീവൻ നിലനിൽക്കാൻ ഏറെ വെല്ലുവിളികളുള്ള സ്ഥലമായതിനാൽ ഡനാകിൽ ഡിപ്രഷൻ നരകത്തിലേയ്ക്കുള്ള നിറമുള്ള വാതിൽ എന്നും വിശേഷിപ്പിക്കപ്പെടുന്നു. ഇവിടം സന്ദർശിക്കാൻ എത്തുന്നവർ കൃത്യമായ മുൻകരുതലുകളെടുത്തില്ലെങ്കിൽ ആരോഗ്യത്തിനും ജീവനും തന്നെ അപകടം സംഭവിക്കാനും സാധ്യതയുണ്ട്