ADVERTISEMENT

ഈജിപ്തിനും ലിബിയയ്ക്കുമിടയിൽ 72000 ചതുരശ്ര കിലോമീറ്ററോളം വിസ്തീർണത്തിൽ വ്യാപിച്ചുകിടക്കുന്ന മരുഭൂമിയിലെ ഒരു വലിയ ദുരൂഹതയാണ് ചിലയിടങ്ങളിൽ കാണപ്പെടുന്ന മഞ്ഞ ഗ്ലാസ് തരികൾ. 1933ലാണ് ഇതാദ്യമായി ഒരു ശാസ്ത്ര പ്രസിദ്ധീകരണത്തിൽ പരാമർശിക്കപ്പെട്ടത്. തുടർന്ന് ലിബിയൻ ഡെസേർട്ട് ഗ്ലാസ് എന്ന പേരിൽ ഇതറിയപ്പെട്ടു.

ധാതുക്കൾ ശേഖരിക്കുന്നവർക്കിടയിൽ ഈ ഗ്ലാസ്തരികൾക്ക് നല്ല ഡിമാൻഡാണ്. ഈ വസ്തുവിന്‌റെ ഭംഗിയും അപൂർവതയുമാണ് ഇത്രയും വിലയുണ്ടാക്കുന്ന ഘടകം. ഈജിപ്തിലെ പ്രശസ്ത യുവചക്രവർത്തിയായിരുന്ന തൂത്തൻ ഖാമുന്‌റെ കല്ലറയിൽ കണ്ടെത്തിയ ഒരു പെൻഡന്‌റിലും ഈ വസ്തു കണ്ടെത്തിയിരുന്നു.

libyan-glass
തൂത്തൻ ഖാമുന്റെ കല്ലറയിൽ കണ്ടെത്തിയ ഒരു പെൻഡന്റ് (Photo: X/ @archaeologymag), പ്രകൃതിദത്തമായ ഗ്ലാസ്തരികൾ (Photo: X/@Sand_Therapy)

പ്രകൃതിദത്തമായ ഗ്ലാസ്തരികൾ പലയിടത്തുനിന്നും കണ്ടെത്തിയിട്ടുണ്ട്. യൂറോപ്പിലെ റയിസ് പടുകുഴിയിൽ കണ്ടെത്തിയ മോൾഡവൈറ്റ്, ഐവറി കോസ്റ്റിൽ കണ്ടെത്തിയ ടെക്‌റ്റൈറ്റ്‌സ് തുടങ്ങിയവ ഇതിനുദാഹരണം. എന്നാൽ ഇവയൊന്നും ലിബിയയിലെ മഞ്ഞ ഗ്ലാസിനോളം സിലിക്ക അടങ്ങിയതല്ല.

പതിറ്റാണ്ടുകളായി ഈ ഗ്ലാസിന്‌റെ ഉത്ഭവം സംബന്ധിച്ച് ഗവേഷകർക്കിടയിൽ ചർച്ചയുണ്ട്. ചന്ദ്രനിലെ അഗ്നിപർവതങ്ങളിൽ നിന്നു വന്നതാണെന്നാണ് ഇടയ്ക്കുണ്ടായ വാദം. മിന്നൽപ്പിണരുകളുടെ പ്രവർത്തനം മൂലം ഉണ്ടായതാണിവയെന്ന് മറ്റു ചിലർ വാദമുയർത്തി. മിന്നൽപ്പിണരുകൾ മണലിലും മണ്ണിലും അടിക്കുമ്പോൾ ഫൾഗറൈറ്റുകൾ എന്ന തരം ഗ്ലാസുകൾ ഉണ്ടാകാറുണ്ട്.

എന്നാൽ ഈ ഗ്ലാസിന്‌റെ ഉദ്ഭവം സംബന്ധിച്ച് കൂടുതൽ വ്യക്തമായ കാരണം വെളിയിൽ വന്നിരിക്കുകയാണിപ്പോൾ. അത്യാധുനിക മൈക്രോസ്‌കോപി ടെക്‌നോളജിയുടെ അകമ്പടിയോടെ ജർമനിയിലെയും ഈജിപ്തിലെയും മൊറോക്കോയിലെയും ഗവേഷണകേന്ദ്രങ്ങൾ നടത്തിയ പഠനത്തിലാണ് ഇതു വെളിവായിരിക്കുന്നത്. ഒരു ഉൽക്ക ഭൂമിയിൽ ഇടിച്ചതിന്‌റെ പരിണതഫലമായിട്ടാണേ്രത ഈ ഗ്ലാസ് സൃഷ്ടിക്കപ്പെട്ടത്.

1996ൽ ഈ ഗ്ലാസിന്‌റെ പഴക്കം 2.9 കോടി വർഷമാണെന്ന് ശാസ്ത്രജ്ഞർ നിർണയിച്ചിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com