ADVERTISEMENT

2015 ലാണ് തിരുവനന്തപുരത്ത് ഓപ്പറേഷൻ അനന്തയുടെ പ്രവർത്തനങ്ങൾ ആരംഭിച്ചത്. തമ്പാനൂർ, കിഴക്കേോകോട്ട എന്നിവിടങ്ങളിലെ വെള്ളക്കെട്ട് ഒഴിവാക്കുക. എന്നതായിരുന്നു പ്രോജക്ട്. പദ്ധതിക്കുവേണ്ടി വിവിധ പ്രദേശങ്ങളിലെ മഴക്കാലങ്ങളിലെ നീരൊഴുക്കു വിന്യാസരീതികളെക്കുറിച്ചു സർവേ നടത്തി റിപ്പോർട്ടുകൾ തയാറാക്കി നൽകിയത് ഈ ലേഖകന്റെ നേതൃത്വത്തിലാണ്. പദ്ധതിയുടെ ഭാഗമായി നിരവധി പ്രവർത്തനങ്ങൾ പൂർത്തീകരിച്ചു. അതിന്റെ ഗുണവുമുണ്ട്. എന്നാൽ സമ്പൂർണ പ്രശ്നപരിഹാരങ്ങളെ തുടർപ്രവർത്തന സംവിധാനങ്ങളോ ഉണ്ടായില്ല. അതുകൂടി പൂർത്തീകരിച്ചാൽ സമഗ്രമായ പരിഹാരം കാണാൻ കഴിയും. പശുക്കളും എരുമകളും താമരക്കുളം, മാഞ്ഞാലിക്കുളം, പത്മതീർഥക്കുളം, പുത്തരിക്കണ്ടം വയൽ എന്നീ ജലസ്രോതസ്സുകളും എട്ടോളം കുന്നുകളും ഇല്ലാതായപ്പോഴാണ് വെള്ള പ്പൊക്കം രൂക്ഷമായത്. മാഞ്ഞാലിക്കുളത്തെ ഗ്രൗണ്ട് മനോഹരമായ കുളമായി മാറ്റാം. അവിടെ സ്പോർട്സ് ഒന്നും കാര്യമായി നടക്കുന്നില്ല.

എറണാകുളം പേരിൽത്തന്നെ കുളവുമായാണ് അറിയപ്പെടുന്നത്. കടൽ സാമീപ്യമുള്ള കൊച്ചി, കുളങ്ങളുടെയും കനാലുകളുടെയും നാടായിരുന്നു. അവയൊന്നും കണക്കിലാക്കാതെ റോഡുകളും കെട്ടിടങ്ങളും നിർമിച്ചിടത്തുനിന്ന് പ്രശ്നങ്ങൾ ആരംഭിച്ചു. അശാസ്ത്രീയമായ ഓടകളുടെയും കനാലുകളുടെയും നിർമാണവും മാലിന്യങ്ങളും കൂടിയായപ്പോൾ പെയ്ത്തുവെള്ളത്തിന്റെ സ്വാഭാവിക ഒഴുക്ക് നിലച്ചു. ചെറുമഴകളിൽ പോലും വലിയ വെള്ളക്കെട്ട് എന്ന സ്ഥിതിയുമായി. കാലാവസ്ഥാ മാറ്റത്തിന്റെ കാലത്ത് മഴയുടെ രീതികളും മാറുകയാണ്. കടലിന്റെ സാമീപ്യമുള്ളതിനാൽ വേലിയേറ്റങ്ങളും പ്രതിസന്ധികൾ സൃഷ്ടിക്കുന്നുണ്ട്.

trivandrum-heavy-rain

ഒരിടത്തു വീഴുന്ന മഴവെള്ളം നിശ്ചിത സമയം കൊണ്ട് സ്വാഭാവികമായോ കൃത്രിമമായോ ഒഴുകി മാറിയതിനുശേഷമേ മറ്റിടങ്ങളിലെ മഴവെള്ളം ഒഴുകിപ്പോകാൻ പാടുള്ളൂ. നിലവിൽ വെള്ളക്കെട്ടു പ്രദേശങ്ങളിൽ വീഴുന്ന മഴവെള്ളം ഒഴുകിപ്പോകുന്നുമില്ല, മറ്റിടങ്ങളിൽനിന്നു വെള്ളം അവിടേക്കുവരികയും ചെയ്യുന്നു. മഴയുടെ തീവ്രത, സമയം, നീരൊഴുക്കിന്റെ അളവ്, സമയം, പ്രദേശങ്ങൾ എന്നിവയൊക്കെ അനുസരിച്ചാണ് വെള്ളക്കെട്ട് ഉണ്ടാകുന്നത്. ഓരോ ഇടത്തും മഴവെള്ളം കേന്ദ്രീകരിക്കാനുള്ള സമയവും ദൂരവും വർധിപ്പിക്കേണ്ടതുണ്ട്. ഉപരിതല നീരൊഴുക്കിന്റെ വേഗം നിയന്ത്രിക്കേണ്ടതും പ്രധാനമാണ്. മഴവെള്ളത്തിന്റെ നീരൊഴുക്ക് നിശ്ചയിക്കുന്നതിൽ ഭുപ്രകൃതി, ഭൂമിയുടെ കിടപ്പ്, ചരിവ്, മണ്ണിന്റെ സ്വഭാവം, ഭൂവിനിയോഗ രീതികൾ, കെട്ടിടങ്ങൾ, റോഡുകൾ എന്നിവയും പരിഗണിക്കേണ്ട ഘടകങ്ങളാണ്. വീഴുന്നിടത്തു തന്നെ താഴട്ടെ എന്ന കാഴ്ചപ്പാടിൽ തൽ സ്ഥലജല പരിപാലനം ആണ് നടക്കേണ്ടത്. ഓരോ പ്രദേശത്തെയും മഴവെള്ളത്തെ ഒഴുക്കി മാറ്റുന്നതിൽ കാനകൾക്കും കനാലുകകൾക്കും വലിയ പങ്കാണുള്ളത്. ഇവയുടെ നീളം, വീതി, ആഴം, മാലിന്യമില്ലാത്ത സാഹചര്യം എന്നിവ അനുസരിച്ചാണ് ജല ഒഴുക്ക് സംഭവിക്കുന്നത്.

File Photo: Abhijith Ravi / Manorama
File Photo: Abhijith Ravi / Manorama

ഓടകളുടെ നിർമാണവും കേരളത്തിൽ അശാസ്ത്രീയമായാണ് നടക്കുന്നത്. ഓടകളിലും ചാലുകളിലും വീഴുന്ന മഴവെള്ളത്തെയാകെ ഒഴുക്കിവിടേണ്ട കാര്യമില്ല. നിശ്ചിത ഇടവേളകളിൽ ഗ്രില്ലറുകൾ, പിവിസി പൈപ്പുകൾ, പ്രത്യേക രീതികളിൽ ഉപയോഗിച്ചുള്ള ഗാലറികൾ എന്നിവയിലൂടെ ധാരാളം ജലത്തെ ഭൂജലമാക്കി മാറ്റാം. ഭൂജലത്തിൽ ഉണ്ടാകുന്ന കുറവ് വലിയൊരു പ്രശ്നമാണ്. അതിന് പരിഹാരം കാണുവാൻ പരമാവധി മഴവെള്ളത്തെ മണ്ണിൽ താഴ്ത്തണം. വെള്ളക്കെട്ട് ഒഴിവാക്കുവാനും ഭൂജലശേഷി കൂട്ടുവാനും കൊതുക് വളരുന്നത് ഒഴിവാക്കുവാനും പരിസ്ഥിതിയെ കൂടുതൽ സംരക്ഷിക്കുവാനും ഇതിലൂടെ കഴിയും.

 ഓവുചാൽ ഇല്ലാത്തതിനാൽ ചെറുപുഴ മേലെ ബസാർ- ചെക്ക്ഡാം റോഡിലൂടെ മഴവെള്ളം ഒഴുകുന്നു.
ഓവുചാൽ ഇല്ലാത്തതിനാൽ ചെറുപുഴ മേലെ ബസാർ- ചെക്ക്ഡാം റോഡിലൂടെ മഴവെള്ളം ഒഴുകുന്നു.

വീടുകളിലും സ്ഥാപനങ്ങളിലും മഴവെള്ള സംഭരണവും കൃത്രിമ ഭൂജല പരിപോഷണവും നടപ്പിലാക്കിയാൽ ജലക്ഷാമവും വെള്ളക്കെട്ടും ഒഴിവാക്കാനാകും. കിണറുകൾ, കുളങ്ങൾ എന്നിവയിലേക്ക് മഴവെള്ളമെത്തിക്കാം. ശാസ്ത്രീയമായ സസ്യവൽക്കരണം വീടുകളിൽ പ്രോത്സാഹിപ്പിക്കേണ്ടതാണ്. ഓടകളുടെ മുകൾവശം സിമന്റ് ചെയ്ത് സീൽ ചെയ്യുന്നത് ഒഴിവാക്കണം. ഗ്രില്ലറകൾ പോലുള്ള സംവിധാനം ഇടയ്ക്കിടെ ആകാവുന്നതാണ്. മാലിന്യ സംസ്കരണം യഥാസമയം നടക്കാതെ വരുമ്പോൾ അവയെല്ലാം കൂടുതലും  എത്തുന്നത് ഓടകളിലും കനാലുകളിലും മറ്റുചില സ്രോതസ്സുകളിലുമാണ്. ഇതിന്റെ ഫലമായി സ്വാഭാവിക നീരൊഴുക്ക് തടസ്സപ്പെടുകയും വെള്ളക്കെട്ടുകൾ രൂപപ്പെടുകയും ചെയ്യും.


വീടുവിട്ട് വീടുമാറി...മേപ്രാൽ പാലത്തിനടുത്ത് സ്വന്തം വീട്ടിൽ കഴുത്തൊപ്പം വെള്ളം പൊങ്ങിയതിനെത്തുടർന്ന് ചങ്ങനാശേരിയിൽ താൽക്കാലികമായി ക്രമീകരിച്ച വീട്ടിലേക്കു താമസം മാറ്റാനായി വള്ളത്തിൽ പോകുന്ന കുടുംബങ്ങൾ. എസി റോഡിലെ കാഴ്ച. ചിത്രം: മനോരമ
വീടുവിട്ട് വീടുമാറി...മേപ്രാൽ പാലത്തിനടുത്ത് സ്വന്തം വീട്ടിൽ കഴുത്തൊപ്പം വെള്ളം പൊങ്ങിയതിനെത്തുടർന്ന് ചങ്ങനാശേരിയിൽ താൽക്കാലികമായി ക്രമീകരിച്ച വീട്ടിലേക്കു താമസം മാറ്റാനായി വള്ളത്തിൽ പോകുന്ന കുടുംബങ്ങൾ. എസി റോഡിലെ കാഴ്ച. ചിത്രം: മനോരമ

സ്വാഭാവിക നീർച്ചാലുകളുടെ ഗതി മാറ്റി നിർമിച്ചിട്ടുള്ള കെട്ടിടങ്ങളും റോഡുകളും കണ്ടെത്തി പരിഹാരം കാണണം. അതിനു രാഷ്ട്രീയവും നിയമപരവുമായ ഇച്ഛാശക്തി കൂടി വേണം. ദുരന്തനിവാരണ നിയമമനുസരിച്ച് പൊതു താൽപര്യാർഥം പല നിർമിതികളും മാറ്റിയ മുന്നനുഭവങ്ങളുണ്ട്. നഗരങ്ങളിലെ വെള്ളക്കെട്ട് ഒഴിവാക്കുവാൻ ചില നിർമിതികൾ പുനഃക്രമീകരിക്കേണ്ടിവരും.

വെള്ളക്കെട്ട് ഒഴിവാക്കേണ്ട പ്രദേശങ്ങളുടെ സ്വാഭാവിക നീരൊഴുക്ക് വിന്യാസ വ്യവസ്ഥ മനസ്സിലാക്കി വെള്ളക്കെട്ട് ഭൂപടങ്ങളും രേഖകളും തയാറാക്കണം. പഴയ രേഖകളും ഭൂപടങ്ങളും കൂടി പരിഗണിച്ച് പുതിയ വഴികൾ സജ്ജമാക്കണം. വെള്ളക്കെട്ട് ബാധിത പ്രദേശങ്ങൾ മനസ്സിലാക്കുവാൻ മഴയെത്തുൾപ്പെടെ തിരുവനന്തപുരത്ത് സർവേ നടത്തിയിരുന്നു. പലയിടങ്ങളിലും ആ രീതി വേണ്ടിവരുന്ന സാഹചര്യങ്ങളും ഉണ്ടാകാം. നിലവിൽ പലപ്പോഴും കനാൽ നിർമാണം, ഓട വൃത്തിയാക്കൽ എന്നിവ മാത്രമാണ് നടക്കുന്നത്. അവ മാത്രം കൊണ്ട് സമ്പൂർണ്ണ പരിഹാരം സാധ്യമാവുകയില്ല. ഓരോ പ്രദേശത്തും വ്യത്യസ്ത മാർഗങ്ങൾ അവലംബിക്കേണ്ടിവരും. മാലിന്യം കൈകാര്യം ചെയ്യുന്നതിൽ ജനങ്ങളുടെ സഹകരണവും മനോഭാവവും പ്രധാന ഘടകങ്ങളാണ്. കേരളത്തിൽ ജലസ്രോതസ്സുകൾ പലപ്പോഴും മാലിന്യ വാഹിനികളാകും. അതിനുകൂടി മാറ്റമുണ്ടാകണം. ജൈവ രീതികളിലൂടെ കനാലുകളുടെയും ചാനലുകളുടെയും സംരക്ഷണവും പ്രധാനമാണ്.

മഴയിലും വൈത്യുത തൂണിൽ കയറി ജോലി ചെയ്യുന്ന കെഎസ്ഇബി ജീവനക്കാർ. തൃശൂരിൽ നിന്നുള്ള കാഴ്ച ∙ ഫയൽ ചിത്രം  മനോരമ
മഴയിലും വൈത്യുത തൂണിൽ കയറി ജോലി ചെയ്യുന്ന കെഎസ്ഇബി ജീവനക്കാർ. തൃശൂരിൽ നിന്നുള്ള കാഴ്ച ∙ ഫയൽ ചിത്രം മനോരമ

സമഗ്രവും ശാസ്ത്രീയവുമായി വെള്ളക്കെട്ട് ഒഴിവാക്കാൻ മാസ്റ്റർ പ്ലാൻ ആവശ്യമാണ്. ഭൗതിക ഘടകങ്ങൾ, മാനുഷിക ഇടപെടലുകൾ, മഴയുടെ ലഭ്യത എന്നിവയെല്ലാം കണക്കിലെടുക്കണം. തികച്ചും വികേന്ദ്രീകൃതമായ മണ്ണ്, ജല സംരക്ഷണ പരിപാടികൾ ആവശ്യമാണ്. നഗരങ്ങളിൽ മഴവെള്ള സംഭരണത്തിന് വലിയ സാധ്യതകളാണുള്ളത്. മഴക്കാലങ്ങളിലുൾപ്പെടെ നഗരങ്ങളിൽ ടാങ്കറുകളിൽ കുടിവെള്ളം എത്തിക്കുന്ന സ്ഥിതിയാണ് നിലവിലുള്ളത്. മഴയുടെ നാടായ കേരളത്തിൽ ജലക്ഷാമം പരിഹരിക്കുവാനും വെള്ളക്കെട്ട് ഒഴിവാക്കുവാനും ഒരേസമയം കഴിയുന്ന സാങ്കേതിക രീതികൾ മുന്നിലുണ്ട്. വീടുകളുടെ മുറ്റങ്ങൾ മൊത്തമായി സിമന്റ് ഇടുന്ന രീതി ഒഴിവാക്കി ഒരു മീറ്റർ വിസ്തൃതിയിൽ ഒരുവശത്തായി ഗ്രില്ലറകളുണ്ടാക്കാം. വെള്ളക്കെട്ട് ഒഴിവാക്കുന്ന ഈ രീതി തിരുവനന്തപുരത്ത് പലയിടത്തും സജ്ജമാക്കാൻ ലേഖകന്റെ നേതൃത്വത്തിൽ കഴിഞ്ഞിട്ടുണ്ട്. വെള്ളക്കെട്ട് മേഖലകളിൽ ഗ്രില്ലറകൾ വ്യാപകമാക്കാം.

KeralaFlood
ഫയൽചിത്രം ∙ മനോരമ

കേരളത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, ജില്ലാ ഭരണകൂടങ്ങൾ എന്നിവയുടെ കൂട്ടായ പ്രവർത്തനങ്ങൾ ആവശ്യമാണ്. ദുരന്തനിവാരണ നിയമമനുസരിച്ചുള്ള ഉത്തരവുകളും വേണം. സമഗ്രമായ സർവേ ബഹുജന പങ്കാളിത്തത്തോടെ തന്നെ നടത്തണം. കൃത്യമായ ബോധവൽക്കരണം ആവശ്യമാണ്. ഓരോ പ്രദേശത്തും വസിക്കുന്നവർക്കു തന്നെ കുറെ കാര്യങ്ങൾ ചെയ്യുവാൻ കഴിയും. അവർക്ക് കൂടി പ്രയോജനപ്പെടുന്നുവെന്ന് ബോധ്യപ്പെടുത്തിയാൽ ബഹുജന സഹകരണവും എളുപ്പമാക്കാം. കനാലുകളുടെ നവീകരണം, ആവശ്യമെങ്കിൽ പുതിയവയുടെ നിർമാണം എന്നിവയും പ്രധാനമാണ്.

വെള്ളക്കെട്ട് ഒഴിവാക്കുവാനുള്ള സാങ്കേതിക മാർഗങ്ങൾ മുന്നിലുണ്ട്. അവയെപ്പറ്റി റസിഡൻസ് അസോസിയേഷനുകൾ, മറ്റു സംഘടനകൾ എന്നിവർക്ക് പരിശീലനം നൽകണം. ജല സംരക്ഷണവും മാലിന്യ സംസ്കരണവും കൂട്ടിയോജിപ്പിക്കേണ്ടതുണ്ട്. ജൈവമാലിന്യം പ്രയോജനപ്പെടുത്തുന്നതിൽ കൃഷിക്കും വലിയ പങ്കുണ്ട്. ഒരു സംയോജിത മാസ്റ്റർപ്ലാനിൽ വിവിധ പ്രശ്നങ്ങൾക്ക് പരിഹാരം തേടാവുന്നതാണ്.

എറണാകുളത്തെ വെള്ളപ്പൊക്കത്തിലൂടെ വാഹനമോടിക്കുന്ന വ്യക്തി. ഫയൽ ചിത്രം: മനോരമ
എറണാകുളത്തെ വെള്ളപ്പൊക്കത്തിലൂടെ വാഹനമോടിക്കുന്ന വ്യക്തി. ഫയൽ ചിത്രം: മനോരമ

വെള്ളക്കെട്ട് സ്ഥിരമായി പരിഹരിക്കാൻ വിവിധ വകുപ്പുകളുടെ സഹകരണം ആവശ്യമാണ്. ഓരോ വകുപ്പും വ്യത്യസ്ത നിർദ്ദേശങ്ങൾ മുന്നോട്ടു വച്ച് അവ നടപ്പിലാക്കുന്ന രീതി മാറണം. ആര് എന്തു ചെയ്താലും മുൻകൂട്ടി തയാറാക്കിയ മാസ്റ്റർ രേഖയുടെയും ഭൂപടത്തിന്റെയും അടിസ്ഥാനത്തിലാകണം. വിവിധഘട്ടങ്ങളിൽ ആവശ്യമായ ബഹുജന പങ്കാളിത്തവും ഉറപ്പാക്കണം. കൃത്യമായ ഒരു മിഷനിലൂടെ  സമയബന്ധിതമായി പരിപാടികൾ നടപ്പിലാക്കണം. തുടർ പ്രവർത്തനങ്ങൾക്കാവശ്യമായ സംഘടനാ സംവിധാനവും ആവശ്യമാണ്. എന്തായാലും മാർഗങ്ങളും സാങ്കേതിക വിദ്യകളും മുന്നിലുണ്ട്. വേണ്ടത് മനസ്സ് മാത്രം. പിന്നെ കുറെ കർമപരിപാടികളും.

English Summary:

Operation Ananta: The Revolution Against Waterlogging in Thiruvananthapuram

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com