150 വർഷത്തിന് ശേഷം വെല്ലിങ്ടണിൽ കിവികുഞ്ഞുങ്ങൾ ജനിച്ചു; ദേശീയപക്ഷിയെ സംരക്ഷിക്കാൻ പദ്ധതികൾ
Mail This Article
കിവികൾ എന്ന് വിളിപ്പേര് ലോകപ്രശസ്തമാണ്. ന്യൂസീലൻഡിനേയും, അവിടുത്തെ ജനങ്ങളെ വിവിധ മേഖലകളിലും പ്രതിനിധീകരിക്കാൻ പോലും ഈ പേര് ഉപയോഗിക്കാറുണ്ട്. ക്രിക്കറ്റ്, റഗ്ബി പ്രേമികൾക്കെല്ലാം കിവികൾ എന്നാൽ ന്യൂസിലന്റിന്റെ ദേശീയ ടീമുകളെ ആണ് ഓർമ്മ വരുന്നത് പോലും. ന്യൂസിലാന്റിൽ മാത്രം കാണപ്പെടുന്ന പറക്കാൻ കഴിവില്ലാത്ത പക്ഷികളാണ് കിവികൾ. ന്യൂസീലൻഡിന്റെ ദേശീയ പക്ഷി കൂടിയായ ഇവ ഇപ്പോൾ ഒന്നര നൂറ്റാണ്ടിനെ ശേഷം ഒരു നിർണായക നേട്ടം കൈവരിച്ചിരിക്കുകയാണ്.
ന്യൂസീലൻഡിന്റെ തലസ്ഥാനമായ വെല്ലിങ്ടണിൽ 150 വർഷത്തിന് ശേഷം കിവി കുഞ്ഞുങ്ങൾ വിരിഞ്ഞിരിക്കുന്നു എന്നതാണ് ഈ നേട്ടം. കിവി പ്രൊജക്ട് എന്ന പേരിൽ വെല്ലിംഗ്ടൺ ആസ്ഥാനമായി ഒരു പറ്റെ ഗവേഷകരും മൃഗസ്നേഹികളും ആരംഭിച്ച പദ്ധതിയിലൂടെയാണ് ഈ നേട്ടം സാദ്ധ്യമായിരിക്കുന്നത്. കിവികളിലെ തന്നെ ഏറ്റവുമധികം വംശനാശഭീഷണിയുള്ള ബ്രൗൺ കിവി അഥവാ തവിട്ട് നിറത്തിലുള്ള കിവിയുടെ കുഞ്ഞുങ്ങളാണ് വെല്ലിങ്ടണിലെ വനപ്രദേശത്ത് വിരിഞ്ഞത്.
ന്യൂസീലൻഡിലെ കിവികൾ
അഞ്ച് വിഭാഗത്തിലുള്ള കിവി പക്ഷികളാണ് ന്യൂസീലൻഡിൽ ഉള്ളത്. നോർത്ത് ഐലന്റ് ബ്രൗൺ കിവി, ടൊക്കോയിക്കാ, റോവി, ഗ്രേറ്റ് സ്പോട്ടട് കിവി, സ്പോട്ടട് കിവി അഥവാ പുകുപുകു എന്നിവയാണ് ഈ അഞ്ച് വിഭാഗത്തിലുള്ള കിവി പക്ഷികൾ. ഇതിൽ ബ്രൗൺ കിവികളിൽ പെട്ട കുഞ്ഞുങ്ങളെയാണ് വെല്ലിങ്ടണിൽ ഇപ്പോൾ വനമേഖലയിൽ കണ്ടെത്തിയിരിക്കുന്നത്. ഏതാണ്ട് 24,500 ബ്രൗൺ കിവികൾ മാത്രമാണ് ഇന്ന് ന്യൂസീലൻഡിലെ വനമേഖലയിൽ അവശേഷിക്കുന്നത്.
പ്രഡേറ്റർ അഥവാ വേട്ടക്കാരായ മൃഗങ്ങൾ ഇല്ലാത്ത മേഖലയാണ് ന്യൂസീലൻഡ്. മറ്റ് മേഖലകളിൽ കാണപ്പെടുന്ന ചെന്നായ , കുറുക്കൻ തുടങ്ങിയ ജീവികൾ പോലും ന്യൂസീലൻഡിൽ ഇല്ല. അതുകൊണ്ട് തന്നെയാണ് കിവികൾ വേട്ടക്കാരെ ഭയപ്പെടാതെ സ്വതന്ത്രമായി ഈ ദ്വീപിൽ ജീവിച്ചിരുന്നതും. ക്രമേണ പറക്കുന്നതിന്റെ ആവശ്യകത നഷ്ടപ്പെട്ടതോടെ ഇവയുടെ പറക്കാനുള്ള ശേഷിയും പരിണാമത്തിലൂടെ ഇല്ലാതാവുകയും ചെയ്തു.
അധിനിവേശ ജീവികൾ
എന്നാൽ യൂറോപ്പിൽ നിന്നും മറ്റുമുള്ള മനുഷ്യരുടെ കടന്ന് വരവോടെ സ്ഥിതി മാറി. പോസം, സ്റ്റൗട്ട്, ഫെരറ്റ് തുടങ്ങി യൂറോപ്യൻ മേഖലയിൽ നിന്നുള്ള ചെറുവലിപ്പമുള്ള ജീവികൾ ന്യൂസീലൻഡിലേക്ക് എത്തി. കാഴ്ചയിൽ വലിയ അണ്ണാനെ പോലെയും, വെരുകിനെ പോലെയും ഒക്കെ ഇരിക്കുമെങ്കിലും ഇവ കിവികളെ വേട്ടയാടുന്നതിൽ വൈദഗ്ദ്ധ്യം നേടി. കിവികളാകട്ടെ വേട്ടക്കാരില്ലാത്ത മേഖലയിൽ വളർന്നത് കൊണ്ട് മറ്റ് ജീവികളെ കണ്ടാൽ ഭയക്കുകയോ, രക്ഷപ്പെടാൻ ശ്രമിക്കുകയോ ചെയ്യില്ല. ന്യൂസീലൻഡിൽ മലകയറ്റക്കാരെയും മറ്റും കണ്ടാൽ ഭയന്ന് പോകാതെ അടുത്ത് വന്ന് പരിശോധിക്കുന്ന കിവി പക്ഷികൾ ഇതിന് ഉദാഹരണമാണ്.
വളർത്ത് മൃഗങ്ങളായി മനുഷ്യർ തന്നെ കൊണ്ടുവന്ന ജീവികളാണ് പിന്നീട് പ്രാദേശികമായി പെറ്റു പെരുകുകയും, ഭീഷണിയായി മറ്റ് വലിയ മൃഗങ്ങൾ ഇല്ലാത്ത സാഹചര്യത്തിൽ വ്യാപിക്കുകയും ചെയ്തത്. ഇപ്പോൾ ഇത്തരം മൃഗങ്ങളുടെ ആക്രമണത്തിൽ ആഴ്ചയിൽ ഇരുപത് കിവികൾ എങ്കിലും ന്യൂസീലൻഡിൽ കൊല്ലപ്പെടുന്നുണ്ടെന്നാണ് കണക്ക്. കിവികളുടെ മുട്ട ഈ ജീവികൾ തിന്നുന്നതിലൂടെ ജനിക്കുന്ന കുട്ടികളിലുണ്ടാകുന്ന കുറവ് ഇതിന് പുറമെയാണ്.
വംശനാശ ഭീഷണി നേരിടുന്ന കിവികൾ
ഇത്തരം ജീവികളിൽ നിന്നുള്ള വേട്ട വ്യാപകമായതോടെയാണ് കിവികൾ വംശനാശ ഭീഷണി നേരിട്ടത്. ഇന്ന് ന്യൂസീലൻഡിലെ വിവിധ മേഖലകളിൽ കിവികളെ സംരക്ഷിക്കാനുള്ള പദ്ധതികൾ പ്രദേശവാസികൾ തന്നെ ആരംഭിച്ചിട്ടുണ്ട്. ഇവിയലൊന്നാണ് വെല്ലിങ്ടണിലുള്ള ക്യാപിറ്റൽ കിവി പ്രൊജക്റ്റ്. ഇപ്പോൾ ഇരുപത് പുതിയ കിവി കുഞ്ഞുങ്ങളെയാണ് വെല്ലിങ്ടണിലെ വനമേഖലയിൽ കണ്ടെത്തിയിരിക്കുന്നത്. ഇവയുടെ സംരക്ഷണം ഉറപ്പാക്കാനുള്ള നടപടികൾ നടന്ന് വരികയാണെന്ന് ക്യാപിറ്റൽ കിവി പ്രൊജക്ട് പറയുന്നു.
ഒരു സവിശേഷമായ ആവാസവ്യവസ്ഥയിലേക്ക് അധിനിവേശ ജീവികൾ കടന്ന് വരുമ്പോൾ അത് ആ മേഖലയിലെ ജീവികളെ എങ്ങനെ പ്രതികൂലമായി ബാധിക്കുന്നു എന്നതിന് ഉദാഹരണമാണ് ന്യൂസീലൻഡിലെ കിവികളുടെ കാര്യം. ലോകത്തിന്റെ പലയിടങ്ങളിലും സമാനമായ അവസ്ഥയിൽ പല ജീവികൾക്കും വംശനാശം പോലും സംഭവിച്ചിട്ടുണ്ട്. ഇതിൽ ഏറ്റവുമധികം ചൂണ്ടിക്കാട്ടുന്ന ഉദാഹരണമാണ് മഡഗാസ്കറിലെ ഡോഡോ, എലഫന്റ് ബേർഡ് തുടങ്ങിയവ.