ADVERTISEMENT

ഇന്ന് ദേശീയ കുതിരദിനമാണ്. കുതിരയെന്നാൽ വെറുമൊരു മൃഗമല്ല, മനുഷ്യവംശത്തെ അതിന്റെ യാത്രയിൽ ഒരുപാട് സഹായിച്ച ഒരു കൂട്ടുകാരനാണ്. യാത്രകളിലും ചരക്കുനീക്കത്തിലും യുദ്ധങ്ങളിലുമൊക്കെ കുതിരകൾ ശ്രദ്ധേയമായ സംഭാവനകൾ നൽകി. ലോകത്തിലെ ഏറ്റവും ഉയരമുള്ള കുതിരയെ അറിയുമോ.  ബിഗ് ജെയ്ക് എന്നായിരുന്നു ഈ കുതിരയുടെ പേര്. 2021ൽ വിസ്‌കോൻസിനിലെ ഫാമിൽ ഇതു മരിച്ചു.ജെറി ഗിൽബർട്, വലീഷ്യ ഗിൽബർട് എന്നിവരുടെ ഉടമസ്ഥതയിലുള്ള കുതിരയുടെ ഉയരം ആറടി പത്തിഞ്ചായിരുന്നു. ഏകദേശം 210 സെന്‌റിമീറ്റർ. സാധാരണ കുതിരകളുടെ ശരാശരി ഉയരം 140 മുതൽ 160 സെന്‌റിമീറ്റർ വരെയുള്ളപ്പോഴാണിത്. വിസ്‌കോൻസിനിലെ പോയ്‌നെറ്റിലുള്ള 85 ഏക്കർ കുതിരലായത്തിലാണ് ബിഗ് ജെയ്ക് കഴിഞ്ഞിരുന്നത്.

ബിഗ് ജെയ്ക് (Photo: X/@zaibatsu, @Qadrisyedrizwan)
ബിഗ് ജെയ്ക് (Photo: X/@zaibatsu, @Qadrisyedrizwan)

1133 കിലോ ഭാരമുണ്ടായിരുന്ന ബിഗ്‌ജെയ്ക് കുതിരകളുടെ ലോകത്തിലെ സൂപ്പർസ്റ്റാറായിരുന്നു. 2010ലാണ് ലോകത്തിലെ ഏറ്റവും ഉയരമുള്ള കുതിരയെന്ന ബഹുമതി ഗിന്നസ് വേൾഡ് റെക്കോർഡ്‌സ് ഈ കുതിരയ്ക്കു നൽകിയത്. 20 വയസ്സായിരുന്നു ബിഗ് ജെയ്ക് മരിച്ചപ്പോഴുണ്ടായിരുന്നത്.

ബെൽജിയൻ ബ്രീഡായ ബിഗ് ജെയ്ക്കിനു ചെമ്പൻ നിറമായിരുന്നു.സ്വർണനിറമുള്ള മുടിയും അവനുണ്ടായിരുന്നു. 2001ൽ യുഎസ് സംസ്ഥാനമായ നെബ്രാസ്‌കയിലാണ് ഈ കുതിരവീരൻ ജനിച്ചത്. ജനിച്ചപ്പോൾ തന്നെ 110 കിലോ ഭാരമുള്ള കുതിര എല്ലാവരെയും അദ്ഭുതപ്പെടുത്തി. സാധാരണ ഗതിയിൽ ബെൽജിയൻ ബ്രീഡിൽ പിറക്കുന്ന കുതിരക്കുട്ടികൾക്ക് 75 കിലോ വരെയൊക്കെയേ ശരാശരി ഭാരം ഉണ്ടാകാറുള്ളൂ.എന്നാൽ ബിഗ് ജെയ്ക്കിന്റെ അച്ഛനമ്മമാർക്ക് സാധാരണ ഉയരവും വലുപ്പവും മാത്രമാണുണ്ടായിരുന്നത്.

കുട്ടിയായിരിക്കുമ്പോൾ തന്നെ ഈ കുതിരയെ ജെറി ഗിൽബർട് വാങ്ങി. എന്നാൽ അതിശയിപ്പിക്കുന്ന തരത്തിലുള്ള അവന്റെ വളർച്ച കണ്ടതോടെ ഇതൊരു സാധാരണ കുതിരയായിരിക്കില്ലെന്ന് ജെറിക്കു മനസ്സിലായി. തന്‌റെ കുതിരലായത്തിൽ വലുപ്പമേറിയ ഒരു സ്റ്റാൾ ജെറി ബിഗ് ജെയ്ക്കിനായി ഒരുക്കി. വളർന്നു കഴിഞ്ഞപ്പോൾ മൂന്നു ബക്കറ്റ് ധാന്യവും വലിയ അളവിൽ വൈക്കോലും അവൻ കഴിക്കുമായിരുന്നു.

താമസിയാതെ ബിഗ് ജെയ്ക്ക് അശ്വപ്രദർശന മൽസരങ്ങളിലൊക്കെ പങ്കെടുത്തു തുടങ്ങി. ധാരാളം അംഗീകാരങ്ങളും സമ്മാനങ്ങളും അവനെ തേടിയെത്തി.വിസ്‌കോൻസിൻ സംസ്ഥാനമേളയിലും ഈ വമ്പൻ കുതിര ഒരു സ്ഥിരം സാന്നിധ്യമായിരുന്നു. ബിഗ് ജെയ്ക്കിനെ ഒരുനോക്കു കാണാനായി മാത്രം കുതിരപ്രേമികൾ മേളയ്‌ക്കെത്തിയിരുന്നു. ഇതോടൊപ്പം തന്നെ ചാരിറ്റി പ്രവർത്തനങ്ങൾക്കു പണം സ്വരൂപിക്കാനുള്ള പ്രദർശനമത്സരങ്ങളിലും കുതിര പങ്കെടുത്തിരുന്നു. ആരാധകർക്ക് ഫാമിലെത്തി ബിഗ് ജെയ്ക്കിനെ സന്ദർശിക്കാനുള്ള അവസരവും ടൂറുകളുടെ രൂപത്തിൽ ഉടമ ജെറി നടപ്പിലാക്കിയിരുന്നു.

(Photo: X / @1PMChat1 )
(Photo: X / @1PMChat1 )

അതിശയിപ്പിക്കുന്ന കരുത്തും ഉയരവും ഉണ്ടായിരുന്നെങ്കിലും വളരെ നല്ല സ്വഭാവമായിരുന്നു ജെയ്ക്കിനെന്ന് അവനെ സന്ദർശിച്ചവർ പറയുന്നു. വമ്പൻ ശരീരമുള്ള മാന്യനായ കുതിര എന്നായിരുന്നു അവന്‌റെ വിശേഷണം തന്നെ. കുട്ടികൾക്ക് ബിഗ് ജെയ്ക്കിനോട് വലിയ ഇഷ്ടമുള്ളതിനാൽ അവർ എത്തി കുതിരയെ തൊട്ടും പിടിച്ചുമൊക്കെ നിൽക്കും. ഒരിക്കലും അവരോട് അതിക്രമം കാട്ടുകയോ മറ്റെന്തെങ്കിലും കൃസൃതിത്തരങ്ങൾ കാട്ടുകയോ ബിഗ് ജെയ്ക് ചെയ്തിരുന്നില്ല. അസാമാന്യ വലുപ്പം കാരണം ട്രെയിലറുകളിലായിരുന്നു കുതിരയെ ഒരുസ്ഥലത്തു നിന്നു മറ്റൊരു സ്ഥലത്ത് എത്തിച്ചിരുന്നത്.

ലോകത്തിൽ ഇതുവരെ ജീവിച്ചിരുന്നവയിൽ ഉയരം രേഖപ്പെടുത്തപ്പെട്ട കുതിരകളിൽ രണ്ടാം സ്ഥാനമാണു ബിഗ് ജെയ്ക്കിന്. ഒന്നാം സ്ഥാനം പത്തൊൻപതാം നൂറ്റാണ്ടിൽ ഇംഗ്ലണ്ടിലെ ബെഡ്‌ഫോഡ്ഷയറിൽ ജീവിച്ചിരുന്ന സാംസൺ എന്ന കുതിരയ്ക്കാണ്. 219 സെന്‌റിമീറ്റർ ഉയരമുണ്ടായിരുന്ന സാംസണിന്‌റെ ഭാരം 1514 കിലോയായിരുന്നു.

ലോകത്തിലെ ഏറ്റവും ഉയരം കുറഞ്ഞ തംബലീന എന്ന പെൺകുതിരയ്ക്കൊപ്പം ബിഗ് ജെയ്ക് (Photo: X/ @Moloko_b)
ലോകത്തിലെ ഏറ്റവും ഉയരം കുറഞ്ഞ തംബലീന എന്ന പെൺകുതിരയ്ക്കൊപ്പം ബിഗ് ജെയ്ക് (Photo: X/ @Moloko_b)

ലോകത്തിലെ ഏറ്റവും ഉയരമുള്ള കുതിരയുടെ കഥ കേട്ടല്ലോ? ഇനി ലോകത്തിലെ ഏറ്റവും ചെറിയ കുതിര ഏതാണെന്നറിയുമോ. അതും അമേരിക്കയിലാണ്. മിസോറിയിലുള്ള തംബലീന എന്ന പെൺകുതിര. വെറും 44.5 സെന്‌റിമീറ്റർ മാത്രമാണ് ഇവളുടെ ഉയരം.

English Summary:

Remembering Big Jake: Honoring National Horse Day with the Tale of the World's Tallest Horse

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com