സിഗററ്റ് വലിക്ക് പരിസ്ഥിതിയും വലിയ വില കൊടുക്കേണ്ടി വരും! ഏകദേശം 2600 കോടി യുഎസ് ഡോളർ
Mail This Article
സിഗററ്റ് ഉപയോഗിക്കുന്ന ആളുകളിലും രണ്ടാമതായി ശ്വസിക്കുന്ന ആളുകളിലും ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്ന് നിസ്തർക്കമായ കാര്യമാണ്. ശ്വാസകോശാർബുദം, സിഒപിഡി, മറ്റ് ശ്വാസകോശ രോഗങ്ങൾ എന്നിവയുമായി ബന്ധപ്പെട്ടെല്ലാം സിഗററ്റ് വലിയുടെ ദൂഷ്യവശങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. പാരിസ്ഥിതികമായും നിരവധി പ്രശ്‌നങ്ങൾ സിഗററ്റ് വലിയുമായി ബന്ധപ്പെട്ടുണ്ട്. ഇപ്പോഴിതാ സിഗററ്റ് വലി പരിസ്ഥിതിയിലുണ്ടാക്കുന്ന നാശനഷ്ടങ്ങൾ തുക രൂപത്തിൽ അവതരിപ്പിച്ചിരിക്കുകയാണ് ശാസ്ത്രജ്ഞർ.
സിഗററ്റിന്റെ കുറ്റികളുമായി ബന്ധപ്പെട്ടാണ് ഈ പരിസ്ഥിതി മലിനീകരണം. സിഗററ്റിന്റെ കുറ്റികൾ ഉപയോഗശേഷം പലരും പരിസ്ഥിതിയിലേക്കു വലിച്ചെറിയുകയാണ് ചെയ്യുക. എന്നാൽ ഇവ പൂർണമായും ജൈവികമായി വിഘടിച്ച് നശിക്കില്ല. ഇവ പരിസ്ഥിതിയിലേക്കു ഹാനികരമായ വിവിധ രാസവസ്തുക്കൾ പുറന്തള്ളുമെന്ന് ശാസ്ത്രജ്ഞർ പറയുന്നു. ഈ രാസവസ്തുക്കളുടെ പരിസ്ഥിതി ആഘാതമാണ് ശാസ്ത്രജ്ഞർ കണ്ടെത്തിയിരിക്കുന്നത്.
തയ്‌ലൻഡിലെ ഗ്ലോബൽ സെന്‌റർ ഫോർ ഗുഡ് ഗവേണൻസ് ഇൻ ടൊബാക്കോ കൺട്രോളിലെ ഗവേഷകയായ ഡെബോറ സൈയാണ് പഠനത്തിനു നേതൃത്വം വഹിച്ചത്. എല്ലാവർഷവും സിഗററ്റ് കുറ്റികളും പാക്കേജിങ്ങും 2600 കോടി യുഎസ് ഡോളർ വരുന്ന പാരിസ്ഥിക ആഘാതത്തിന് ഇടവരുത്തുന്നുണ്ടെന്ന് ഡെബോറ പറയുന്നു. എന്നാൽ ഈ ചെലവ് പലപ്പോഴും കാണാതെ പോകുകയാണ്. ശ്രദ്ധിച്ചാൽ ഇതു കുറയ്ക്കാമെന്നും ഡെബോറ പറയുന്നു.
ആഗോളതലത്തിലാണു പഠനം. സിഗററ്റ് വിൽപന, ശുചീകരണച്ചെലവ്, കരയിലെയും കടലിലെയും പ്ലാസ്റ്റിക് അവശിഷ്ടങ്ങൾ എന്നിവ സംബന്ധിച്ചു പൊതുവായി ലഭ്യമായ വിവരങ്ങൾ വേൾഡ് ബാങ്ക്, വേൾഡ് വൈൽഡ്‌ലൈഫ് ഫണ്ട്, ഓർഗനൈസേഷൻ ഫോർ ഇക്കണോമിക് കോഓപ്പറേഷൻ ആൻഡ് ഡവലപ്‌മെന്‌റ്, ടൊബാക്കോ അറ്റ്‌ലസ് തുടങ്ങിയവയിൽ നിന്നു ശേഖരിച്ചാണു പഠനം നടത്തിയത്.
ഓരോ പ്ലാസ്റ്റിക് ഫില്ലറും 3.4 ഗ്രാം വരെ തൂക്കമുള്ളതാണ്. പ്ലാസ്റ്റിക് പാക്കേജിങ്ങുമുണ്ട്. 2600 കോടി ഡോളറിൽ ഏകദേശം 2070 കോടി ഡോളറും സമുദ്രപരിസ്ഥിതിയുമായി ബന്ധപ്പെട്ടുള്ളതാണ്. ചൈന, ഇന്തൊനീഷ്യ, ജപ്പാൻ, ബംഗ്ലദേശ് എന്നീ രാജ്യങ്ങളിൽ നിന്നാണ് ഏറ്റവും കൂടുതൽ സിഗററ്റ് മാലിന്യം വരുന്നതെന്നും ഡെബോറയും സംഘവും കണക്കാക്കി.